പൈപ്പ് പൊട്ടി റോഡില്‍ ജലധാര രൂപപ്പെട്ട ദൃശ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ളതല്ല, സത്യമറിയൂ...
പൈപ്പ് ലൈനുകൾ പൊട്ടി റോഡ് മുഴുവൻ വെള്ളം നിറയുന്ന കാഴ്ചകൾ കേരളത്തിൽ ഒറ്റപ്പെട്ടതല്ല. പൊതുമരാമത്ത് വകുപ്പ് റോഡ് നിർമ്മിച്ച ശേഷം ഉടൻതന്നെ വാട്ടർ അതോറിറ്റി പൈപ്പ് സ്ഥാപിക്കാനായി അതേ റോഡ് വെട്ടിപൊളിക്കുന്ന വാർത്തകൾ പലപ്പോഴും മാധ്യമങ്ങളുടെ പ്രാദേശിക പേജുകളിൽ എന്നുമുണ്ടാകും. പൈപ്പ് പൊട്ടി വെള്ളം മനോഹരമായ ഒരു ജലധാര പോലെ മുകളിലേക്കുയരുന്ന ഒരു വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളും പ്രചരിക്കുന്നുണ്ട്
പ്രചരണം
ഗതാഗതം നടക്കുന്ന റോഡില്‍ പൈപ്പ് പൊട്ടി ജലധാര പോലെ വെള്ളം മുകളിലേക്കുയരുന്ന കാഴ്ചയാണ് വീഡിയോയിൽ ഉള്ളത്. വാഹന യാത്രക്കാർ സമീപത്തു കൂടെ പോകുന്നതും നമുക്ക് കാണാം ഇത് കേരളത്തിൽ നിന്നുള്ള കാഴ്ചയാണ് എന്ന് പരിഹാസരൂപേണ അവകാശപ്പെട്ട് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കേരളത്തിൽ വ്യാപകമായി നടപ്പിലാക്കാൻ പോകുന്ന
കെ -ഫൗണ്ടൻ 🤣🤣 റിവർ and ഫൗണ്ടൻ ഇവറി വേർ...😂😂😂”
എന്നാൽ ഞങ്ങളുടെ അന്വേഷണത്തിൽ ഇത് കേരളത്തിൽ നിന്നുള്ള വീഡിയോ അല്ലെന്ന് വ്യക്തമായി
വസ്തുത ഇതാണ്
വീഡിയോ കേരളവുമായി ബന്ധപ്പെടുത്തിയാണ് പ്രചരിപ്പിക്കുന്നതെങ്കിലും എവിടെ നിന്നുള്ളതാണെന്ന് പോസ്റ്റില്‍ വ്യക്തമാക്കുന്നില്ല. ഞങ്ങൾ വീഡിയോയുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഇത് കന്യാകുമാരി ജില്ലയിൽ നിന്നുള്ളതാണ് എന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചു.
തമിഴ് മാധ്യമമായ നക്കീരൻ സംഭവത്തെക്കുറിച്ച് വാർത്ത റിപ്പോർട്ട് നൽകിയിട്ടുണ്ട്. കന്യാകുമാരി മാർത്താണ്ഡത്തിന് സമീപം സാമിയാർമഠം എന്ന സ്ഥലത്താണ് ഇത്തരത്തിൽ പൈപ്പ് പൊട്ടി വെള്ളം നഷ്ടപ്പെട്ട സംഭവം ഉണ്ടായത് എന്ന് റിപ്പോർട്ടില്‍ പറയുന്നു. പോസ്റ്റില്‍ പ്രചരിക്കുന്ന വീഡിയോയിൽ നിന്ന് പകർത്തിയ ചിത്രങ്ങൾ റിപ്പോർട്ടിലുണ്ട്.
ഈ സൂചന ഉപയോഗിച്ച് യൂട്യൂബിൽ തിരിഞ്ഞപ്പോൾ നിരവധി പേർ ഇതേ വീഡിയോ അല്ലെങ്കിൽ സമാനമായ വീഡിയോ കന്യാകുമാരിയിലെ സ്വാമിയാർ മഠത്തിൽ നടന്ന സംഭവം എന്ന വിവരണത്തോടെ പോസ്റ്റ് ചെയ്തിരിക്കുന്നതായി കണ്ടു.
കൂടാതെ ദിനകരൻ എന്ന മാധ്യമവും സംഭവത്തെക്കുറിച്ച് വാർത്ത നൽകിയിട്ടുണ്ട്. പൈപ്പ് പൊട്ടിയതിനെ തുടർന്നുണ്ടായ ജലധാര ഏകദേശം 25 അടി ഉയരത്തിൽ ആയിരുന്നുവെന്നും കനത്ത ശബ്ദത്തോടെ ആയിരുന്നുവെന്നും പറയുന്നു. അടുത്ത് വൈദ്യുതി ലൈൻ ഉണ്ടായിരുന്നുവെങ്കിലും ഭാഗ്യവശാൽ ജലധാര സ്പർശിച്ചില്ലെന്ന് റിപ്പോർട്ടിലുണ്ട്.
സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കാനായി ഞങ്ങൾ കന്യാകുമാരി ജില്ലയിലെ തിരുവട്ടാർ പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസറുമായി സംസാരിച്ചിരുന്നു. ഈ സംഭവം നടന്നത് കന്യാകുമാരി ജില്ലയിലെ സാമിയാര്‍മഠം എന്ന സ്ഥലത്താണെന്നും ഉദ്യോഗസ്ഥർ പ്രശ്നപരിഹാരത്തിനുള്ള നടപടികൾ ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവം നടന്നത് കേരളത്തിലല്ല കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്ത് സമീപം സാമിയാർമഠം എന്ന സ്ഥലത്താണ്. കേരളവുമായി ഈ പൈപ്പു പൊട്ടിയ സംഭവത്തിന് യാതൊരു ബന്ധവുമില്ല.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. ഈ സംഭവം നടന്നത് കേരളത്തിലല്ല. കന്യാകുമാരി ജില്ലയിലെ സാമിയാർമഠം എന്ന സ്ഥലത്താണ്. കേരളവുമായി തെറ്റായി ബന്ധപ്പെടുത്തി പ്രചരണം നടത്തുകയാണ്. യഥാർത്ഥത്തിൽ സംഭവത്തിന് കേരളവുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)
Title:പൈപ്പ് പൊട്ടി റോഡില്‍ ജലധാര രൂപപ്പെട്ട ദൃശ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ളതല്ല, സത്യമറിയൂ...
Fact Check By: Vasuki SResult: False