
വിവരണം
അശ്വമേധം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും ഏപ്രിൽ 1 മുതൽ പ്രചരിക്കുന്ന പോസ്റ്റാണിത്. പോസ്റ്റിനു 1000 ത്തിനു മുകളിൽ ഷെയറുകളായിട്ടുണ്ട്. ഭാരതീയ ജനതാ പാർട്ടി (BJP), NARENDRA MODI (Prime Minister of India) എന്നീ ഫേസ്‌ബുക്ക് പേജുകളിൽ നിന്നും ഇതേ പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. ബീഹാറിൽ വച്ച് രാജ്യത്തിനെതിരെ സംസാരിച്ച ജിഗ്നേഷ് മേവാനിയെ നാട്ടുകാർ പഞ്ഞിക്കിട്ടു എന്നാണ് ചിത്രത്തിന്‍റെ അടിക്കുറിപ്പ്. ഈ ചിത്രത്തിന്‍റെ വസ്‌തുത നമുക്ക് അന്വേഷിച്ചു നോക്കാം
വസ്തുതാ പരിശോധന
ഞങ്ങൾ ഈ ചിത്രം google reverse image, yandex എന്നീ ടൂളുകളുപയോഗിച്ച് പരിശോധിച്ചു നോക്കി. അവയുടെ ഫലങ്ങൾ താഴെ കൊടുക്കുന്നു.


അവയിൽ നിന്നും ലഭിച്ച സമാന ചിത്രങ്ങളിൽ നിന്നും ചില ലിങ്കുകൾ ഞങ്ങൾക്ക് ലഭിച്ചു. ചിത്രത്തിലുള്ളത് ജിഗ്നേഷ് മേവാനി തന്നെയാണ്. 2016 സെപ്റ്റംബർ 20 നു NDTV പ്രസിദ്ധീകരിച്ച വാർത്ത യിൽ ഇതേ ചിത്രമാണുള്ളത്. വാർത്ത ഇതാണ് : അഹമ്മദാബാദിലെ ധോൽക്കാ താലൂക്കിൽ ദളിതർക്ക് സർക്കാർ അനുവദിച്ച ഭൂമി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രമുഖ ദളിത് നേതാവ് ജിഗ്നേഷ് മേവാനി ഉൾപ്പെടെ 125 പേരെ കളക്ടറുടെ ഓഫീസ് ഉപരോധത്തിനിടെ പോലീസ് തടഞ്ഞു വച്ചു. അഹമ്മദാബാദിൽ സുഭാഷ് ബ്രിഡ്ജിനു സമീപം കളക്ടറുടെ ഓഫീസ് ഉപരോധിക്കാനെത്തിയ മേവാനി ഉൾപ്പെടെ 100 പേരെ ആദ്യവും 25 പേരെ പിന്നീടുമാണ് തടഞ്ഞത്. എല്ലാവരെയും പിന്നീട് വിട്ടയച്ചതായി റാണിപ് പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ വി ബി പട്ടേൽ അറിയിച്ചതായും വാർത്തയിൽ വിവരണമുണ്ട്.
archived link | ndtv |
archived link | thequint |
കാർഷിക ഭൂമി നിയമപ്രകാരം 300 ദളിതർക്കു വർഷങ്ങൾക്കു മുമ്പ് സർക്കാർ അനുവദിച്ച ഭൂമിയുടെ കൈമാറ്റം നടന്നിട്ടില്ലെന്ന് ധോൽക്കയിൽ ഒരു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെ മേവാനി ആരോപിച്ചിരുന്നു. NDTV വാർത്തയിൽ പറയുന്ന സമാന വസ്തുതകൾ തന്നെയാണ് മറ്റു വാർത്താ വെബ്‌സൈറ്റുകളും പറയുന്നത്.
അതിനാൽ ഫേസ്‌ബുക്കിലെ പോസ്റ്റിൽ പറയുന്ന വാർത്ത തെറ്റാണ്. ഈ സംഭവം നടന്നത് 2016 സെപ്റ്റംബറിൽ ഗുജറാത്തിലെ അഹമ്മദാബാദിലാണ്. അല്ലാതെ ബീഹാറിലല്ല. മേവാനി രാജ്യത്തിനെതിരെ സംസാരിക്കുകയായിരുന്നില്ല. നാട്ടുകാർ ആക്രമിക്കുകയല്ല ഉണ്ടായത്. പോലീസുകാർ മേവാനി ഉൾപ്പെടെയുള്ള സംഘത്തിന്റെ കളക്ടറുടെ ഓഫീസ് ഉപരോധ ശ്രമം തടയുകയാണുണ്ടായത്.
നിഗമനം
ഈ ചിത്രവും അതിനൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പും യാഥാർഥ്യവുമായി ബന്ധമില്ലാത്തതാണ്. ചിത്രം വ്യാജ പ്രചാരണത്തിനുപയോഗിക്കുന്നതാണ്. അതിനാൽ മാന്യ വായനക്കാർ ഈ വ്യാജ വാർത്ത പ്രചരിപ്പിക്കാതിരിക്കാൻ ശ്രമിക്കുക
ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ
