
വിവരണം
പൗരത്വ ഭേദഗതി ബില്ല് മുസ്‌ലിം വിരുദ്ധമല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ പ്രസ്താവിച്ചു എന്ന പേരില്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. മുസ്‌ലിങ്ങളെ തെരിവിലിറക്കി കൊല്ലിച്ചിട്ട് കോണ്‍ഗ്രസ് സ്റ്റാന്‍ഡ് മാറുന്നു എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കത്തില്‍ വ്യക്തമാക്കുന്നത്. രവി പി പള്ള രവിപിള്ള എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 726ല്‍ അധികം ഷെയറുകളും 134ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

Archived Link |
എന്നാല്‍ കോണ്‍ഗ്രസിന്‍റെ രാജ്യസഭാംഗമായ കപില്‍ സിബല്‍ ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ ഭേഗഗതി നിയമം മുസ്‌ലിം വിരുദ്ധമല്ലെന്ന് പറഞ്ഞിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
കപില്‍ സിബലിന്‍റെ പേരിലുള്ള പ്രസ്താവന വാസ്തവമാണോ എന്ന് അറിയാന്‍ എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ എംപിയുമായ കെ.സി.വേണുഗോപാലിനെ ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനെയാണ്-
പൗരത്വ ഭേദഗതി നടപ്പിലാക്കുന്നതില്‍ മതപരമായ വേര്‍തിരിവും ഒരു വിഭാഗത്തിനെ മാത്രം തഴഞ്ഞുകൊണ്ടുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ രാജ്യസഭാംഗം കൂടിയായ കപില്‍ സിബല്‍ രാജ്യസഭയില്‍ വ്യക്തമായ നിലപാടും എന്തുകൊണ്ട് ബില്ലിനെ എതിര്‍ക്കുന്നു എന്നതിനെ കുറിച്ചും വിശദീകരിച്ചതാണ്. കോണ്‍ഗ്രസ് പൗരത്വ ഭേദഗതി നയത്തില്‍ മുസ്‌ലിം വിരുദ്ധത കാണിച്ചിട്ടില്ലെന്നും ബിജെപി മുസ്‌ലിം വിരുദ്ധമാക്കി മാറ്റിയ നിയമം രാജ്യത്തെ കീറിമുറിക്കാന്‍ വേണ്ടിയുള്ളതാണെന്നുമാണ് കപില്‍ സിബല്‍ രാജ്യസഭ പ്രസംഗത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ കോണ്‍ഗ്രസ് ദേശീയതലത്തില്‍ ഒറ്റക്കെട്ടായി പിന്തുണ അറിയിച്ചതാണെന്നും നരേന്ദ്ര മോദി സര്‍ക്കാര്‍ നിലവില്‍ കൊണ്ടുവന്നിരിക്കുന്ന പൗരത്വം ഭേദഗതി നിയമം മുസ്‌ലിം വിരുദ്ധമല്ലെന്ന് കപില്‍ സിബലിനെ പോലെയുള്ള നേതാക്കള്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് രാജ്യസഭയില്‍ കപില്‍ സിബല്‍ നടത്തിയ പ്രസംഗം-
കൂടാതെ ബില്ല് നടപ്പാക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന അന്‍പതോളം കേസുകള്‍ വാദിക്കുന്നതും കപില്‍ സിബല്‍ തന്നെയാണെന്ന് മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്.
നിഗമനം
പൗരത്വ ബില്ല് നടപ്പിലാക്കാന്‍ വേണ്ടി കോണ്‍ഗ്രസ് സ്വീകരിച്ച നയത്തിന് നേര്‍ വിപരീതമായിട്ടാണ് എന്‍ഡിഎ ഗവ നിലപാട് സ്വീകരിച്ചതെന്നും മതത്തിന്‍റെ അടിസ്ഥാനത്തില്‍ നിയമം നടപ്പിലാക്കി ഇന്ത്യയെ നശിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നുമാണ് കപില്‍ സിബലിന്‍റെ രാജ്യസഭ പ്രസംഗം. കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ തലത്തില്‍ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന നയവും അഭിപ്രായവും ഇത് തന്നെയാണെന്ന് ശരിവയ്ക്കുന്ന വാക്കുകളാണ് കെ.സി.വേണുഗോപാലും പറഞ്ഞത്. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:പൗരത്വ ഭേദഗതി നിയമം മുസ്‌ലിം വിരുദ്ധമല്ലെന്ന് കപില്‍ സിബല്‍ പറഞ്ഞോ? കോണ്‍ഗ്രസ് നിലപാട് മാറ്റിയോ?
Fact Check By: Dewin CarlosResult: False
