
വിവരണം
Myl cyber wing എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും മെയ് 31 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് ഇതുവരെ 6200 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. കർണാടകയിൽ 2019 മേയ് മാസം നടന്ന തദ്ദേശ സ്വംയംഭരണ തെരെഞ്ഞെടുപ്പിനെക്കുറിച്ചുള്ള വാർത്തയാണ് പോസ്റ്റിലുള്ളത്. കർണ്ണാടക തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് വൻമുന്നേറ്റം. തെരെഞ്ഞെടുപ്പ് നടന്നത് ബാലറ്റ് പേപ്പറിൽ. കന്നഡ ഭാഷയിലെ ടീവീ ചാനൽ വാർത്തയുടെ സ്ക്രീൻഷോട്ടിനൊപ്പം മേൽപ്പറഞ്ഞ വാചകവും “ഇനിയും എന്തിനു തെളിവുകൾ പ്രതിപക്ഷമേ ഒന്നാഞ്ഞു പിടിച്ചാൽ ഇന്ത്യ നമുക്ക് തിരിച്ചു പിടിക്കാം” എന്ന വിവരണവും പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്.
2019 ലോക്സഭാ തെരെഞ്ഞെടുപ്പ് നടത്തിനു പിന്നാലെയായിരുന്നു കർണ്ണാടകയിൽ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അതിൽ കോൺഗ്രസ്സ് മുന്നേറ്റം നടത്തിയെന്ന വാർത്തകൾ വഴി നാം അറിഞ്ഞതാണ്. എന്നാൽ തെരെഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രങ്ങൾക്ക് പകരം ബാലറ്റ് പേപ്പറുകളാണോ ഉപയോഗിച്ചത്..? നമുക്ക് അറിയാൻ ശ്രമിക്കാം
വസ്തുതാ പരിശോധന
ഞങ്ങൾ ഈ വാർത്തയുമായി ബന്ധപ്പെട്ട വാക്കുകൾ കീ വേർഡ്‌സായി ഉപയോഗിച്ച് ഗൂഗിളിൽ തിരച്ചിൽ നടത്തി. അവിടെ നിന്നും കർണാടക തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വാർത്തകൾ പ്രസിദ്ധീകരിച്ച ചില മാധ്യമങ്ങളുടെ ലിങ്കുകൾ ലഭിച്ചു. കോൺഗ്രസ്സ് പാർട്ടിക്ക് ബിജെപിയേക്കാൾ ഇരട്ടി സീറ്റുകൾ ലഭിച്ചു എന്ന് വാർത്തകളിൽ വിവരണമുണ്ട്. എന്നാൽ കൂടുതൽ മാധ്യമങ്ങളിലും ഏതു രീതിയിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത് എന്ന് വ്യക്തമാക്കിയിട്ടില്ല. അതായത് ബാലറ്റ് പേപ്പറുകളാണോ തെരെഞ്ഞെടുപ്പിൽ ഉപയോഗിച്ചത് എന്ന് പറഞ്ഞിട്ടില്ല.
archived link | indiatoday |
archived link | thehindu |
എന്നാൽ അവയിൽ opindia എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വാർത്തയിൽ തെരെഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറുകളല്ല വോട്ടിംഗ് യന്ത്രങ്ങൾ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് വ്യക്തമായി പറയുന്നുണ്ട്.

archived link | opindia |
ഇതിനു തെളിവായി മുൻകേന്ദ്ര വിദേശകാര്യമന്ത്രിയും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്ന സൽമാൻ ഖുർഷിദ് തന്റെ ട്വിറ്റര് പേജിൽ ബാലറ്റ് പേപ്പറാണ് മേല്പറഞ്ഞ തെരെഞ്ഞെടുപ്പിൽ ഉപയോഗിച്ചത് എന്ന് വാദിക്കുന്ന ഒരു ട്വീറ്റും ഹരിയാന നിയമസഭയിൽ എംഎൽഎയും മുൻമന്ത്രിയുമായ രൺദീപ് സിംഗ് സുർജേവാല പോസ്റ്റ് ചെയ്ത മറ്റൊരു റ്റ്വീറ്റും വാർത്തയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രസ്തുത ട്വീറ്റ് താഴെ കൊടുക്കുന്നു.
A resounding win for Congress in the Urban Local Body Polls held on May 29th in Karnataka, a month after LS Polls on April 19/23.
— Randeep Singh Surjewala (@rssurjewala) May 31, 2019
In LS polls, EVM’s under Central Elec Comm used.
In ULB polls, EVM’s under State CEO used.
Glad that people changed their mind & chose Congress! pic.twitter.com/0QV1By8ArF
“ലോക്‌സഭാ തെരെഞ്ഞെടുപ്പ് കഴിഞ്ഞു ഒരു മാസത്തിനു ശേഷം മെയ് 29 നു നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സ് മികച്ച വിജയം നേടി.
ലോക്സഭാ തെരെഞ്ഞെടുപ്പിൽ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലുള്ള വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിച്ചത്.
തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിൽ സംസ്ഥാന മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിച്ചത്” എന്ന് ബിജെപിയെ പോസ്റ്റിലൂടെ പരോക്ഷമായി പരിഹസിക്കുന്ന രീതിയിലാണ് സുർജേവാല പരാമർശിച്ചിരിക്കുന്നത്. വോട്ടിങ് യന്ത്രങ്ങൾ തന്നെയാണ് തെരെഞ്ഞെടുപ്പിൽ ഉപയോഗിച്ചത് എന്ന സൂചന ഇതിൽ കാണാം
കർണ്ണാടക സ്വയംഭരണ തെരെഞ്ഞെടുപ്പ് നടന്ന വേളയിൽ കന്നഡ ഭാഷയിലെ ഒരു ചാനൽ പ്രസിദ്ധീകരിച്ച വാർത്തയുടെ ഒരു ഹൃസ്വ വീഡിയോ താഴെ കൊടുക്കുന്നു. പോളിംഗ് ഓഫിസർമാർ വോട്ടിങ് യന്ത്രങ്ങളുമായി ബൂത്തുകളിൽ എത്തുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം
archived link | youtube link |
1990 കളിൽ ഭാരത് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നീ സർക്കാർ സ്ഥാപനങ്ങൾ വോട്ടിങ് യന്ത്രങ്ങൾ ഇന്ത്യയിൽ വികസിപ്പിച്ചെങ്കിലും 1998 നും 2001 നുമിടയിലാണ് ആദ്യമായി തെരെഞ്ഞെടുപ്പിൽ അവതരിപ്പിച്ചത്. നിയമസഭാ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ 2004 മുതൽ ഇവ ഉപയോഗിച്ച് തുടങ്ങി.
അതിനുമുമ്പ് ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചിരുന്ന കാലത്ത് കള്ളവോട്ട്, ബൂത്തുപിടുത്തം തുടങ്ങിയ പരാതികൾ പതിവായിരുന്നു. ഇതേത്തുടർന്നാണ് വോട്ടിങ് യന്ത്രങ്ങൾ അവതരിപ്പിച്ചത്.
പിന്നീട് ഇടക്കാലത്ത് വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേടുകളും തിരിമറികളും നടത്തുന്നു എന്ന ആക്ഷേപമുയർന്നതിനെ തുടർന്ന് സുപ്രീം കോടതി തെരെഞ്ഞെടുപ്പ് കമ്മീഷനോട് ബാലറ്റ് പേപ്പറിനോട് സാദൃശ്യമുള്ള വിവിപാറ്റ് (voter verified paper audit trial ) തെരെഞ്ഞെടുപ്പിൽ ഉൾപ്പെടുത്താൻ നിർദേശിച്ചു. ഇതേതുടർന്ന് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും ഉപയോഗിച്ചാണ് തെരെഞ്ഞെടുപ്പ്.ഇതേപ്പറ്റി കൂടുതൽ വിവരങ്ങൾ വിക്കിപീഡിയയിൽ ലഭ്യമാണ്
archived link | wikipedia |
ഞങ്ങൾ ഈ പോസ്റ്റിലെ വാർത്ത പരിശോധിച്ചപ്പോൾ മനസ്സിലായ കാര്യം കർണ്ണാടക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സ് മുന്നിൽ നിൽക്കുന്നു എന്ന കാര്യം സത്യമാണ്, എന്നാൽ ബാലറ്റ് പേപ്പർ ഉപയോഗിച്ചാണ് പോളിംഗ് നടത്തിയത് എന്ന കാര്യം സത്യമല്ല.
നിഗമനം
ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ഒരെണ്ണം സത്യമാണ്. ഒരെണ്ണം വസ്തുതാ വിരുദ്ധമാണ്. അതായത് കർണാടകം തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പാർട്ടിക്ക് മികച്ച വിജയം നേടാൻ കഴിഞ്ഞിരുന്നു. എന്നാൽ വോട്ടിങ് യന്ത്രങ്ങൾക്ക് പകരം ബാലറ്റ് പേപ്പറാണ് തെരഞ്ഞെടുപ്പിന് ഉപയോഗിച്ചത് എന്ന കാര്യം തെറ്റാണ്. അതുകൊണ്ട് ഞങ്ങൾ ഈ പോസ്റ്റ് മിശ്രിത വിഭാഗത്തിൽ പെടുത്തുന്നു
ചിത്രങ്ങൾ കടപ്പാട് : Inkhabar

Title:കർണ്ണാടകയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പറാണോ ഉപയോഗിച്ചത്..?
Fact Check By: Deepa MResult: Mixture
