കോവിഡ് കാലത്തിന് ശേഷം കുട്ടികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഡിജിറ്റൽ ഡിവൈസുകളുടെ അമിത ഉപയോഗം. ഈ പ്രവണത കുട്ടികളിൽ വിവിധതരം മാനസിക-ശാരീരിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. മൊബൈൽ ഫോണിന് അടിമയായ ചില കുട്ടികളുടെ പെരുമാറ്റ വൈകല്യങ്ങളെ കുറിച്ച് പല വാർത്തകളും മാധ്യമങ്ങള്‍ പങ്കുവെക്കാറുണ്ട്. മൊബൈൽ ഫോണിന് അടിമയായി രോഗബാധിതനായ ഒരു കുട്ടിയുടെ ദൃശ്യങ്ങൾ എന്ന പേരില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു

പ്രചരണം

ചുറുചുറുക്കുള്ള ഒരു കുട്ടി ക്രമേണ രോഗബാധിതനാകുന്ന വിവിധ ഘട്ടങ്ങളുടെ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത് ഒടുവിൽ അവൻ തീരെ അവശനാകുന്നതും സംസാരിക്കാൻ പോലും ശേഷി നഷ്ടപ്പെടുന്നതും കാണാം. മൊബൈൽ ഫോണിന് അടിമയായിരുന്നു ഈ കുട്ടി എന്നും അതുവഴിയാണ് അവൻ രോഗബാധിതനായത് എന്നും സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “*മൊബൈൽ ഫോണിന്റെയും ലാപ് ടോപ്പിന്റെയും ഇൻറർനെറ്റിന്റെയും ഒക്കെ അമിത ഉപയോഗം മൂലം മസ്തിഷ്ക കോശങ്ങൾ നശിച്ച് ഇപ്പോൾ ജീവനും മരണവുമായി മല്ലിടുകയാണ് ഈ കൊച്ചു മിടുക്കൻ.* *കുട്ടികൾ മൊബൈൽ ഫോൺ പോലുള്ള ആധുനിക ഉപകരണങ്ങളുടെ അടിമകളാകാതിരിക്കാൻ രക്ഷിതാക്കൾ അതീവ ജാഗ്രത പുലർത്തണം.* *അല്ലെങ്കിൽ സർവ്വശക്തനായ ഈശ്വരൻ വിചാരിച്ചാൽ പോലും നമ്മുടെ കുട്ടികളെ ഇത്തരം ദുരന്തങ്ങളിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞെന്നു വരില്ല...”

FB postarchived link

എന്നാല്‍ വീഡിയോയിലെ കുട്ടി മൊബൈല്‍ ഫോണിന്‍റെ അമിത ഉപയോഗം മൂലമല്ല രോഗബാധിതനായതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

വസ്തുത ഇതാണ്

ഞങ്ങൾ വീഡിയോയുടെ കീ ഫ്രെമുകളിൽ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഉറുദു ന്യൂസ് എന്ന മാധ്യമം പ്രസിദ്ധീകരിച്ച ഒരു വാർത്ത ലഭിച്ചു.

ഉറുദു ഭാഷയിലെ വാർത്ത പരിഭാഷപ്പെടുത്തിയപ്പോൾ ലഭിച്ചതിങ്ങനെ: പാക്കിസ്ഥാൻ തെഹരീക്-ഇ- ഇന്‍സാഫ് (PTI) നേതാവായ ഇബാദ് ഫാറൂഖിന്‍റെ മകനാണ് ദൃശ്യങ്ങളിൽ കാണുന്ന അമ്മര്‍ ഇബാദ്. ഒമ്പത് വയസ്സ് പ്രായമുള്ള അമ്മര്‍ സെപ്റ്റംബർ 18ന് ലാഹോറിൽ രോഗബാധിതനായി മരണത്തിന് കീഴടങ്ങി.

നാഡീവ്യൂഹത്തിന് ബാധിച്ച അണുബാധയാണ് മരണകാരണമായി മെഡിക്കൽ റിപ്പോർട്ടുകളിൽ ഉള്ളത്. കുട്ടിയെ അഡ്മിറ്റ് ചെയ്ത ആശുപത്രിയിലെ ചികിത്സയുടെ വിശദാംശങ്ങളും റിപ്പോർട്ടില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

അമ്മറിന്‍റെ കുടുംബത്തിന് നേരെ ഭരണകൂടം കാണിച്ച പ്രതികാര നടപടികളുടെ ഭാഗമായി ഉണ്ടായ മാനസിക തകർച്ചയാണ് കുട്ടിയുടെ രോഗാവസ്ഥക്കു കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചതായും വാർത്തയിൽ പറയുന്നുണ്ട്. മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ അറസ്റ്റിനെ തുടർന്ന് മെയ് ഒമ്പതിന് പാക്കിസ്ഥാനിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് അമ്മറിന്‍റെ പിതാവ് ഇബാദ് പോലീസ് പിടിയിലായി. വീട് പോലീസ് റെയ്ഡ് ചെയ്തു. ഇതെല്ലാം കുട്ടിയെ മാനസികമായി തളർത്തി എന്നും മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പി‌ടി‌ഐ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. കുട്ടിയുടെ പിതാവായ ഇബാദ് ഫറൂഖ് ഇപ്പോഴും ജയിൽവാസത്തിലാണ്.

അമ്മറിന്‍റെ മരണം പാക്കിസ്ഥാനിൽ പി‌ടി‌ഐ സമരായുധമാക്കി ഉപയോഗിക്കുകയാണ്. പിതാവിന്‍റെ അറസ്റ്റിനു മുമ്പ് വളരെ ചുറുചുറുക്കുള്ള കുട്ടിയായിരുന്നു അവനെന്നും കുടുംബത്തിലേറ്റ ആഘാതത്തെ തുടർന്നാണ് മാനസിക-ശാരീരിക ബുദ്ധിമുട്ടുകൾ കാണിക്കാൻ തുടങ്ങിയെന്നും ചൂണ്ടിക്കാട്ടി അവർ കുട്ടിയുടെ വിവിധ ഘട്ടങ്ങളുടെ വീഡിയോകൾ കോര്‍ത്തിണക്കി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. അതേ വീഡിയോ ആണ് തെറ്റിദ്ധരിപ്പിക്കുന്ന വിവരണത്തോടെ പ്രചരിപ്പിക്കുന്നത്.

ഉറുദു ന്യൂസിന് വേണ്ടി സംഭവം റിപ്പോർട്ട് ചെയ്ത റായ് ഷാനവാസ് എന്ന പാർക്ക് മാധ്യമപ്രവർത്തകൻ കുട്ടിയുടെ മരണത്തിന് പോലീസിനെ വിമർശിച്ചുകൊണ്ട് ട്വിറ്ററിൽ കുട്ടിയുടെ ചിത്രത്തോടൊപ്പം ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

അമ്മര്‍ എന്ന കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോർട്ടുകളിൽ ഒന്നിലും കുട്ടി മൊബൈൽ ഫോണിന് അഡിക്റ്റാണ് എന്ന് രേഖപ്പെടുത്തിയിട്ടില്ല.

എന്താണ് സബ് അക്യൂട്ട് സ്ക്ലിറോസിംഗ് പാനൻസ്ഫലൈറ്റിസ്?

കുട്ടികളുടെയും യുവാക്കളുടെയും കേന്ദ്ര നാഡീവ്യൂഹത്തെ (സിഎൻഎസ്) ബാധിക്കുന്ന ന്യൂറോളജിക്കൽ ഡിസോർഡറാണ് സബ് അക്യൂട്ട് സ്ക്ലിറോസിംഗ് പാനൻസ്ഫലൈറ്റിസ് (എസ്എസ്പിഇ). അഞ്ചാംപനി ബാധിച്ചവരിലാണ് പൊതുവേ അണുബാധയുണ്ടാകുന്നത്. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും SSPE റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, എന്നാൽ കൂടുതൽ വികസിത രാജ്യങ്ങളിൽ ഇത് ഒരു അപൂർവ രോഗമായി കണക്കാക്കപ്പെടുന്നു.

SSPE ബാധിച്ച മിക്ക കുട്ടികൾക്കും ചെറുപ്രായത്തിൽ തന്നെ മീസിൽസ് അണുബാധയുടെ ചരിത്രമുണ്ട്, ന്യൂറോളജിക്കൽ ലക്ഷണങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് ആറ് മുതൽ എട്ട് വർഷം വരെ കാലയളവില്‍ അണുബാധ ഒളിഞ്ഞിരിന്നേക്കാം. അഞ്ചാംപനി അണുബാധയ്ക്കും എസ്എസ്പിഇയുടെ തുടക്കത്തിനും ഇടയില്‍ നീണ്ട ഇടവേള ഉണ്ടായിന്നാല്‍ പോലും, അഞ്ചാംപനി മാറിക്കഴിയുമ്പോൾ തലച്ചോറിലെ അണുബാധ ഉടൻ സംഭവിക്കുമെന്ന് ഗവേഷകർ കരുതുന്നു. എന്തുകൊണ്ടാണ് അണുബാധ ഉണ്ടാവുകയും പുരോഗമിക്കുകയും ചെയ്യുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല.

ആന്‍റികൺവൾസന്‍റ്, ആന്‍റിസ്പാസ്മോഡിക് മരുന്നുകൾ എന്നിവയ്‌ക്കൊപ്പം SSPE ചികിത്സയുടെ ഏറ്റവും പ്രധാനപ്പെട്ട വശമാണ് നല്ല നഴ്‌സിംഗ് കെയർ. രോഗനിർണയം നടത്തി ഒന്നോ മൂന്നോ വർഷത്തിനുള്ളിൽ SSPE ബാധിച്ച മിക്ക വ്യക്തികളും മരിക്കും. ഒരു ചെറിയ ശതമാനത്തിൽ, രോഗം അതിവേഗം വ്യാപിക്കും, രോഗനിർണയം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ മരണത്തിലേക്ക് പോകുന്നു. മറ്റൊരു ചെറിയ ഗ്രൂപ്പിന് രോഗം സാവധാനത്തിലാണ് കൂടുക. ചിലർക്ക് ആവർത്തനങ്ങളും മോചനവും ഉണ്ടാകും. അപൂര്‍വം ചിലര്‍ രോഗമുക്തി നേടുകയും നഷ്ടപ്പെട്ട പ്രവർത്തനം വീണ്ടെടുക്കുകയും ചെയ്തേക്കാം.

ഡിജിറ്റല്‍ ഡിവൈസുകളുടെ അമിത ഉപയോഗം മൂലം ആരോഗ്യ പ്രശ്നങ്ങളുണ്ടായി എന്നവകാശപ്പെട്ട് ഇതിന് മുമ്പ് വന്ന ചില തെറ്റായ പ്രചരണങ്ങളുടെ മുകളില്‍ ഞങ്ങള്‍ അന്വേഷണം നടത്തിയിട്ടുണ്ട്:

മൊബൈൽ ഫോണിന്‍റെ ഉപയോഗം കുട്ടികളിൽ കാൻസർ വരുത്തുമോ..?

ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ച് മാനസിക നില തകരാറിലായ കുട്ടി: വൈറല്‍ ദൃശ്യങ്ങളുടെ സത്യമറിയൂ…

മൊബൈൽ ഫോൺ ഉപയോഗവും റെറ്റിനോ ബ്ലാസ്റ്റൊമയുമായി എന്തെങ്കിലും ബന്ധമുണ്ടോ…?

നിഗമനം

വീഡിയോയിലെ കുട്ടി രോഗബാധിതനായത് മൊബൈൽ ഫോണിന്‍റെ അമിത ഉപയോഗമൂലമാണെന്നത് തെറ്റായ പ്രചരണമാണ്. അഞ്ചാം പനി ബാധിച്ചവരില്‍ പിന്നീട് കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന അണുബാധയായ എസ് എസ് പി ഇ എന്ന രോഗാവസ്ഥ മൂലമാണ് കുട്ടി ഇത്തരത്തിൽ വിചിത്രമായ ചേഷ്ടകള്‍ കാണിക്കുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മൊബൈല്‍ അഡിക്ഷനല്ല, നാഡീവ്യൂഹത്തിന് ബാധിച്ച അണുബാധയാണ് കുട്ടിയുടെ രോഗകാരണം... സത്യമറിയൂ...

Written By: Vasuki S

Result: False