വിവരണം

ഇത് ചിറയിൻകീഴ് government thaluk ഹോസ്പിറ്റലിലെ ഡോക്ടറാണ് . ഇനി കാര്യത്തിലേക്ക് കടക്കാം ഇന്ന് വൈകുന്നേരം ശാസ്തവട്ടം government ഹോസ്പിറ്റലിൽ നിന്നും ഡോക്ടറുടെ റെഫർലെറ്ററുമായി ലിമ എന്ന കാലിന് സ്വാധീന കുറവുള്ള സ്ത്രീയെ(എന്റെ ഭാര്യയെ)കൗണ്ട് കുറവുള്ള പനിയെതുടർന്ന് ചിറയിൻകീഴ് താലൂക് ഹോസ്പിറ്റലിൽ കൊണ്ട് ചെന്നിട്ട് 2 മണിക്കൂറോളം അവിടെ ഇരുന്നിട്ടും പല പ്രാവശ്യം എന്റെ13 വയസ്സുള്ളമകൻ ഈ ഡോക്ടറെ കണ്ട് കാര്യങ്ങൾ പറഞ്ഞിട്ടും ഒന്നു നോക്കാനോ വേണ്ടുന്നകാര്യങ്ങൾ ചെയ്യാനോ ഇവർ തയ്യാറായില്ല.എന്റെ സുഹൃത്തുക്കളെ കൊണ്ട് പല രാഷ്ട്രീയ നേതാക്കളേയും വിളിപ്പിച്ചു എന്നിട്ടും നടക്കാതെ വന്നപ്പോൾ എന്റെ മകൻ നിറകണ്ണുകളോടെ wheel chair ൽ ഇരിക്കുന്നഎന്റെ ഭാര്യയേയും കൊണ്ട് ആറ്റിങ്ങൽ മെഡിക്കൽ സെന്ററിലേക്ക് പോയി.

സാമ്പത്തികമായി കുറച്ച് ബുദ്ധിമുട്ടുകൾ ഉള്ളത് കൊണ്ടാണ് goverment ഹോസ്പിറ്റലിൽ കൊണ്ട് പോയത്.ഇതാണ് നമ്മുടെ government ഹോസ്പിറ്റലിലെ അവസ്ഥയെങ്കിൽ ഇപ്പോഴും നമ്മൾ അടിമത്വത്തിൽ നിന്നും കരകയറിയിട്ടില്ല” എന്ന വിവരണവുമായി പ്രസ്തുത ഡോക്ടറുടേത് എന്നൊരു ചിത്രം സഹിതം ഫേസ്‌ബുക്കിൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 1400 ലധികം ഷെയറുകൾ ലഭിച്ചിട്ടിട്ടുണ്ട്.

archived linkFB post

ചിറയിൻകീഴ് ഗവണ്മെന്റ് ആശുപത്രിയിലെ ഡോക്ടറായ രമ്യ കൃഷ്ണൻ ഒരു രോഗിയോട് മോശമായി പെരുമാറി എന്നും ചികിൽസിക്കാൻ തയ്യാറായില്ലെന്നുമുള്ള വാർത്തയാണ് പോസ്റ്റിലൂടെ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്.

ഈ പോസ്റ്റിന് ഫേസ്‌ബുക്ക് ഉപയോക്താക്കളിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഡോക്ടർ മോശമായി പെരുമാറിയോ..? രോഗിക്ക് ചികിത്സ നിഷേധിക്കപ്പെട്ടോ..?യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് നമുക്ക് അന്വേഷിച്ചറിയാം.

വസ്തുതാ വിശകലനം

ഞങ്ങൾ ആദ്യം തിരുവനന്തപുരം സൈബർ പോലീസിൽ അന്വേഷിച്ചപ്പോൾ ഡോ. രമ്യ കൃഷ്ണൻ ഈ ഫേസ്‌ബുക്ക് പോസ്റ്റിലെ പറ്റി അവിടെ ഒരു പരാതി സമർപ്പിച്ചിട്ടുണ്ട് എന്ന് ഉദ്യോഗസ്ഥനായ അരുൺകുമാർ അറിയിച്ചു. "ഞങ്ങൾ പോസ്റ്റിൽ പറയുന്ന സംഭവത്തിന് മുകളിൽ അന്വേഷണം നടത്തി. വാർത്ത സത്യമല്ല എന്നാണ് മനസ്സിലായത്. രോഗിയുടെ ബന്ധുക്കൾ ആശുപത്രിക്കെതിരെയോ ഡോക്ടർക്കെതിരെയോ പരാതി നൽകിയിട്ടില്ല എന്നാണ് അറിയാൻ സാധിച്ചത്. ഡോക്ടറെ അപകീർത്തിപ്പെടുത്താനുള്ള മനഃപൂര്വമായ ശ്രമത്തിന്റെ ഭാഗമാണിത് എന്ന് അനുമാനിക്കുന്നു."

തുടർന്ന് ഞങ്ങൾ ഡോ. രമ്യ കൃഷ്ണനോട് സംസാരിച്ചു. അവർ നൽകിയ വിശദീകരണം ഇങ്ങനെയാണ് : രാത്രി എട്ടുമണിയോടെയാണ് ഈ രോഗിയുടെ ബൈസ്റ്റാന്റർ ആശുപത്രിയിലെത്തിയത്. മറ്റൊരു ഡോക്ടർ ഒരു ഫിസിഷ്യൻ കാണാൻ നൽകിയ ലെറ്ററാണ് അവരുടെ കൈയിലുള്ളത്. പണിയാണ് അസുഖം. ഹീമോഗ്ലോബിൻ കൗണ്ട് കുറവുണ്ട് രോഗിക്ക് എന്ന് പറഞ്ഞു. ഞാൻ യഥാർത്ഥത്തിൽ ഫിസിഷ്യനല്ല. കാഷ്വൽ ഡോക്ടറാണ്. ആ സമയത്ത് ഫിസിഷ്യന്മാരാരും ഡ്യൂട്ടിയിലില്ല. ഇക്കാര്യം ഞാൻ അവരോടു പറഞ്ഞു. രാവിലെ വന്നാൽ ഫിസിഷ്യനെ കാണാൻ സാധിക്കും എന്നറിയിക്കുകയും ചെയ്തു. പേഷ്യന്റിനെ ഞാൻ കണ്ടിട്ടേയില്ല. ഇത്രയും കാര്യങ്ങൾ വളരെ സാധാരണ സംഭാഷണമാണ് നടന്നത്. മൂന്നു നാല് വാചകങ്ങൾ മാത്രമുള്ള ഈ സംഭാഷണ ശേഷം അവർ അവിടെ നിന്ന് പോവുകയും ചെയ്തു. എന്നാൽ പിന്നീട് ഇത് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു തരത്തിൽ ഫേസ്‌ബുക്കിലൂടെ പ്രചരിപ്പിക്കുകയാണ് അവർ ചെയ്തത്. അതിൽ എഴുതിയിരിക്കുന്നതുപോലെ ചികിത്സ നിഷേധിക്കുന്ന തരത്തിൽ യാതൊന്നും സംഭവിച്ചിട്ടില്ല. രാഷ്ട്രീയ നേതാക്കളെക്കൊണ്ട് വിളിപ്പിച്ചു എന്നൊക്കെ വെറുതെ പറയുകയാണ്. പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം പോലും ഞാൻ അറിയാതെ എപ്പോഴോ എടുത്തതാണ്. അതിനാൽ ഞാൻ സൈബർ പോലീസിൽ പരാതി നൽകി. ഇതാണ് യഥാർത്ഥത്തിൽ നടന്നത്."

ഡോ. രമ്യ പോലീസിൽ നൽകിയ പരാതി:

കൂടാതെ ഞങ്ങൾ ആശുപതി സൂപ്രണ്ട് ഷബ്നയുമായി സംസാരിച്ചു. " ഈ കാര്യം ഫേസ്‌ബുക്ക് വഴിയാണ് ആദ്യം അറിഞ്ഞത്. തുടർന്ന് ഡോ. രമ്യയെ വിളിച്ച് വിശദീകരണം ചോദിച്ചു. ഇത് വ്യാജ പ്രചാരണമാണ് എന്ന് ഡോക്ടർ പറഞ്ഞതിനാൽ സംഭവ സമയം ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റുള്ളവരോടും ഇതേപ്പറ്റി അന്വേഷിച്ചു. ഇങ്ങനെയൊരു സംഭവം നടന്നതായി ആരും പറഞ്ഞില്ല. ഇക്കാര്യത്തിൽ രോഗിയുടെ ബന്ധുക്കൾ സൂപ്രണ്ട് എന്ന നിലയിൽ എന്നെ കാണുകയോ പരാതി തരുകയോ ഉണ്ടായിട്ടില്ല. ഡോ. രമ്യ കൃഷ്ണനെ പറ്റി ഇതുവരെ നല്ല അഭിപ്രായമാണുള്ളത്. രോഗികളോട്‌ മോശമായി പെരുമാറി എന്ന ഒരു ട്രാക്ക് ഈ ഡോക്ടറുടെ പേരിൽ ഇതുവരെ ഉണ്ടായിട്ടില്ല."

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും ഈ ആരോപണം വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഫിസിഷ്യനെ കൺസൾട്ട് ചെയ്യണം എന്ന നിർദേശം മറ്റൊരു ഡോക്ടറിൽ നിന്ന് ലഭിച്ച രോഗിയുടെ ബന്ധുക്കൾ രാത്രി എട്ടുമണിക്കുശേഷം ചിറയിൻകീഴ് ഗവർമെന്റ് താലൂക്ക് ആശുപത്രിയിലെത്തിയപ്പോൾ രോഗിയുടെ ബന്ധുവിനോട് ആ സമയത്ത് ഫിസിഷ്യൻ കാണാൻ സാധിക്കില്ലെന്നും പിറ്റേന്ന് രാവിലെ മാത്രമേ ആശുപത്രിയിൽ ഫിസിഷ്യൻ ഉണ്ടാകൂ എന്നും വിശദീകരിച്ചത് മറ്റൊരു തരത്തിൽ പ്രചരിപ്പിക്കാൻ ഫേസ്‌ബുക്ക് ഉപയോഗപ്പെടുത്തുകയാണുണ്ടായത്.

നിഗമനം

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ്. ചിറയിൻകീഴ് ഗവർമെന്റ് താലൂക്ക് ആശുപത്രിയിലെ ഡോ. രമ്യ കൃഷ്ണൻ രോഗിയോടു അപമര്യാദയായി പെരുമാറിയെന്നും ചികിത്സ നിഷേധിച്ചു എന്നുമുള്ള പ്രചരണങ്ങൾ ദുഷ്പ്രചാരണങ്ങളാണ്. യഥാർത്ഥത്തിൽ നടന്നതിനെ വളച്ചൊടിച്ച് അപകീർത്തിപ്പെടുത്താനായി ഉപയോഗിച്ചിരിക്കുകയാണ്.

Avatar

Title:ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ഡോക്ടർ രോഗിക്ക് ചികിത്സ നിഷേധിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നും ദുഷ്പ്രചരണം...

Fact Check By: Vasuki S

Result: False