
പ്രചരണം
കണ്ണൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനെ എതിർ രാഷ്ട്രീയ കക്ഷികൾ കൊലപ്പെടുത്തിയതിന് പിന്നാലെ കണ്ണൂരിലെ മുതിർന്ന സിപിഎം നേതാവ് പി ജയരാജന്‍റെ മകൻ ജയിന്‍ രാജ് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ജയിന്‍റെ പോസ്റ്റ് വിവിധതരം ചർച്ചകൾക്ക് ഇടയാക്കി. തുടർന്ന് പി ജയരാജൻ അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജിൽ ഒരു വിശദീകരണക്കുറിപ്പ് പ്രസിദ്ധീകരിച്ചു.
ചാനലുകളിൽ തന്‍റെ മകന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വാർത്തയായത് കണ്ടുവെന്നും ഏത് സാഹചര്യത്തിലാണ് മകൻ അത്തരം ഒരു പോസ്റ്റ് ഇട്ടത് എന്ന് അറിയില്ല എന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. സംഘർഷവുമായി ബന്ധപ്പെട്ടാണെങ്കിൽ ഇത്തരമൊരു അഭിപ്രായ പ്രകടനത്തോട് യോജിക്കുന്നില്ലെന്നും അദ്ദേഹം പോസ്റ്റിൽ അറിയിക്കുന്നുണ്ട് ദൗർഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടത് എന്നും പോസ്റ്റിലുണ്ട്.
ഈ സംഭവത്തിനു ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായ ഒരു പ്രചരണത്തെ കുറിച്ചാണ് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഈ സംഭവത്തെ കുറിച്ച് പറഞ്ഞ ഒരു പ്രസ്താവനയാണ് പ്രചരിക്കുന്നത്.

“മക്കളെ നല്ല രീതിയിൽ വളർത്തുന്നതിൽ പി.ജയരാജൻ പരാജയപ്പെട്ടിരിക്കുന്നു എന്ന് കോടിയേരി😌” എന്ന് അദ്ദേഹം പറഞ്ഞതായി പോസ്റ്റിൽ നൽകിയിരിക്കുന്നു കൊടിയേരി ബാലകൃഷ്ണന്‍റെ ചിത്രവും പോസ്റ്റിലുണ്ട്. ഫാക്റ്റ് ക്രെസണ്ടോ ഈ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു ഇത് വെറും വ്യാജപ്രചരണം മാത്രമാണെന്ന് കണ്ടെത്തുകയും ചെയ്തു
വസ്തുത ഇങ്ങനെ
ഞങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വാർത്താ മാധ്യമങ്ങളില്‍ തിരഞ്ഞപ്പോൾ ഇത്തരത്തിലൊരു പ്രസ്താവന കൊടിയേരി ബാലകൃഷ്ണൻ നടത്തിയതായി വാർത്തയൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. സിപിഎമ്മിലെ തന്നെ മുതിർന്ന നേതാക്കളാണ് ഇരുവരും. പി ജയരാജനെ കുറിച്ച് കൊടിയേരി ബാലകൃഷ്ണൻ ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയാൽ അത് തീർച്ചയായും മാധ്യമ വാർത്തയാകേണ്ടതാണ്.
കൊടിയേരി ബാലകൃഷ്ണന്‍റെ ഫേസ്ബുക്ക് പേജിലോ പി ജയരാജന്‍റെ ഫേസ്ബുക്ക് പേജിലോ ഇങ്ങനെയൊരു പ്രസ്ഥാവനയോ ഇത്തരത്തില്‍ സൂചന നൽകുന്ന മറ്റു പരാമര്‍ശങ്ങളോ കാണാൻ സാധിച്ചില്ല.
തുടർന്ന് ഫാക്റ്റ് ക്രെസണ്ടോ കോടിയേരി ബാലകൃഷ്ണനുമായി നേരിട്ട് സംസാരിച്ചു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്: “ഇത് വെറും വ്യാജ പ്രചരണമാണ്. ഇത്തരത്തിൽ യാതൊരു കാര്യവും ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. ഒരിക്കലും പറയുകയുമില്ല. എനിക്കെതിരെ നടത്തുന്ന ദുഷ്പ്രചരണം മാത്രമാണിത്.”
പോസ്റ്റിൽ കൊടിയേരി ബാലകൃഷ്ണൻ പേരിൽ നൽകിയിരിക്കുന്ന പ്രസ്താവന തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്
നിഗമനം
കണ്ണൂരിലെ സിപിഎം നേതാവ് പി ജയരാജനെക്കുറിച്ച് സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയതായി പോസ്റ്റിൽ നൽകിയിരിക്കുന്ന പ്രസ്താവന വ്യാജമാണ്. അദ്ദേഹം ഇത്തരത്തിൽ യാതൊരു കാര്യവും ഒരിടത്തും പി ജയരാജനെ കുറിച്ച് പറഞ്ഞിട്ടില്ല എന്ന് ഞങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:മക്കളെ നല്ല രീതിയിൽ വളർത്തുന്നതിൽ പി ജയരാജൻ പരാജയപ്പെട്ടിരിക്കുന്നു എന്ന് കൊടിയേരി പറഞ്ഞതായി വ്യാജ പ്രചരണം…
Fact Check By: Vasuki SResult: False



