കോടിക്കണക്കിനു ഭക്തര്‍ ഓരോ വര്‍ഷവും സന്ദര്‍ശനത്തിന് എത്തുന്ന ശബരിമല ലോകത്തിലെ തന്നെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. മലയാള മാസം വൃശ്ചികം ഒന്നു മുതല്‍ 41 ദിവസം നീണ്ടുനില്‍ക്കുന്ന വ്രതമെടുത്ത് ശബരിമല സന്ദര്‍ശനത്തിനായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നു മാത്രമല്ല, അന്യ രാജ്യങ്ങളില്‍ നിന്നുപോലും ഭക്തര്‍ എത്താറുണ്ട്. അതുകൊണ്ടുതന്നെ വനയോര മേഖലയായ ശബരിമല യാത്രയ്ക്ക് മണ്ഡലക്കാലത്ത് പ്രത്യേക ഗതാഗത ക്രമീകരണങ്ങള്‍ ആവശ്യമായി വരും. കെ‌എസ്‌ആര്‍‌ടി‌സി ശബരിമലയിലേക്ക് ഇക്കാലത്ത് പ്രത്യേക സര്‍വീസുകള്‍ നടത്താറുണ്ട്.

കെ‌എസ്‌ആര്‍‌ടി‌സി ശബരിമല സര്‍വീസ് നടത്തിയപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഒരേദൂര യാത്രയ്ക്കായി രണ്ടു തരം ചാര്‍ജുകളാണ് ഈടാക്കിയെന്ന ആരോപണം സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.

പ്രചരണം

ചെങ്ങന്നൂർ പമ്പ സർവീസ് നടത്തിയപ്പോൾ ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് പോകാൻ 141 രൂപയും പമ്പയിൽനിന്ന് ചെങ്ങന്നൂരിൽ വരാൻ 180 രൂപയും ടിക്കറ്റ് ചാർജ് ഈടാക്കി എന്നാണ് ടിക്കറ്റിന്‍റെ സ്ക്രീൻഷോട്ട് സഹിതം ആരോപണമുന്നയിക്കുന്നത്. ആരോപണം സൂചിപ്പിച്ച് ടിക്കറ്റിന്‍റെ സ്ക്രീൻഷോട്ടിനൊപ്പം ഇങ്ങനെ വിവരണവും നൽകിയിട്ടുണ്ട്: “ചെങ്ങനൂരിൽ നിന് പമ്പയിലേക്ക് പോകുമ്പോൾ 141 രൂപ..

തിരിച്ച് പമ്പയിൽ നിന്ന് ചെങ്ങന്നൂരുക്ക് 180 രൂപ KSRTC വാങ്ങുന്നു.. 39 രൂപ അധികം. ശബരിമല ഭക്തരെ ഇങ്ങനെ പിഴിഞ്ഞ് എന്തിനാ ബുദ്ധിമുട്ടിക്കുന്നേ ആവോ.,, കഷ്ടം”

FB postarchived link

എന്നാൽ ഒരേ സ്ഥലങ്ങളിലെ യാത്രയ്ക്ക് ഈ വ്യത്യസ്ത ടിക്കറ്റ് ചാർജുകൾ വന്നതിന് വ്യക്തമായ കാരണമുണ്ടെന്നും പ്രചരണം യഥാർത്ഥത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ് എന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി

വസ്തുത ഇങ്ങനെ

സ്ക്രീൻഷോട്ടിലെ ടിക്കറ്റുകൾ രണ്ടും പരിശോധിച്ചാല്‍ ചില കാര്യങ്ങള്‍ വ്യക്തമാകും. രണ്ടു ടിക്കറ്റുകളും ഫാസ്റ്റ് പാസഞ്ചർ സര്‍വീസിന്‍റെത് തന്നെയാണ്. തെറ്റിദ്ധാരണയ്ക്കുള്ള പ്രധാന കാരണവും അതുതന്നെയാണ്. ആദ്യത്തേത് ചെങ്ങന്നൂർ ഡിപ്പോ ടിക്കറ്റ് ആണ് രണ്ടാമത്തേത് കോട്ടയവും.

ഒരേ സ്ഥലത്തേക്കുള്ള യാത്രക്കും മടക്കയാത്രക്കുമുള്ള ചാർജുകൾ രണ്ടുതരത്തിൽ വന്നത് എങ്ങനെയാണ് എന്ന് അറിയാൻ ഞങ്ങൾ കെഎസ്ആർടിസിയുടെ തിരുവനന്തപുരത്തെ ഹെഡ് ക്വാർട്ടേഴ്സ്മായി ബന്ധപ്പെട്ടു. അവിടെ നിന്നും കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥൻ തന്ന വിവരങ്ങൾ ഇങ്ങനെയാണ്: “ടിക്കറ്റ് ചാര്‍ജുകള്‍ രണ്ടും സത്യം തന്നെയാണ്. ആദ്യത്തെ ടിക്കറ്റ്, അതായത് ചെങ്ങന്നൂർ ഡിപ്പോയിൽ നിന്നും 141 രൂപ നിരക്ക് കാണിച്ചിരിക്കുന്ന ടിക്കറ്റിലെ തീയതി നവംബർ 16 ആണ്. രണ്ടാമത്തെ ടിക്കറ്റ് കോട്ടയം ഡിപ്പോയിൽ നിന്നും 180 രൂപ നിരക്കിൽ കാണിച്ചിരിക്കുന്ന ടിക്കറ്റ് നവംബർ 17നാണ്. മണ്ഡലക്കാലം നവംബർ 17നാണ് ആരംഭിച്ചത്. അന്ന് മുതല്‍ നിരക്ക് വര്‍ദ്ധന പ്രാബല്യത്തിലായി. അതാണ് ഇത്തരത്തിലെ നിരക്ക് വ്യത്യാസത്തിന് കാരണം.

കെഎസ്ആർടിസി ഉത്സവ സീസണുകളിൽ നിയമപ്രകാരമുള്ള അധിക ചാർജ് ഈടാക്കിയാണ് സർവീസ് നടത്തുന്നത്. ശബരിമല മാത്രമല്ല പ്രധാന ഹിന്ദു-ക്രിസ്ത്യൻ-മുസ്ലിം ആരാധനാലയങ്ങളിൽ ഉത്സവത്തിന് നടത്തുന്ന പ്രത്യേക സർവീസുകൾ ഇങ്ങനെ അധിക നിരക്കിലാണ് കെഎസ്ആർടിസി നടത്തുക. 2022 ഏപ്രിൽ 30 ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപന പ്രകാരം ഉത്സവ സീസണുകളിൽ 30 ശതമാനം അധിക നിരക്ക് ഈടാക്കി പ്രത്യേക സർവീസ് നടത്താവുന്നതാണ്.”

ഉത്സവകാലത്ത് അത് കെഎസ്ആർടിസി സർവീസ് നടത്താൻ 30% അധികനിരക്ക് ഈടാക്കാവുന്നതാണ് എന്ന് അനുമതി നൽകിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം ഓൺലൈനിൽ ലഭ്യമാണ്. മലയോര മേഖലകളിലെ റോഡുകളിലൂടെ ഗതാഗതം നടത്തുന്നതിന് 25% അധികം ചാർജ് ഈടാക്കുന്നതാണെന്നും വിജ്ഞാപനത്തിൽ അറിയിക്കുന്നു. കൂടാതെ ഏതൊക്കെ ആരാധനാലയങ്ങളിലാണ് ഉത്സവ സീസണുകളിൽ നിരക്കുവർധന നടപ്പിലാക്കാക്കുന്നത് എന്ന് ആരാധനാലയങ്ങളുടെ ലിസ്റ്റും വിജ്ഞാപനത്തിൽ ഉണ്ട്. ശബരിമല മാത്രമല്ല, മറ്റ് ഹിന്ദു-ക്രൈസ്തവ- മുസ്ലിം ദേവാലയങ്ങളും ലിസ്റ്റില്‍ ഉണ്ട് എന്നുകാണാം.

തെറ്റിധാരണ സൃഷ്ടിക്കുന്ന പ്രചരണമാണ് ടിക്കറ്റുകളുടെ സ്ക്രീൻഷോട്ട് ഉപയോഗിച്ച് നടത്തുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ഈയിടെ നിലക്കല്‍- പമ്പ സര്‍വീസിന് 100 രൂപയാണ് ചാര്‍ജ് ഈടാക്കുന്നത് എന്ന തരത്തില്‍ ചില പ്രചരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടന്നപ്പോള്‍ ഞങ്ങള്‍ വസ്തുത അന്വേഷിക്കുകയും ഫാക്റ്റ് ചെക്ക് ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

കെഎസ്ആര്‍ടിസി പമ്പ-നിലയ്ക്കല്‍ ചെയ്ന്‍ സര്‍വീസിന് നിരക്ക് വര്‍ദ്ധപ്പിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ഉത്സവകാലത്ത് പ്രത്യേക സർവീസ് നടത്താൻ കെഎസ്ആർടിസിക്ക് 30% അധിക നിരക്ക് ഈടാക്കാവുന്നതാണെന്ന് ഗസറ്റ് വിജ്ഞാപനം ഉണ്ട്. വിജ്ഞാപന പ്രകാരമാണ് കെഎസ്ആർടിസി സര്‍വീസില്‍ ഒരേ സ്ഥലത്തേക്കുള്ള മടക്കയാത്രയിൽ ചാർജ്ജ് വർദ്ധന ടിക്കറ്റ് നിരക്കിൽ കാണാൻ സാധിക്കുന്നത്. നവംബർ 17ന് മണ്ഡലകാലം ആരംഭിച്ചു. അന്ന് ടിക്കറ്റ് നിരക്ക് വർധന പ്രാബല്യത്തിൽ വരുകയും ചെയ്തു. ആദ്യം നൽകിയിരിക്കുന്ന ടിക്കറ്റ് അതായത് നവംബര്‍ 16 -മണ്ഡലകാലം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് ഉള്ളതാണ്. അന്ന് നിരക്ക് വർധന പ്രാബല്യത്തിൽ വന്നിരുന്നില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കെ‌എസ്‌ആര്‍‌ടി‌സി ശബരിമല സര്‍വീസ്- ചെങ്ങന്നൂര്‍-പമ്പ യാത്രയ്ക്കും മടക്ക യാത്രയ്ക്കും രണ്ടു ടിക്കറ്റ് നിരക്ക്- കാരണമിതാണ്...

Fact Check By: Vasuki S

Result: MISLEADING