
വിവരണം
ഖുർആൻ പാരായണത്തിന്റെ അകമ്പടിയോടെ മാതളത്തിന്റെയും നാരങ്ങയുടെയും വിത്തുകൾ ശേഖരിച്ച് ഒരുമിച്ചു ചേർത്തു വച്ച് പുതിയ ചെടി മുളപ്പിച്ച് എടുക്കുന്ന വീഡിയോ വായനക്കാരിൽ പലരും ഇതിനോടകം കണ്ടിട്ടുണ്ടാകും. രണ്ടു ഫലങ്ങളും മുറിച്ച് അതിൽ നിന്നും ഓരോ വിത്ത് എടുത്ത് ഗുളികയുടെ കാപ്സൂളിനുള്ളിൽ വച്ചടച്ച് മണ്ണിൽ കുഴിച്ചിട്ടപ്പോൾ രണ്ടു ഫലങ്ങളുടെയും മിശ്ര ഗുണങ്ങളുള്ള ഫലം ലഭിച്ചു എന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഈ വീഡിയോ സത്യമാണോ അതോ വ്യാജമാണോ എന്ന് ഞങ്ങൾ അതിനു ലഭിച്ചു കൊണ്ടിരിക്കുന്ന ലൈക്കുകളുടെയും ഷെയറുകളുടെയും അടിസ്ഥാനത്തിൽ വിലയിരുത്തുകയുണ്ടായി.
വസ്തുതാ വിശകലനം
ഗൂഗിൾ റിവേഴ്സ് ഇമേജു വഴി തിരഞ്ഞപ്പോൾ വീഡിയോയുടെ ഉറവിടം ലഭിച്ചു. അഡ്രിയൻ കോസാക്കിവിസ് എന്ന യൂറോപ്പുകാരൻ “joke” എന്ന തലക്കെട്ടിൽ തന്റെ യൂട്യൂബ് ചാനലായ Insecthaus TV യിൽ 2017 ജൂൺ 12 ന് അപ്ലോഡ് ചെയ്ത വീഡിയോ ആണിത്. പിന്നീട് പ്രസ്തുത വീഡിയോ ഇന്തോനേഷ്യൻ ഭാഷയിലെ ചില വെബ്സൈറ്റുകളിൽ അപ്ലോഡ് ചെയ്തതായി കാണാം.


ഇതേപ്പറ്റി കൂടുതലറിയാൻ ഞങ്ങൾ വെള്ളായണി കാർഷിക കോളജിലെ സീഡ് സയൻസ് ആൻഡ് ടെക്നോളജി വിഭാഗം പ്രൊഫസ്സർ ആൻഡ് ഹെഡ് ആയ ഡോ.ജയലക്ഷ്മി യോട് അഭിപ്രായം ചോദിച്ചിരുന്നു. “ഒരു വിത്തിന്റെ ഭ്രൂണത്തിനുള്ളിലാണ് ചെടിയുടെ സ്വഭാവ സിശേഷതകൾ അടങ്ങിയ നുക്ലിയർ ഘടകമായ ജീൻ സ്ഥിതി ചെയ്യുന്നത്. വിത്തിന്റെ പുറംചട്ട ഭേദിച്ച് രണ്ടു വിത്തുകളിലെയും ജീനുകൾ പുറത്തുവന്ന് ഒന്നായാൽ മാത്രമേ മേൽപറഞ്ഞ വീഡിയോയിൽ കാണുന്നതു പോലെയുള്ള സ്വഭാവ സവിശേഷതകളിൽ ഒരു ചെടി രൂപപ്പെടുകയുള്ളു. എന്നാൽ ജീനുകളുടെ ഇത്തരം പുനസംയോജനം അസാധ്യമാണ്. പ്ലാസ്റ്റിക് ഉറയുടെ ഉള്ളിൽ രണ്ടു വിത്തുകൾക്കും ജീവൻ നിലനിർത്താൻ ആകില്ല.” ഇതാണ് ഡോക്ടർ ജയലക്ഷ്മി പങ്കുവച്ചത്.
നിഗമനം
ഈ വീഡിയോ തികച്ചും വ്യാജമാണെന്ന് നിസംശയം തെളിഞ്ഞിട്ടുണ്ട്. ആദ്യം അപ്ലോഡ് ചെയ്തയാൾ തമാശയാണെന്ന പ്രഖ്യാപനം നൽകുന്നുണ്ട്. ഖുർആൻ വചനങ്ങളുമായി പ്രചരിപ്പിക്കുന്ന ഈ വീഡിയോയിൽ കാണുന്നത് പോലെ മാതളവും നാരങ്ങയും ചേർന്ന് പുതിയ സസ്യം രൂപപ്പെടില്ല. മാന്യ വായനക്കാർ സത്യമറിയാതെ പോസ്റ്റ് പ്രചരിപ്പിക്കരുത് എന്ന് അപേക്ഷിക്കുന്നു
