
വിവരണം
സദസ്സിൽ കൈ കാട്ടിയ കുട്ടിയെ വിളിച്ച് മൈക്കിൽ സംസാരിപ്പിച്ച് ആളാകാൻ ശ്രമിച്ച മോഡിയുടെ കഷ്ടകാലം…… കുട്ടി പറയുന്നത് കേൾക്കുക “ചൗക്കീദാർ ചോർ ഹെ”… എന്ന വിവരണത്തോടെ Nishad kgm എന്ന പേജിൽ നിന്നും2019 ഏപ്രിൽ 28 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ ഏകദേശം 5000 ഷെയറുകളായിട്ടുണ്ട്. പോസ്റ്റിലുള്ളത് ഒരു വീഡിയോയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി വേദിയിൽ ഒരു ചെറിയ പെൺകുട്ടിയെ കൈകളിലെടുത്തു മൈക്കിന് സമീപത്തേയ്ക്ക് കൊണ്ടുവരുന്നതും കുട്ടി “ചൗക്കിദാർ ചോർ ഹൈ” (കാവൽക്കാരൻ കള്ളനാണ്) എന്നു പറയുന്നതുമായ ദൃശ്യങ്ങളുമാണ് വീഡിയോയിലുള്ളത്. RAHUL GANDHI എന്ന പേജിൽ നിന്നും ഇതേ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നരേന്ദ്രമോദി സ്നേഹപൂർവ്വം കൈകളിലെടുത്ത് ഓമനിച്ച് വേദിയിൽ കൊണ്ടുവന്ന കുട്ടി പോസ്റ്റിൽ പറയുന്ന പ്രകാരം അദ്ദേഹത്തെ പരിഹസിച്ച് ഇങ്ങനെ പറഞ്ഞോ….. അതുകേട്ട് സദസ്സ് നിറഞ്ഞു കൈയ്യടിച്ചോ… നമുക്ക് അറിയാൻ ശ്രമിക്കാം
വസ്തുതാ പരിശോധന
ഞങ്ങൾ ഈ വീഡിയോയുടെ സ്ക്രീൻഷോട്ടെടുത്ത് yandex ഇമേജിലൂടെ തിരഞ്ഞപ്പോൾ തന്നെ ഇതേ വീഡിയോയുടെ വസ്തുതാ പരിശോധന നടത്തിയ വെബ്സൈറ്റുകളുടെ വിശദാംശങ്ങൾ ലഭിച്ചിരുന്നു.

അതിൽനിന്നും വീഡിയോയുടെ പൂർണ വിവരങ്ങൾ ലഭ്യമായി. അതിൽ മോഡി കുട്ടിയോട് രാഹുൽ ഗാന്ധിയെ പപ്പു എന്ന് വിളിക്കാൻ ആവശ്യപ്പെടുന്നതായും കുട്ടി അങ്ങനെ വിളിക്കുന്നതായും വീഡിയോയിൽ പറയുന്നു.
quint, timesofindia എന്നീ വെബ്‌സൈറ്റുകൾ ഇത് സംബന്ധിച്ച് വസ്തുതാ പരിശോധന നടത്തിയിരുന്നു. ലിങ്കുകൾ താഴെ കൊടുക്കുന്നു.
archived link | timesofindia |
archived link | thequint |
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 66 മത്തെ ജന്മദിനത്തിൽ ഗുജറാത്തിലെ നവസാരിയിൽ സംഘടിപ്പിച്ച സാമാജിക് അധികാരിതാ ശിവിർ എന്ന ചടങ്ങിൽ നിന്നുമുള്ള വീഡിയോയാണിത്. ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം ചടങ്ങിൽ ഉൾപ്പെടുത്തിയിരുന്നു.അത് സ്വീകരിക്കാനെത്തിയതാണ് മോദി കൈകളിലെടുത്ത ഭിന്നശേഷിക്കാരിയായ കുട്ടി. രാമായണത്തിന്റെ കഥാസാരം ഏതാനും വരികളിൽ കുട്ടി ആലപിക്കുമെന്നറിഞ്ഞ മോദി അവളെ മൈക്കിനരികിലേയ്ക്ക് കൊണ്ടുവരികയായിരുന്നു. കുട്ടി മൈക്കിനരികിൽ നരേന്ദ്ര മോദിയുടെ കൈകളിലിരുന്ന് രാമായണത്തിന്റെ വരികൾ ആലപിക്കുന്നതാണ് ഈ വീഡിയോയുടെ യഥാർത്ഥ ഉള്ളടക്കം. പോസ്റ്റിലെ വീഡിയോയിൽ കുട്ടിയുടേതായി നൽകിയിട്ടുള്ള ശബ്ദം പിന്നീട് എഡിറ്റ് ചെയ്തു ചേർത്തതാണ്. ഈ സംഭവം നടന്നത് 2016 സെപ്റ്റംബർ 17 നായിരുന്നു.
ഇതേക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു
archived link | timesofindia |
ഇതിന്‍റെ നിരവധി വീഡിയോകൾ ഇന്റർനെറ്റിൽ ലഭ്യമാണ് ദൂരദർശൻ ചാനലിൽ വന്ന വാർത്തയുടെ വീഡിയോ താഴെ കൊടുക്കുന്നു.
നരേന്ദ്രമോദി അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ഈ വിവരം പങ്കുവച്ചിട്ടുണ്ടായിരുന്നു.
Priceless moments from Navsari which I will never forget. pic.twitter.com/CWnkmd68JH
— Chowkidar Narendra Modi (@narendramodi) September 17, 2016
2019 ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപി സമ്മതിദായകരെ ആകർഷിക്കാൻ പുറത്തിറക്കിയ നാമമാണ് ‘ചൗക്കിദാർ’ എന്നത്. ‘ചൗക്കിദാർ ചോർ ഹൈ’ എന്നത് എതിർ പാർട്ടികൾ ബിജെപിയ്ക്കെതിരെ പരിഹാസരൂപേണ പ്രയോഗിച്ചു തുടങ്ങിയതുമാണ്. ഇവ രണ്ടും 2019 ലാണ് വന്നത്. വീഡിയോ യഥാർത്ഥ വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത് 2016 സെപ്റ്റംബർ 17 നാണ്. അതിനാൽ ഇത് വ്യാജ പ്രചാരണമാണെന്ന് വ്യക്തമാണ്.
നിഗമനം
ഈ പോസ്റ്റിൽ പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജമാണ്. യഥാർത്ഥ വീഡിയോയോടൊപ്പം എഡിറ്റു ചെയ്ത ശബ്ദമാണ് കുട്ടിയുടേതായി ചേർത്തിരിക്കുന്നത്. കുട്ടി ‘ചൗക്കിദാർ ചോർ ഹൈ’ എന്നല്ല പറയുന്നത്. രാമായണ വരികൾ ആലപിക്കുകയാണ്. അതിനാൽ പൂർണമായും വ്യാജ പ്രചാരണമുള്ള ഈ വീഡിയോ പ്രചരിപ്പിക്കരുതെന്ന് ഞങ്ങൾ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.
ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Title:സ്നേഹപൂർവ്വം കൈകളിലെടുത്ത കുട്ടി മോദിയെ ഇങ്ങനെ പരിഹസിച്ചോ..?
Fact Check By: Deepa MResult: False
