‘400 വർഷത്തിലൊരിക്കൽ ഹിമാലയത്തിൽ വിരിയുന്ന മഹാമേരു’-ഫോക്സ് ടെയില്‍ ലില്ലിയുടെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് വ്യാജ പ്രചരണം

അന്തര്‍ദേശീയം | International കൌതുകം

ഹിമാലയം പല വിസ്മയങ്ങളുടെയും സങ്കേതമാണ്. പലതരം അപൂർവ്വ ഔഷധ ചെടികളും പുഷ്പഫലങ്ങളും ഹിമാലയത്തില്‍ മാത്രം കണ്ടു വരാറുണ്ടെന്ന് ചില പഠനങ്ങൾ പറയുന്നു.  400 വർഷത്തിലൊരിക്കൽ മാത്രം ഹിമാലയത്തിൽ വിരിയുന്ന പൂവ് എന്ന അവകാശവാദത്തോടെ ഒരു വീഡിയോ നിങ്ങളില്‍ പലർക്കും ഇതിനോടകം ലഭിച്ചു കാണും

 പ്രചരണം 

മഹാമേരു അല്ലെങ്കിൽ പഗോഡ, 400 വർഷത്തിലൊരിക്കൽ മാത്രം ഹിമാലയത്തിൽ മാത്രം വിരിയുന്നത് എന്നിങ്ങനെയുള്ള വിശേഷണത്തോടെ പ്രചരിക്കുന്ന നാലാമത്തെ പുഷ്പമാണിത് എന്നതാണ് കൗതുകകരം. 

വിവരണം പഴയതു തന്നെയാണെങ്കിലും നൽകിയിരിക്കുന്ന പുഷ്പം പുതിയതാണ് എന്നത് മാത്രമാണ് വ്യത്യാസം.  വിവരണം ഇങ്ങനെ: ഇതാണ് “പഗോഡ പുഷ്പം” അല്ലെങ്കിൽ “മഹാമേരു”, ടിബറ്റിലെ അതുല്യമായ ശുഭ പുഷ്പം. ഹിമാലയത്തിലെ പഗോഡ പൂക്കൾ 400 വർഷം കൂടുമ്പോൾ വിരിയുന്നു. പഗോഡ പൂക്കുന്നത് കാണാൻ നമ്മുടെ തലമുറയ്ക്ക് ഭാഗ്യമുണ്ട്. മറ്റുള്ളവർക്ക് കാണാൻ വേണ്ടി ദയവായി ഷെയർ ചെയ്യുക. നിങ്ങളുടെ ജീവിതകാലം മുഴുവൻ ആശംസിക്കുന്നു!

FB postarchived link

എന്നാല്‍ തെറ്റായ പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

മഹാമേരു എന്ന പേരിൽ ഒരു പുഷ്പം ഈ ലോകത്തില്ല എന്ന് ഇതേപ്പറ്റി വസ്തുത അന്വേഷണം നടത്തിയ കാലം മുതൽ പലരും  സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഹിമാലയത്തില്‍ 400 കൊല്ലത്തിലൊരിക്കല്‍ മാത്രം വിരിയുന്ന പുഷ്പം എന്ന പ്രചരണ പരമ്പരയിലെ നാലാമത്തെ പുഷ്പമാണിത്.  മഹാമേരു എന്നാൽ ദ്വിമാന ആകൃതിയിലുള്ള ഒരു ശ്രീ യന്ത്രമാണ്. ഹിന്ദു ജൈന ബുദ്ധ പ്രപഞ്ച ശാസ്ത്രത്തിന്‍റെ അഞ്ചു കൊടിമുടികളുള്ള പർവ്വതമായ മേരുവിന് ഈ രൂപത്തിൽ നിന്നാണ് ആ പേര് വന്നത്. യഥാര്‍ത്ഥത്തില്‍ മഹാമേരു എന്ന പേരിൽ ഒരു പുഷ്പം ലോകത്തിനില്ല.  

ഇനി നമുക്ക് ചിത്രത്തിൽ നൽകിയിരിക്കുന്ന പൂവിനെ കുറിച്ച് അന്വേഷിക്കാം. ഇത് എറെമുറസ് (Eremurus) എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഫോക്സ്  ടെയിൽ ലില്ലി എന്ന പുഷ്പമാണ്. അസ്ഫോഡെലേസി കുടുംബത്തിലെ ഒരു ജനുസ്സായ എറെമുറസ് ആണിത്. ഫോക്സ്ടെയിൽ ലില്ലി അല്ലെങ്കിൽ മരുഭൂമിയിലെ മെഴുകുതിരികൾ എന്നും അറിയപ്പെടുന്നു. കിഴക്കൻ യൂറോപ്പ് (റഷ്യ, ഉക്രെയ്ൻ), തുർക്കി മുതൽ ചൈന വരെയുള്ള മിതശീതോഷ്ണ ഏഷ്യയിലാണ് ഇവയുടെ ജന്മദേശം.

ചെടിക്ക് ആയുസ്സ് ഏകദേശം ഒരു വർഷത്തോളം ഉണ്ടാകും. കോണ്‍ ആകൃതിയില്‍ മുകളിലേയ്ക്ക് വളരുന്ന പൂവില്‍ 100 ലധികം മൊട്ടുകളുണ്ടാകും. ഏകദേശം രണ്ടാഴ കൊണ്ടാണ് ഇവ വിരിഞ്ഞു പൂര്‍ണ്ണമാകുന്നത്. ചെടിയുടെ ചുവട്ടിലുണ്ടാകുന്ന  കിഴങ്ങ് ഉപയോഗിച്ച് അടുത്ത ചെടി ഉത്പാദിപ്പിക്കാൻ സാധിക്കും.  പൂവ് രണ്ടാഴ്ചയോളം നിൽക്കും എന്നാണ് ആധികാരികമായ ബോട്ടാണിക്കൽ പഠന വെബ്സൈറ്റുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. പല നിറത്തിലും ആകൃതിയിലും ഗന്ധത്തിലുമായി ഏതാണ്ട് 40 ലധികം വൈവിധ്യങ്ങൾ  ഫോക്സ് ടെയിൽ ലില്ലിക്ക് ഉണ്ട്. 

കൂടുതൽ വിശദാംശങ്ങൾ അറിയാനായി ഞങ്ങൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോട്ടണി വിഭാഗം പ്രൊഫസറായ ഡോ. സാബു മാമിയിൽ ആയി സംസാരിച്ചു. അദ്ദേഹം ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ് “ഇങ്ങനെയൊരു പ്രചരണം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു.  ഇത് ഫോക്സ് ടെയിൽ ലില്ലി എന്ന സസ്യമാണ്. വിദേശരാജ്യങ്ങളിലാണ് കൂടുതലായും യൂറോപ്യന്‍ മേഖലകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഈ ചെടി 400 വർഷത്തിലൊരിക്കൽ മാത്രമേ പുഷ്പിക്കൂ എന്നത് പൂർണമായും വ്യാജപ്രചരണം ആണ്. 100 വർഷത്തിലൊരിക്കൽ പൂക്കും എന്ന് അവകാശപ്പെടുന്ന സെഞ്ചുറി പ്ലാന്‍റ്  എന്ന മറ്റൊരു സസ്യമുണ്ട്. അതിനുപോലും ഏതാണ്ട് 30 വർഷമാണ് ആയുസ്സ് ഉള്ളത്.”

വൈറല്‍ വീഡിയോയിലുള്ളത് പൂ വിരിയുന്നതിന്‍റെ ടൈം ലാപ്സ് വീഡിയോ ആണ്. സമാന വീഡിയോകള്‍ ഷട്ടര്‍ സ്റ്റോക്ക് എന്ന വെബ്സൈറ്റില്‍ നിറയെ കാണാം. 

ഫോക്സ് ടെയിൽ ലില്ലിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ: 

botanic.cam.ac.uk | dutchgrown | en.wikipedia

ഇതിന് മുമ്പ് മഹാമേരു എന്ന പേരില്‍ പ്രചരിച്ച പൂവുകളെ കുറിച്ച് ഞങ്ങളുടെ ടീം നടത്തിയ ഫാക്റ്റ് ചെക്കുകള്‍ വായിക്കാം. 

FACT CHECK: ഈ ചിത്രം 400 കൊല്ലത്തില്‍ ഒരു പ്രാവശ്യം വിരിയുന്ന മഹാമേരു അഥവാ റ്റിബറ്റന്‍ പഗോഡ പുഷ്പത്തിന്‍റെതല്ല; സത്യാവസ്ഥ അറിയൂ…

400 കൊല്ലത്തിലൊരിക്കല്‍ പുക്കുന്ന മഹാമേരു പുഷ്പത്തിന്‍റെ ചിത്രമാണോ ഇത്…?

ഇത് ഹിമാലയത്തില്‍ കാണുന്ന മഹാമേരു എന്ന പുഷ്‌പമാണോ?

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂർണ്ണമായും തെറ്റാണ്. ഹിമാലയത്തിൽ കണ്ടുവരുന്ന മഹാമേരു പുഷ്പം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഫോക്സ് ടെയില്‍ ലില്ലി എന്ന പൂവിന്‍റെ ദൃശ്യങ്ങളാണ്. ഏതാണ്ട് 40 ലധികം വൈവിധ്യങ്ങൾ ലോകമെമ്പാടും ഈ പൂവിനുണ്ട്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘400 വർഷത്തിലൊരിക്കൽ ഹിമാലയത്തിൽ വിരിയുന്ന മഹാമേരു’-ഫോക്സ് ടെയില്‍ ലില്ലിയുടെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് വ്യാജ പ്രചരണം

Fact Check By: Vasuki S 

Result: False