മാവേലിക്കരയില്‍ ബാങ്ക് മോഷണശ്രമത്തിനിടയില്‍ പിടിയിലായത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണോ?

രാഷ്ട്രീയം | Politics

വിവരണം

മവേലിക്കര ചെട്ടികുളങ്ങര ഈരേഴ വടക്ക് CPIM ബ്രാഞ്ച് സെക്രട്ടറി ശ്രീ.ഓമനക്കുട്ടനെ രാത്രിയില്‍ ബാങ്ക് കുത്തിതുറന്നതിന് പോലീസ് അറസ്റ്റ്ചെയ്തു. എന്ന തലക്കെട്ട് നല്‍കി ഒരു വ്യക്തിയെ ബലപ്രയോഗത്തിലൂടെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ പിടികൂടുന്ന ചിത്രം കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബിജെപി മിഷന്‍ കേരള എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 398ല്‍ അധികം റിയാക്ഷനുകളും 136ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രചരിക്കുന്ന ചിത്രത്തിലുള്ള വ്യക്തി മവേലിക്കര ഈരേഴയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി തന്നെയാണോ? ബ്രാഞ്ച് സെക്രട്ടറിയെയാണോ പോലീസ് ബാങ്ക് മോഷണ ശ്രമത്തിന് പിടികൂടിയത്? എന്താണ് വസ്‌തുത എന്ന് അന്വേഷിക്കാം.

വസ്‌തുത വിശകലനം

സംഭവത്തെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ അറിയാന്‍ ഞങ്ങളുടെ പ്രതിനിധി സംസ്ഥാന പോലീസ് മീഡിയ സെന്‍ററിന്‍റെ സഹായത്തോടെ മാവേലിക്കര പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. കെഎസ്എഫ്ഇ കണ്ടിയൂര്‍ ശാഖ കുത്തിത്തുറന്ന് പണം അപഹരിക്കാന്‍ ശ്രമിച്ചതിന് ഓമനക്കുട്ടന്‍ എന്ന വ്യക്തിയെ പിടികൂടിയതായി പോലീസ് വ്യക്തമാക്കി. എന്നാല്‍ ഇയാള്‍ നിലവില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയല്ലെന്നും മുന്‍ കാലങ്ങളില്‍ ബ്രാഞ്ച് കമ്മിറ്റി ഭാരവാഹിയായിരുന്നു എന്നും പോലീസ് മാവേലിക്കര പോലീസ് വ്യക്തമാക്കി.

അതെസമയം മോഷണശ്രമത്തിന് അറസ്റ്റിലായ ഓമനക്കുട്ടന്‍റെ സിപിഎം ബന്ധത്തെ കുറിച്ച് അറിയാനും ഇയാളെ സംഘടന ചുമതലയില്‍ നിന്നും മുന്‍പ് തന്നെ പുറത്താക്കിയിട്ടുണ്ടോ എന്ന് അറിയാനും സിപിഎം മാവേലിക്കര ഏരിയ കമ്മിറ്റിയുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. മാവേലിക്കര ഏരിയ സെക്രട്ടറി കെ.മധുസൂദനന്‍ വിഷയത്തില്‍ പ്രതികരിച്ച് പുറപ്പെടുവിച്ച പ്രസ്താവനയും ഞങ്ങള്‍ക്ക് ലഭിച്ചു. സിപിഎം വിശദീകരണം ഇപ്രകാരമാണ്-

2019 ‍ഡിസംബര്‍ മാസത്തില്‍ സിപിഎം സംഘടന ചര്‍ച്ചയുടെ ഭാഗമായി ചെട്ടികുളങ്ങര വടക്ക് ലോക്കല്‍ കമ്മിറ്റി നല്‍കിയ സംഘടന റിപ്പോര്‍ട്ടില്‍ അന്ന് ഈരേഴ വടക്ക് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഓമനെക്കുട്ടനെതിരെ ഗുരുതരമായി ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതുപ്രാകരം അന്വേഷണവിധേയമായ ഓമനെകുട്ടനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു. തുടര്‍ന്ന് പാര്‍ട്ടി അച്ചടക്ക ലംഘനം ഇയാള്‍ നടത്തിയെന്ന് ബോധ്യപ്പെട്ടത് പ്രകാരം ജനുവരി മാസത്തില്‍ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഓമനക്കുട്ടനെ നീക്കം ചെയ്തിരുന്നു. പകരം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് സുരേന്ദ്ര കുമാര്‍ എന്ന വ്യക്തിയെ പാര്‍ട്ടി ചുമതലപ്പെടുത്തുകയും ചെയ്തു. നിലവില്‍ സുരേന്ദ്രകുമാറാണ് ഈരേഴ വടക്ക് ബ്രാഞ്ച് കമ്മിറ്റിയുടെ സെക്രട്ടറി. സംഘടനതലത്തില്‍ പാര്‍ട്ടി സ്വീകരിച്ച എല്ലാ നടപടികള്‍ക്കും വ്യക്തമായ രേഖകളും പാര്‍ട്ടി സൂക്ഷിച്ചിട്ടുണ്ടെന്നും നിലവില്‍ സിപിഎമ്മിനെതിരെ ഓമനക്കുട്ടന്‍റെ പേര് ഉപയോഗിച്ച് നടത്തുന്നത് വ്യാജ പ്രചരണം മാത്രമാണെന്നും സിപിഎം മാവേലിക്കര ഏരിയ സെക്രട്ടറി കെ.മധുസൂദനന്‍ പ്രസ്താവനയില്‍ അറിയിച്ചു.

നിഗമനം

പ്രചരിക്കുന്ന പോസ്റ്റില്‍ ഉന്നയിക്കുന്നത് പോലെ ബാങ്ക് മോഷണ ശ്രമത്തിന് പിടിയിലായത് നിലവില്‍ സിപിഎമ്മിന്‍റെ ബ്രാഞ്ച് സെക്രട്ടറിയായ വ്യക്തയല്ലെന്ന് അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതെസമയം ഇയാള്‍ മുന്‍കാലങ്ങളില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ പോസ്റ്റ് ഭാഗമായി തെറ്റാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:മാവേലിക്കരയില്‍ ബാങ്ക് മോഷണശ്രമത്തിനിടയില്‍ പിടിയിലായത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണോ?

Fact Check By: Dewin Carlos 

Result: Partly False