വിവരണം

ഇന്നലത്തെ കേരളത്തെ കണ്ണീരിലാഴ്ത്തിയ രണ്ടു ദുരന്തങ്ങളാണ് കരിപ്പൂരിലെ വിമാന അപകടവും മൂന്നാർ രാജമലയിലെ മണ്ണിടിച്ചിലും. രണ്ടു ദുരന്തങ്ങളും ഇതുവരെ നാൽപ്പതോളം പേരുടെ ജീവനെടുത്തു കഴിഞ്ഞു. കരിപ്പൂർ വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞ ക്യാപ്റ്റൻ ദീപക് വസന്ത് സാഥേയെ വേദനയോടെയാണെങ്കിലും പ്രകീര്‍ത്തിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രചരിച്ചു. കാരണം ജീവൻ കളഞ്ഞും അദ്ദേഹം കാട്ടിയ ജാഗ്രത മൂലമാണ് ദുരന്തത്തിന്റെ തീവ്രതയും മരണ നിരക്കും കുറയ്ക്കാനായത് എന്നാണ് വാര്‍ത്തകള്‍ അറിയിക്കുന്നത്.

കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ക്യാപ്റ്റന്‍ ദീപക് വസന്ത് സാതെയുടെ പേരില്‍ ഒരു ഗാനം പ്രചരിക്കുന്നുണ്ട്. പ്രശസ്ത ഹിന്ദി ഗായകന്‍ ഉദിത് നാരായന്‍റെ സൂപ്പര്‍ഹിറ്റ് ഗാനമായ ‘ഘര്‍ സെ നികല്‍ത്തേ ഹി’.. മനോഹരമായി ക്യാപ്റ്റന്‍ ദീപക് വസന്ത് സാഥേ ആലപിക്കുന്നു എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്.

archived linkFB post

വീഡിയോയ്ക്ക് നല്കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: #ക്യാപ്റ്റൻ #ദീപക് #വസന്ത് #സത്തേ... സ്വന്തം ജീവൻ ബലികൊടുത്ത് ഭൂരിപക്ഷം യാത്രക്കാരുടെയും ജീവൻ രക്ഷിച്ച ക്യാപ്റ്റൻ ദീപക് വസന്ത് സത്തേ.. അദ്ദേഹത്തിന്‍റെ മനോഹരമായ ഈ ഗാനം ഓർമ്മകളിൽ മാത്രേം.. ബാഷ്പാഞ്ജലികൾ അർപ്പിക്കുന്നു...

എന്നാല്‍ ഈ വീഡിയോ ദൃശ്യങ്ങളില്‍ ഗാനം ആലപിക്കുന്നത് ക്യാപ്റ്റന്‍ ദീപക് സാഥേ അല്ല.

യാഥാര്‍ഥ്യം ഇങ്ങനെയാണ്

ഞങ്ങളുടെ മറാഠി ടീം ഈ വീഡിയോയുടെ മുകളില്‍ കഴിഞ്ഞ മാസം ഡിസംബറില്‍ വസ്തുതാ അന്വേഷണം നടത്തിയിരുന്നു. വെസ്റ്റേൺ കമാൻഡന്റിൽ ഫ്ളാ​ഗ് ഓഫീസർ കമാൻഡിങ് ഇൻ ചീഫായിരുന്ന വൈസ് അഡ്മിറൽ ​ഗിരീഷ് ലൂത്രയാണ് ഗാനം ആലപിക്കുന്നത്. അദ്ദേഹം സര്‍വീസില്‍ നിന്നും വിരമിച്ചു. ഇതിന്‍റെ മുകളില്‍ മറാഠി ടീം നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് താഴെ:

‘घर से निकलते ही’ गाणारे नौदलातील गिरीश लुथरा आहेत. ते आगामी लष्करप्रमुख मनोज नरवणे नाहीत. वाचा सत्य

വൈസ് അഡ്മിറല്‍ ഗിരീഷ് ലുത്ര റിട്ടയേഡ് എന്ന യുട്യൂബ് ചാനലില്‍ ഇതേ വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്. ചാനലില്‍ അദ്ദേഹം ആലപിച്ച മറ്റ് രണ്ടു പാട്ടുകളുമുണ്ട്.

archived link

ഇതേ വീഡിയോ ലെഫ്റ്റനന്‍റ് ജനറല്‍ മനോജ് നരവനെ പാടുന്നു എന്ന മട്ടിലാണ് കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ മറാഠി ഭാഷയില്‍ പ്രചരിച്ചത്. ഞങ്ങളുടെ റിപ്പോര്‍ട്ട് വീഡിയോ ഇതാ:

archived link

ഇന്ത്യന്‍ എസ്‌എഫ് എന്ന യുട്യൂബ് ചാനലില്‍ വീഡിയോയെ പറ്റി നല്കിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: “ഉദിത് നാരായന്‍റെ ഘർ സെ നികല്‍ത്തേ ഹി...” ഹൃദയസ്പർശിയായി ആലപിച്ചു ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ പാട്ടിലാക്കിയത് മറ്റാരുമല്ല, വൈസ് അഡ്മിറൽ ഗിരീഷ് ലുത്രയാണ്.

വെസ്റ്റേൺ നേവൽ കമാൻഡിലെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് പദവി വഹിച്ചിരുന്ന വൈസ് അഡ്മിറൽ ലുത്ര ജനുവരി 31 ന് വിരമിച്ചു. 2016 മെയ് മുതൽ വെസ്റ്റേൺ നേവൽ കമാൻഡിന്‍റെ ചുമതലയായിരുന്നു.

1968 മാർച്ച് 1 ന് ഔദ്യോഗികമായി സ്ഥാപിതമായ ശേഷം ഇന്ത്യൻ നാവികസേനയുടെ ‘സുവർണ്ണ ജൂബിലി’ - 50 വർഷം ആഘോഷിക്കുന്ന പ്രത്യേക അവസരത്തിലാണ് വൈസ് അഡ്മിറൽ ലുത്ര തന്‍റെയുള്ളിലെ ഗായകനെ പുറത്തെടുത്തത്. വൈസ് അഡ്മിറൽ ലുത്ര വേദിയിൽ ഹൃദയം കൊണ്ട് ആലപിക്കുമ്പോൾ, കാണികളുടെ മുഖങ്ങളില്‍ പുഞ്ചിരി വിടര്‍ന്നു. ഫെബ്രുവരി 14 ലെ പുൽവാമ ആക്രമണത്തിന്‍റെയും അതിനുശേഷം രാജ്യത്തിനകത്തും പുറത്തും ഉണ്ടായ സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ, വൈസ് അഡ്മിറൽ ലുത്രയുടെ ഹൃദയംഗമമായ പ്രകടനം അരാജകത്വത്തിനിടയിൽ ശാന്തത നിറച്ചു.

വീഡിയോ 2019 മാർച്ച് അഞ്ചിന് യൂട്യൂബിൽ അപ്ലോഡ് ചെയ്തതാണ്. പക്ഷേ ഇത് യഥാർത്ഥത്തിൽ 2018 മാർച്ചിൽ റെക്കോർഡു ചെയ്‌തതാണ്.”

ഒറ്റനോട്ടത്തില്‍ ചില സമാനതകള്‍ തോന്നുന്നതിനാലാകാം ഗിരീഷ് ലുത്രയുടെ വീഡിയോ ക്യാപ്റ്റന്‍ ദീപക് സാട്ടെയുടേത് എന്ന മട്ടില്‍ പലരും പ്രചരിപ്പിച്ചത്.

മിഗ് 21 യുദ്ധ വിമാനം പറത്തി തന്‍റെ വ്യോമസേന ജീവിതം ആരംഭിച്ച ദീപക് വസന്ത് സാഥേ 22 വര്‍ഷത്തിന് ശേഷം വിങ് കമാണ്ടറായി സേവനത്തില്‍ നിന്നു വിരമിച്ചു. എയര്‍ ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നു നിലവില്‍ സാഥേ. അദ്ദേഹവും സഹപൈലറ്റ് അഖിലേഷ് കുമാറും ഉള്‍പ്പെടെ 18 യാത്രക്കാരാണ് ദുരന്തത്തില്‍ മരിച്ചത്.

നിഗമനം

പോസ്റ്റില്‍ നല്കിയിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. വീഡിയോയില്‍ ഗാനം ആലപിക്കുന്നത് കരിപ്പൂര്‍ വിമാന ദൂരത്തില്‍ മരിച്ച ക്യാപ്റ്റന്‍ ദീപക് സാഥേയല്ല. റിട്ടയേഡ് വൈസ് അഡ്മിറല്‍ ഗിരീഷ് ലുത്രയാണ്.

Avatar

Title:വീഡിയോയില്‍ ഗാനം ആലപിക്കുന്നത് കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ച ക്യാപ്റ്റന്‍ ദീപക് സാഥേയല്ല

Fact Check By: Vasuki S

Result: False