
മതവികാരം വ്രണപ്പെടുത്തിയതിന് ‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനത്തിനെതിരെ തിരുവനന്തപുരം സൈബര്‍ പൊലീസ് കേസ് എടുത്തു. ഗാനരചയിതാവിനും ഗായകനും ഉള്‍പ്പടെ നാലുപേര്‍ക്കെതിരെയാണ് കേസ്. ഇന്‍റര്‍നെറ്റ് മാധ്യമം വഴിയും നേരിട്ടും പൊതുജനങ്ങള്‍ക്കിടയിലും വിശ്വാസി സമൂഹത്തിനിടയിലും മതവികാരത്തെ അപമാനിക്കും വിധം മനപൂര്‍വം കരുതലോടെ അയപ്പ ഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപമാനിച്ചുവെന്ന് എഫ്ആറില്‍ പറയുന്നു. തിരുവാഭരണ പാത സംരക്ഷണ സമിതി സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതി നല്‍കിയത്.
മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍ പാര്‍ട്ടിക്കെതിരെ ഈ വിഷയത്തില്‍ പ്രതികരണം നടത്തിയെന്ന് അവകാശപ്പെട്ട് ഒരു സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്നുണ്ട്.
പ്രചരണം
പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടില്‍ മീഡിയവണ്‍ ചാനലിന്‍റെ ലോഗോ കാണാം. മാധ്യമങ്ങളോട് പ്രതികരണം നടത്തുന്ന ജി സുധാകരന്‍റെ ചിത്രവും ഒപ്പം “അയ്യപ്പന്റെ സ്വർണ്ണം കട്ട് കൊണ്ടുപോയപ്പോൾ. അതിനെ കുറിച്ച് ഒരു വാക്ക് മിണ്ടാതെ ഇരുന്നവർ ആണ് ഇപ്പോൾ ഒരു പാട്ട് പൊക്കി പിടിച്ചോണ്ട് വന്നിരിക്കുന്നത് എന്ന്. G.സുധാകരൻ “ എന്ന വാചകങ്ങളുമാണ് സ്ക്രീന്‍ഷോട്ടില്‍ ഉള്ളത്.

എന്നാല്‍ ജി സുധാകരന്‍ ഇങ്ങനെ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
പ്രചരണത്തിന്‍റെ വിശദാംശങ്ങള്‍ അറിയാനായി ഞങ്ങള്‍ ആദ്യം തന്നെ മുന്‍ മന്ത്രി ജി സുധാകരനുമായി സംസാരിച്ചു. “കുളിമുറിയില്‍ വീണ് കാലിനു പരിക്കുപറ്റി രണ്ടു മാസമായി ബെഡ്റസ്റ്റിലാണ്. പാര്‍ട്ടി സംബന്ധമായോ അല്ലെങ്കില്‍ മറ്റു പൊതുകാര്യങ്ങള്‍ക്കോ പുറത്തേയ്ക്ക് പോകുന്നില്ല. ഒരു വിഷയങ്ങളിലും അഭിപ്രായങ്ങള്‍ ഒരിടത്തും പങ്കുവയ്ക്കുന്നുമില്ല. എന്‍റെ പേരില്‍ വ്യാജ അഭിപ്രായം പ്രചരിപ്പിക്കുകയാണ്” എന്ന് അദ്ദേഹം വ്യക്തമാക്കി.
വൈറല്‍ സ്‌ക്രീന്‍ഷോട്ട് സൂക്ഷ്മമായി നിരീക്ഷിച്ചപ്പോള്‍ ചില പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടു. മീഡിയവണ്‍ ചാനല്‍ ലോഗാ ഉണ്ടെങ്കിലും ഇതില്‍ എഴുതിയിരിക്കുന്ന ഫോണ്ട് മീഡിയവണ്‍ ഉപയോഗിക്കുന്ന തരത്തിലുള്ളതല്ല.
കൂടുതല്‍ തിരഞ്ഞെങ്കിലും ഇങ്ങനെയൊരു വാര്‍ത്ത ലഭ്യമായില്ല. പിന്നീട് ഞങ്ങള്‍ മീഡിയവണ്‍ അധികൃതരുമായി സംസാരിച്ചപ്പോള്‍ സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്നും മീഡിയവണ്‍ ചാനലുമായി യാതൊരു ബന്ധവുമില്ലെന്നും ന്യൂസ് ഡെസ്‌കില്‍ നിന്നും അറിയിച്ചു.
2024 സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ജി സുധാകരനെതിരെയുണ്ടായ വിമര്‍ശനത്തിന് അദ്ദേഹം മറുപടി നല്‍കിയതിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് സ്‌ക്രീന്‍ഷോട്ടിലെ ചിത്രത്തിന് സമാനമാണ്.

തന്നെ സന്ദര്‍ശിക്കാനെത്തുന്ന സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ചിത്രങ്ങളാണ് പതിവായി അദ്ദേഹം പോസ്റ്റ് ചെയ്യുന്നത്.
നിഗമനം
ശബരിമല പാരഡി ഗാന വിവാദത്തില്‍ മുന്‍മന്ത്രി ജി സുധാകരന്‍ സിപിഎമ്മിനെ വിമര്‍ശിച്ച് പ്രതികരണം നടത്തി എന്ന രീതിയില്‍ പ്രചരിപ്പിക്കുന്ന മീഡിയ വണ്‍ സ്‌ക്രീന്‍ഷോട്ട് വ്യാജമാണ്. കാലിനു പരിക്കുപറ്റി വീട്ടില്‍ രണ്ടുമാസമായി വിശ്രമത്തില്‍ കഴിയുന്ന ജി സുധാകരന്‍ ഇങ്ങനെയൊരു പ്രതികരണം ഒരിടത്തും നടത്തിയിട്ടില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:പാരഡി ഗാന വിഷയത്തില്‍ സിപിഎം നിലപാടിനെതിരെ ജി സുധാകരന്‍..? പ്രചരിക്കുന്നത് വ്യാജ പ്രതികരണം…
Fact Check By: Vasuki SResult: False



