‘പൊതു സ്ഥലങ്ങളില്‍ ഇനി മാസ്ക് ധരിച്ചില്ലെങ്കില്‍ കേസില്ല’: ഉത്തരവിന്‍റെ വസ്തുത അറിയൂ…

സാമൂഹികം

2020 ല്‍ കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ മുതല്‍ നാം മാസ്ക് ഉപയോഗം തുടങ്ങിയതാണ്. ഇഷ്ടമായാലും ഇല്ലെങ്കിലും മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്ന് കോവിഡ് നിയന്ത്രണ നിയമ പ്രകാരം സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ നിലവില്‍ വരുകയും ചെയ്തു. ഈയിടെ കോവിഡ് വ്യാപനം ഏതാണ്ട് കുറഞ്ഞതായാണ് കണക്കുകള്‍ കാണിക്കുന്നത്. മാസ്ക് ഉപയോഗത്തില്‍ ചില ഇളവുകള്‍ പ്രാബല്യത്തില്‍ വന്നുവെന്ന് ഇന്നുമുതല്‍ ഒരു വാര്‍ത്ത പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.

പ്രചരണം

പൊതു സ്ഥലങ്ങളില്‍ ഇനി മാസ്ക് ധരിച്ചില്ലെങ്കില്‍ കേസില്ല എന്നാണ് പ്രചരണം. വാര്‍ത്താ മാധ്യമങ്ങളാണ് ആദ്യം ഇങ്ങനെ വാര്‍ത്ത നല്കിയത്. 

archived linkFB post

തുടര്‍ന്ന് സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടുകള്‍ പങ്കുവയ്ക്കാന്‍ തുടങ്ങി. ഇത്തരത്തിലുള്ള ചില പ്രചരണങ്ങള്‍ താഴെ കാണാം. 

എന്നാല്‍ ഇത് തെറ്റായ പ്രചരണമാണ്. 

വസ്തുത ഇതാണ് 

മാസ്കിന്‍റെ കാര്യത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത സത്യമല്ലെന്ന് പിന്നീട് പല മാധ്യമങ്ങളും അപ്ഡേറ്റ് ചെയ്തിരുന്നു. കൊവിഡ്-19 നിയന്ത്രണവുമായി ബന്ധപ്പെട്ട് ഫെയ്‌സ്‌ മാസ്‌ക് നിയമത്തിലും കൈ ശുചിത്വ പ്രോട്ടോക്കോളുകളിലും ഇളവ് വരുത്തിയതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വാസ്തവവിരുദ്ധമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ട്വീറ്റിലൂടെ വ്യക്തമാക്കി.

“മാസ്‌ക് ധരിക്കുന്നതിലും കൈകളുടെ  ശുചിത്വ പ്രോട്ടോക്കോളുകളിലും ഇളവ്  വരുത്തിയെന്ന് ചില മാധ്യമ റിപ്പോർട്ടുകൾ ശ്രദ്ധയില്‍ പെട്ടു. ഇത് അസത്യമാണ്. മാസ്കിന്‍റെയും കൈകളുടെ  ശുചിത്വത്തിന്‍റെയും  കരുതലുകള്‍ കോവിഡ് മാനേജ്‌മെന്‍റ്  നിയമ പ്രകാരം തുടരും”.  കൊവിഡ് നിയന്ത്രണ നടപടികൾക്കായി 2005ലെ ഡിസാസ്റ്റർ മാനേജ്‌മെന്‍റ് ആക്‌ട് നിർത്തലാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. മാസ്ക് നിയമം ഇളവ് ചെയ്യുന്നതായി ചില മാധ്യമങ്ങള്‍ തെറ്റായി റിപ്പോർട്ട് ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. പല സംസ്ഥാന സർക്കാരുകളും മാസ്‌ക് ധരിക്കുന്നതിനും കൊവിഡ് ഉചിതമായ പെരുമാറ്റത്തിനും വേണ്ടി എപ്പിഡെമിക് ഡിസീസ് ആക്ടിലെ വ്യവസ്ഥകൾ കര്‍ശനമായി പാലിക്കുകയാണ് എന്നത് ശ്രദ്ധേയമാണ്. 

പാൻഡെമിക് സാഹചര്യത്തിലെ മൊത്തത്തിലുള്ള പുരോഗതി കണക്കിലെടുത്ത്, കൊവിഡ് നിയന്ത്രണ നടപടികൾക്കായി 2005 ലെ ദുരന്ത നിവാരണ നിയമം നിർത്തലാക്കാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റി ശുപാർശ ചെയ്തു. എൻഡിഎംഎ ശുപാർശ ശ്രദ്ധയിൽപ്പെടുത്തി, കോവിഡ് നിയന്ത്രണ നടപടികൾക്കായി ദുരന്തനിവാരണ നിയമപ്രകാരം പുറപ്പെടുവിച്ച ഉത്തരവുകളും മാർഗ്ഗനിർദ്ദേശങ്ങളും നിർത്തലാക്കാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. “അതിനാൽ, കൊവിഡ് നിയന്ത്രണ നടപടികൾക്കായി 2005 ഡിഎം ആക്ട് പ്രകാരമുള്ള ഉത്തരവുകളും മാർഗ്ഗനിർദ്ദേശങ്ങളും ഉചിതമായി നിർത്തലാക്കുന്ന കാര്യം പരിഗണിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും/യുടികളോടും ഞാൻ ഉപദേശിക്കുന്നു”, 2022 മാർച്ച് 22 ലെ കത്തിൽ ആഭ്യന്തര സെക്രട്ടറി അറിയിച്ചു. മാസ്ക്  ധരിക്കുന്നതും കൈകളുടെ ശുചിത്വവും തുടരണമെന്ന് നിര്‍ദ്ദേശമുണ്ട്. 

മാസ്ക് നിയമത്തില്‍ സര്‍ക്കാര്‍ യാതൊരു ഇളവും നല്‍കിയിട്ടില്ല. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ്. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ കേസില്ല എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

അപ്ഡേറ്റ്: 

മാസ്ക് ഉപയോഗവുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി ഞങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു. അവിടെ നിന്നും മീഡിയ ആന്‍റ് കമ്യൂണിക്കേഷന്‍സ് എ‌ഡി‌ജി ഡോ. മനീഷ വര്‍മ്മ അറിയിച്ചത് ഇങ്ങനെയാണ്: “കോവിഡ്-19 മായി ബന്ധപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം, അല്ലാത്തപക്ഷം സംസ്ഥാനത്തിന് പിഴ ഈടാക്കാം. നിലവിൽ എല്ലാ സംസ്ഥാനങ്ങളും മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും. ഈ നടപടി ഒഴിവാക്കപ്പെട്ടിട്ടില്ല.”

സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്‍റെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം സജീവന്‍ സമാന മറുപടി തന്നെയാണ് നല്‍കിയത്: “കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ചട്ടങ്ങള്‍ ത്തന്നെയാണ് ഇക്കാര്യത്തില്‍ സംസ്ഥാനം പിന്തുടരുന്നത്. മാസ്കില്ലെങ്കില്‍ കേസില്ല എന്ന പ്രചരണം ശരിയല്ല. മാസ്ക്, സാമൂഹ്യ അകലം, സാനിറ്റൈസര്‍ ഉപയോഗം എന്നിവയില്‍ യാതൊരു ഇളവുകളും വരുത്തിയിട്ടില്ല. ഇളവുകള്‍ വന്നത് മാളുകള്‍, സിനിമാ തീയേറ്റര്‍, പൊതു പരിപാടികള്‍ എന്നിവയിലാണ്. മാസ്കൂകളുടെയും സാമൂഹ്യ അകലത്തിന്‍റെയും കാര്യത്തില്‍ ഇപ്പോള്‍ സംസ്ഥാനം പാലിക്കുന്ന ചട്ടങ്ങളും നടപടികളും തുടരുക തന്നെ ചെയ്യും. ദുരന്തനിവാരണ നിയമപ്രകാരം പുറപ്പെടുവിച്ച ഉത്തരവിന്‍റെ കാലാവധി അവസാനിക്കാന്‍ ഇനിയും സമയമുണ്ട്. അതിനു ശേഷം മാത്രമേ പുതിയ ഗൈഡ്ലൈനുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുറത്തിറക്കുകയുള്ളൂ. മറ്റു പ്രചാരണങ്ങള്‍ എല്ലാം തെറ്റാണ്.”കൂടാതെ സംസ്ഥാന പോലീസ് മീഡിയ സെല്‍ ഡപ്യൂട്ടി ഡയറക്റ്റര്‍ വി.പി. പ്രമോദ് കുമാര്‍ നല്കിയ വിശദീകരണം ഇങ്ങനെ: സര്‍ക്കാരില്‍ നിന്ന് സംസ്ഥാന പോലീസ് വിഭാഗത്തിന് മാസ്ക് ഉപയോഗം സംബന്ധിച്ച് പുതിയ അറിയിപ്പുകള്‍ ഒന്നും നല്‍കിയിട്ടില്ല. എന്തെങ്കിലും മാറ്റം സര്‍ക്കാര്‍ വരുത്തുകയാണെങ്കില്‍ നിയമ പാലകര്‍ എന്ന നിലയില്‍ പോലീസ് സേനയ്ക്ക് ആദ്യം തന്നെ അറിയിപ്പുകള്‍ ലഭിക്കും. നിലവിലെ സ്ഥിതി തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.” 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:‘പൊതു സ്ഥലങ്ങളില്‍ ഇനി മാസ്ക് ധരിച്ചില്ലെങ്കില്‍ കേസില്ല’: ഉത്തരവിന്‍റെ വസ്തുത അറിയൂ…

Fact Check By: Vasuki S 

Result: False