
വിവരണം
കേരള പോലീസിനെതിരായ ആരോപണങ്ങളും പരാതികളും വര്‍ദ്ധിച്ച സാഹചര്യത്തില്‍ മറ്റൊരു സംഭവം കൂടി കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രെയിന്‍ യാത്രികനെ ടിക്കറ്റ് ഇല്ലെന്ന കാരണത്താല്‍ ട്രെയിനില്‍ നിന്നും പ്ലാറ്റ്ഫോമിലേക്ക് ചിവിട്ടി ഇട്ടു എന്നതായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന പേജില്‍ നിന്നും ഇതെ കുറിച്ച് പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് ഇത്തരത്തിലാണ്-

പോസ്റ്റിന് ഇതുവരെ 1,600ല്‍ അധികം ഷെയറുകളും 272ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ടിക്കറ്റില്ലാത്ത കാരണത്താല്‍ പോലീസ് ഉദ്യോഗസ്ഥന്‍ ട്രെയിന്‍ യാത്രികനെ ചവിട്ടി ഇറക്കുന്നതിന്‍റെ വീഡിയോയാണോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
കണ്ണൂരില്‍ നടന്ന സംഭവത്തെ തുടര്‍ന്ന് പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ പോലീസ് ഇറക്കിവിട്ട ആളിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. അതെസമയം മദ്യപിച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയപ്പോഴാണ് പ്രതികരിച്ചതെന്ന് എഎസ്ഐയും വിശദീകരണം നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പെണ്‍കുട്ടിയും ഇത്തരം സംഭവത്തെ തുടര്‍ന്നാണ് പോലീസ് ഇടപെട്ടതെന്ന് ആരോപിച്ച് രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം യാത്രക്കാരനെ കോഴിക്കോട് നിന്നും പോലീസ് കണ്ടെത്തി. കണ്ണൂര്‍ കൂത്ത്പറമ്പ് സ്വദേശി ഷമീറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച് മൊഴിയെടുത്തു. ട്രെയിനില്‍ പെണ്‍കുട്ടികളെ അപമാനിച്ചു എന്ന് ഉയര്‍ന്ന ആരോപണത്തില്‍ പെണ്‍കുട്ടികള്‍ക്ക് രേഖാമൂലം പരാതി ഇല്ലാത്തതിനാല്‍ ഷമീറിനെ പോലീസ് വിട്ടയച്ചു എന്നും കൂത്തുപറമ്പ് പോലീസ് ഞങ്ങളോട് പ്രതികരിച്ചു. ഇയാള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്നും വധശ്രമം, മോഷണം, പീഡനം തുടങ്ങിയ കേസുകളില്‍ പ്രതിയായ ആളാണ് ഷമീര്‍ എന്നും പോലീസ് പറഞ്ഞു.
മനോരമ ന്യൂസ് ഇതെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത കാണാം-
നിഗമനം
ട്രെയിനില്‍ മദ്യപിച്ച് കയറി പെണ്‍കുട്ടികളെ അപമാനിക്കാന്‍ ശ്രമിച്ചതിനാണ് പോലീസ് ഇയാളെ ഇറക്കി വിട്ടത്. നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ് ഷമീര്‍. ട്രെയിനില്‍ യാത്ര ചെയ്ത പെണ്‍കുട്ടികള്‍ക്ക് പരാതി ഇല്ലാത്തതിനാല്‍ കസ്റ്റഡിയില്‍ എടുത്ത ശേഷം ഇയാളെ വിട്ടയച്ചു. പോലീസ് മര്‍ദ്ദിച്ചോ എന്ന് അറിയില്ലെന്നും താന്‍ മദ്യ ലഹരിയിലായിരുന്നു എന്നും ഷമീര്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തു എന്ന് ആരോപിച്ചാണ് പോലീസ് ഇയാളെ മര്‍ദ്ദിച്ച് ഇറക്കിവിട്ടതെന്ന പ്രചരണം തെറ്റ്ദ്ധാരണജനകമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പോലീസ് യാത്രക്കാരനെ മര്‍ദ്ദിച്ച് ഇറക്കിവിട്ടോ? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: Misleading
