കൃപാസാനം ആരാധനാലയത്തിന് വേണ്ടി കെഎസ്ആര്‍ടിസി സൗജന്യ സര്‍വീസ് നടത്തിയോ.. വസ്‌തുത അറിയാം..

Misleading രാഷ്ട്രീയം സാമൂഹികം

വിവരണം

ആലപ്പുഴ മാരാരിക്കുളം അടുത്ത് കൃപാസനം എന്ന പെന്തിക്കോസ്തുകാരുടെ പരിപാടി പങ്കെടുത്തു ശേഷം ആലപ്പുഴയ്ക്ക് പോകേണ്ട ബസ്സുകളിൽ ഒന്നാണ് ഈ കാണുന്നത്…

കെഎസ്ആർടിസി പത്ത് കിലോമീറ്റർ ഫ്രീയായി യാത്ര ഇതുപോലെ ശബരിമല ,പമ്പ നിലക്കൽ സൗജന്യമായി കൊടുത്താൽ എത്ര നന്നായിരുന്നു പ്രതികരണശേഷി ഇല്ലാത്ത അയ്യപ്പന്മാരുടെ മറുപടി പ്രതീക്ഷിക്കുന്നു.. എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. കൃപാസനം ജപമാല റാലിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സൗജന്യയാത്ര എന്‍എച്ച് വരെ.. എന്ന ബോര്‍ഡ് വെച്ച കെഎസ്ആര്‍ടിസി ബസിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. Radhakrishnan R Pela എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി ഷെയറുകളും ലഭിച്ചിട്ടുണ്ട് –

Facebook Post Archived Screenshot 

എന്നാല്‍ ഇത് കെഎസ്ആര്‍ടിസി സൗജന്യമായി നടത്തിയ ബസ് സര്‍വീസിന്‍റെ ചിത്രം തന്നെയാണോ? വസ്‌തുത അറിയാം..

വസ്‌തുത ഇതാണ്

ആദ്യം തന്നെ സെന്‍റ്രല്‍ സോണിന് കീഴിലെ കെഎസ്ആര്‍ടിസി ആലപ്പുഴയുടെ അസിസ്റ്റന്‍റ് ട്രാന്‍സ്പോര്‍ട്ട് ഓഫിസറുമായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ടു. പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്നും യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രൈവറ്റ് ഹയര്‍ (Private Hire) സംവിധാനത്തില്‍ കൃപാസനവുമായി ബന്ധപ്പെട്ടവര്‍ പണം അടച്ചാണ് കെഎസ്ആര്‍ടിസി ബസ് സര്‍വീസിനായി ഉപയോഗിച്ചത്. ഏതൊരു സ്വകാര്യ വ്യക്തിക്കും സര്‍വീസ് തുക മുന്‍കൂട്ടി അടച്ച് കെഎസ്ആര്‍ടിസി സ്വകാര്യ യാത്രകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. ഇത് ഏറെ നാളുകളായി നിലവിലുള്ള ഒരു സംവാധാനമാണ്. ധാരാളം സംഘങ്ങള്‍ ഇത്തരത്തില്‍ വിനോദയാത്രയ്ക്കും മറ്റും കെഎസ്ആര്‍ടിസിയുടെ ഈ സംവിധാനം ഉപയോഗിക്കാറുണ്ട്. അല്ലാതെ വകുപ്പ് സൗജന്യമായി നടത്തുന്ന സര്‍വീസ് അല്ലായെന്നതാണ് വസ്‌തുത. വിശദമായി ഇത് സംബന്ധിച്ച വിവരങ്ങള്‍ കെഎസ്ആര്‍ടിസിയുടെ ആലപ്പുഴ ജില്ലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ടെന്നും അവര്‍ പ്രതികരിച്ചു.

കെഎസ്ആര്‍ടിസി ആലപ്പുഴയുടെ പേജില്‍ പങ്കുവെച്ച പോസ്റ്റിലെ വിവരങ്ങള്‍ ഇപ്രകാരമാണ് –

തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കതെ ഇരിക്കുക

ഈ ഒരു ഫോട്ടോ വെച്ച് ചിലർ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത് കണ്ടു കൃപാസനം പള്ളി യിലെ ഒരു പരുപാടി ആയി ബന്ധപ്പെട്ട് KSRTC ബസ്സുകളിൽ സൗജന്യ യാത്ര എന്നത്. എന്താണ് ഇതിലെ വസ്തുത എന്നത് നിങ്ങൾ മനസിലാക്കുക???

ആലപ്പുഴ ജില്ലയിലെ കൃപാസനം പള്ളിയുടെ ഒരു പരിപാടി ആയി ബന്ധപ്പെട്ട് പള്ളി അധികൃതർ കെഎസ്ആർടിസി ആലപ്പുഴ ഡിപ്പോയിൽ ക്യാഷ് അടച്ച് നടത്തിയ സർവീസ് ആണ് ഇത്.

എന്താണ് ഈ സർവീസ്??

പ്രൈവറ്റ് ഹയര്‍ സംവിധാനത്തില്‍ KSRTC നല്‍കുന്ന സര്‍വ്വീസാണിത് ആലപ്പുഴ ഡിപ്പോയില്‍ നിന്നാണ് സര്‍വ്വീസിനായി ബസ്സുകള്‍ ക്രമീകരിച്ചത്.

ഈ സർവീസുകൾ സൗജന്യമായി ആണോ ഓപ്പറേറ്റ് ചെയ്തത്?

ഈ സർവീസ് പ്രൈവറ്റ്ഹയര്‍ സംവിധാനത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളള റേറ്റ് പ്രകാരമാണ് ട്രിപ്പ്‌ വ്യവസ്ഥയിൽ KSRTC ആലപ്പുഴ ഡിപ്പോയില്‍ കൃപാസനം പള്ളി അധികൃതർ ഒരു ബസ്സിന്‌ 11000 രൂപ ( 18% GST ഉള്‍പ്പെടെ) എന്ന നിരക്കിൽ (8 മണിക്കൂർ ഓടുന്നതിനു) 12 ബസ്സുകൾ വാടകക്ക് എടുത്തു ഓടിച്ചത് ആണ്.. ഈ ബസ്സുകളിൽ അത് കൊണ്ട് തന്നെ 150 KM 8 മണിക്കൂർ വണ്ടി വാടകക്ക് എടുക്കുന്നവർക്ക് ഏതു രീതിയിൽ വേണേലും ഓടിക്കാൻ കഴിയും. എത്ര ട്രിപ്പും ഈ 150 കിലോമീറ്ററിന് ഉള്ളിൽ ഓടിക്കാം.

അധികമായി ഉപയോഗിക്കുന്ന മണിക്കൂറുകള്‍ക്ക് 500 രൂപയും ,ജി.എസ്സ്.ടി ഉള്‍പ്പെടെ 2000 രൂപ വീതം വാങ്ങുന്ന ഡെപ്പോസിറ്റില്‍ നിന്നും KSRTC ഈടാക്കും.

അതുകൊണ്ട് മാത്രമാണ് ഫ്രീ സർവീസ് ആയി ഓടിയത്. ക്യാഷ് അടച്ചതിനാല്‍ ആണ് ബസ്സ് സര്‍വ്വീസ് KSRTC നടത്തിയത്. KSRTC സര്‍വ്വീസ് സൗജന്യമല്ല.

ഇതിനെ ശബരിമല സർവീസ് ആയി ബന്ധിപ്പിച്ച് പല പോസ്റ്റുകൾ കാണുവാൻ ഇടയായി. ഇനി വരും ദിവസങ്ങളിൽ ഈ ചാർജ് വെത്യാസം ഒക്കെ പറഞ്ഞു പോസ്റ്റുകൾ വരും എന്നത് ഉറപ്പാണ്.

വർഷങ്ങൾ ആയി ഫെസ്റ്റിവൽ സ്പെഷ്യൽ ഒടുവാൻ 30% അധിക നിരക്ക് ഈടക്കുവാൻ കെഎസ്ആർടിസി ക്ക് അനുവാദം ഉണ്ട് എന്ന് കൂടി പറയട്ടെ.

ദയവു ചെയ്തു തെറ്റായ വാർത്തകൾ പ്രചരിപ്പിക്കതെ ഇരിക്കുക. വസ്തുതകൾ മനസിലാക്കി വാർത്തകൾ ഇടുക

ഫെയ്‌സ്ബുക്ക് പോസ്റ്റ് –

Facebook Post 

നിഗമനം

പ്രവൈറ്റ് ഹയറിങ് അഥവ സ്വകാര്യ ആവശ്യങ്ങള്‍ക്ക് മുന്‍കൂട്ടി പണം അടച്ച് കെഎസ്ആര്‍ടിസി സര്‍വീസിന് വേണ്ടിയുള്ള സംവാധാനം ഉപയോഗിച്ചാണ് കൃപാസനം ക്രൈസ്തവ ആരാധനാലയത്തില്‍ വിശ്വാസികള്‍ക്ക് സൗജന്യ യാത്ര ഒരുക്കിയത്. കൃപാസനം മാനേജ്മെന്‍റ് ഇതിന് വേണ്ടി വന്ന തുക മുന്‍കൂട്ടി കെഎസ്ആര്‍ടിസിയില്‍ കെട്ടിവെച്ചു എന്നതും ‍ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:കൃപാസാനം ആരാധനാലയത്തിന് വേണ്ടി കെഎസ്ആര്‍ടിസി സൗജന്യ സര്‍വീസ് നടത്തിയോ.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Misleading