വിവരണം

എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ചോദ്യപേപ്പര്‍ അച്ചടിക്കുന്നതിന് വിദ്യാര്‍ത്ഥികളില്‍ നിന്നും പത്ത് രൂപ പിരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. വലിയ വിമര്‍ശനങ്ങളും ട്രോളുകളും ഇതെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മീഡിയ വണ്‍ ചാനലാണ് ഇത്തരത്തിലൊരു വാര്‍ത്ത ജനുവരി 22ന് നല്‍കിയത്. ഇതിന് പിന്നാലെ നിരവധി പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പലരും പങ്കുവെച്ചു. മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി അബ്ദുറബ്ബ് തന്നെ അദ്ദേഹത്തിന്‍റെ ഔദ്യോഗിക പ്രൊഫൈലില്‍ നിന്നും മീഡിയ വണ്‍ നല്‍കിയ ന്യൂസ് കാര്‍ഡ് പങ്കുവെച്ചിരുന്നു. കലോത്സവത്തിന് പഞ്ചസാര , ചോദ്യ പേപ്പറിന് പണം കമ്മികൾ എല്ലാം ശരിയാക്കി എന്ന തലക്കെട്ട് നല്‍കി സേവിമോന്‍ കേയല്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ ഇത്തരത്തിലൊരു ഉത്തരവ് ഇറക്കിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ പരിശോധിച്ചു. മീഡിയ വണ്‍ വാര്‍ത്ത മുന്‍ യുഡിഎഫ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന അബ്ദു റബ്ബ് പങ്കുവെച്ചതിന് മറുപടിയായി ശിവന്‍കുട്ടി ഒരു പോസ്റ്റ് പങ്കുവെച്ചതായി കണ്ടെത്താന്‍ കഴിഞ്ഞു. 21-11-12ലെ ക്യു.ഐ.പി മോണിറ്ററിങ് കമ്മിറ്റി തീരുമാനത്തെ തുടര്‍ന്നുള്ള ഒരു സര്‍ക്കുലറിന്‍റെ പകര്‍പ്പാണ് ശിവന്‍ കുട്ടി പങ്കുവെച്ചത്. 2013 ഫെബ്രുവരിയില്‍ നടക്കുന്ന എസ്എസ്എല്‍സി മോഡല്‍ പരീക്ഷ സംബന്ധിച്ചാണ് സര്‍ക്കുലര്‍.

സര്‍ക്കുലറിന്‍റെ ഉള്ളടക്കത്തിന്‍റെ ചുരുക്കം ഇങ്ങനെയാണ്-

2013 ഫെബ്രുവരിയില്‍ നടക്കുന്ന എസ്എസ്എല്‍സി മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ അച്ചടിച്ച് വിതരണം ചെയ്യുന്നതിനുള്ള ചെലവുകള്‍ക്കായി വിദ്യാര്‍ത്ഥികളില്‍ നിന്നും 10 രൂപ സ്കൂള്‍ പ്രധാന അധ്യാപകര്‍ ഫീസായി ശേഖരിക്കണം. എസ്‌സി-എസ്‌ടി-ഒഇസി വിഭാഗങ്ങളില്‍ നിന്നും ഫീസ് ഈടാക്കേണ്ടതില്ലാ. ശേഖരിക്കുന്ന തുകയില്‍ നിന്നും ചോദ്യപേപ്പര്‍ വിതരണം ചെയ്യുന്ന വകയില്‍ ചെലവാക്കുന്ന തുക ഒഴിച്ച് ബാക്കി തുക ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്‍സ്ട്രക്ഷന്‍, തിരുവനന്തപുരം എന്ന പേരില്‍ ഡിമാന്‍റ് ഡ്രാഫ്റ്റായി വിദ്യാഭ്യാസ ഡയറക്ടറിന്‍റെ കാര്യാലയത്തില്‍ എത്തിക്കണമെന്നും സര്‍ക്കുലറില്‍ വിശദീകരിക്കുന്നു.

അതായത് 2013ല്‍ യുഡിഎഫ് ഭരണകാലത്ത് അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ഇറക്കിയ ഉത്തരവ് പ്രകാരം കാലങ്ങളായി മോഡല്‍ പരീക്ഷ പേപ്പറിന്‍റെ ചെലവിനായി 10 രൂപ ഈടാക്കി വരുന്നു എന്നതാണ് വസ്‌തുത.

സര്‍ക്കുലറിന്‍റെ പൂര്‍ണ്ണരൂപം-

മന്ത്രി വി.ശിവന്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

Facebook Post

വി.ശിവന്‍കുട്ടി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വിഷവുമായി ബന്ധപ്പെട്ട് നല്‍കിയ മറുപടി-

Facebook Video

നിഗമനം

2013ല്‍ യുഡിഎഫ് സര്‍ക്കാര്‍ കാലഘടത്തില്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം കാലങ്ങളായി എസ്എസ്എല്‍സി മോഡല്‍ പരീക്ഷ നടത്തിപ്പിനായി സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും 10 രൂപ ഈടാക്കി വരുന്നുതാണെന്നതാണ് വസ്‌തുത. ഇപ്പോഴുള്ള സര്‍ക്കാര്‍ പുതുതായി ഇറക്കി സര്‍ക്കുലറിന്‍റെ അടിസ്ഥാനത്തിലുള്ളതല്ലായെന്നും വ്യക്തമാണ്. അതുകൊണ്ട് തന്നെ പ്രചരണം അര്‍ദ്ധസത്യമാണെന്ന് അനുമാനിക്കാം.


ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:എസ്എസ്എല്‍സി മോഡല്‍ പരീക്ഷ നടത്തിപ്പിനായി ഫീസ് ഈടാക്കുന്നത് ഈ സര്‍ക്കാര്‍ വന്ന ശേഷമാണോ? വസ്‌തുത അറിയാം..

Written By: Dewin Carlos

Result: Misleading