FACT CHECK – എച്ച്.സലാം എംഎല്‍എ കൊല്ലപ്പെട്ട എസ്‌ഡിപിഐ നേതാവ് ഷാനിന്‍റെ വീട് മാത്രമാണോ സന്ദര്‍ശിച്ചത്? രണ്‍ജിത്ത് ശ്രീനിവാസന്‍റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയില്ലേ? വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

ആലപ്പുഴയിലെ ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുമ്പോഴും ഇരു പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ പിടിയിലാകുമ്പോഴും ഇതെ കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി എസ്‌ഡിപിഐ നേതാവ് ഷാനിന്‍റെ വീട്ടില്‍ അമ്പലപ്പുഴ എംഎല്‍എ എച്ച്.സലാം സന്ദര്‍ശനം നടത്തിയെന്ന പേരില്‍ വലിയ വിവാദങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ബിജെപി നേതാവ് രണ്‍ജിത്തിന്‍റെ വീട്ടില്‍ ഒരു ഒരു ഇടതുപക്ഷ നേതാക്കളും എത്തിയില്ല എന്ന ആരോപണമാണ് ബിജെപി-ആര്‍എസ്എസ് സൈബര്‍ പ്രവര്‍ത്തകരുടെ ആരോപണം. ഇത്തരത്തില്‍ ലസിത പാലയ്ക്കല്‍ എന്ന വ്യക്കിയുടെ പ്രൊഫൈലില്‍ നിന്നും Adv. Ranjith ന്റെ വീട്ടിൽ ഏതെങ്കിലും ഇടതുപക്ഷ നേതാക്കൾ എത്തിയോ ? അദ്ദേഹവും ഈ കേരളത്തിലെ പ്രജ ആണ്. എല്ലാവിധ ആളുകളോടും അദ്ദേഹത്തിന് നല്ല ബന്ധം ഉണ്ട്. പക്ഷെ കൊല്ലപ്പെട്ടു

?????? കമ്യുണിസത്തിന് മതമുണ്ട്… ഇല്ല എന്നു മൊഴിയാൻ ആരും വരണ്ട…RSS നേയും SDPI യെയും ഒരേ നുകത്തിൽ കെട്ടാൻ വരരുത്.. എന്ന തലക്കെട്ട് നല്‍കി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 356ല്‍ അധികം റിയാക്ഷനുകളും 87ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട എസ്‌ഡിപിഐ നേതാവ് ഷാനിന്‍റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സിപിഎം നേതാവും എംഎല്‍എയുമായ എച്ച്.സലാം പങ്കെടുത്ത ഫോട്ടോ സഹതിമാണ് ഫെയ്‌സ്ബുക്കിലെ പ്രചരണം-

Facebook PostArchived Link 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ കൊലപാതകത്തില്‍ ഇരയാക്കപ്പെട്ട ഷാനിന്‍റെ വീട്ടില്‍ മാത്രമാണോ എച്ച്.സലാം എംഎല്‍എ സന്ദര്‍ശനം നടത്തിയത്? രണ്‍ജിത്തിന്‍റെ വീട്ടില്‍ അദ്ദേഹം സന്ദര്‍ശനം നടത്തിയിട്ടില്ലേ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ എച്ച്.സലാം എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പേജില്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചിത്രങ്ങളുണ്ടോ എന്നതാണ് ഞങ്ങള്‍ പരിശോധിച്ചത്. ഡിസംബര്‍ 19ന് എച്ച്.സലാം നടത്തിയ സന്ദര്‍ശനത്തെ കുറിച്ചും കൊലപാതകങ്ങളെ അപലപിച്ചുള്ള കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുള്ളതായി കണ്ടെത്താനും കഴിഞ്ഞു. എന്നാല്‍ എസ്‌ഡിപിഐ നേതാവ് കെ.എസ്.ഷാനിന്‍റെ വീട്ടില്‍ മാത്രമല്ല എച്ച്.സലാം സന്ദര്‍ശിച്ചതെന്നതാണ് വസ്‌തുത. തന്‍റെ സ്വന്തം മണ്ഡലത്തിലാണ് രണ്‍ജിത്ത് ശ്രീനിവാസിന്‍റെ വീടെന്നും കൊലപ്പെട്ട രണ്ടു പേരെയും അറിയാമെന്നും ഇവരുടെ വീടുകളിലെത്തി മതാപിതാക്കളെയും ഭാര്യമാരയെും അശ്വാസിപ്പിക്കുന്ന ചിത്രം സഹിതം നല്‍കി എച്ച്.സലാം വിശദീകരിച്ചിട്ടുണ്ട്.

എച്ച്.സലാമിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം-

Facebook Post

നിഗമനം

എച്ച്.സലാം എംഎല്‍എ കൊല്ലപ്പെട്ട എസ്‌ഡിപിഐ പ്രവര്‍ത്തകന്‍ ഷാനിന്‍റെ വീട് മാത്രമാണ് സന്ദര്‍ശിച്ചതെന്ന പ്രചരണം വ്യാജമാണ്. അദ്ദേഹം കൊലപ്പെട്ട ബിജെപി നേതാവ് രണ്‍ജിത്ത് ശ്രീനിവാസിന്‍റെ വീടും അന്നത്തെ ദിവസം തന്നെ സന്ദര്‍ശിച്ചിരുന്നു. രണ്ട് ചിത്രങ്ങളും സലാം തന്‍റെ ഫെയ്‌ലബുക്ക് പേജില്‍ കൊലപാതകങ്ങളെ അപലപിച്ചുകൊണ്ട് പങ്കുവെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിലെ പ്രചരണം തെറ്റ്ദ്ധാരണ പരത്തുന്നതാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:എച്ച്.സലാം എംഎല്‍എ കൊല്ലപ്പെട്ട എസ്‌ഡിപിഐ നേതാവ് ഷാനിന്‍റെ വീട് മാത്രമാണോ സന്ദര്‍ശിച്ചത്? രണ്‍ജിത്ത് ശ്രീനിവാസന്‍റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയില്ലേ? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Misleading