18 വയസ്സിനു താഴെയുള്ള എല്ലാ കുട്ടികളും താലോലം ചികിത്സാ പദ്ധതിക്ക് അർഹരാണോ…?

ആരോഗ്യം

വിവരണം

HIV Helpline 24×7 എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും സംസ്ഥാന സർക്കാരിന്‍റെ താലോലം എന്ന   ചികിത്സാ പദ്ധതിയെപ്പറ്റി ഏപ്രിൽ 11 നു പ്രസിദ്ധീകരിച്ച പോസ്റ്റ് 23000 ത്തിൽപ്പരം ഷെയറുകളുമായി വൈറലായിക്കഴിഞ്ഞു. 18 വയസ്സിനു താഴെ പ്രായമുള്ള ഏതു കുട്ടിക്കും ഏതു ചികിത്സയും എത്ര ലക്ഷം രൂപയായാലും അതെല്ലാം സർക്കാർ വഹിക്കും എന്നറിയുക. തിരുവനന്തപുരം SAT ആശുപത്രിയിൽ താലോലം എന്നൊരു സ്‌കീമിൽ രജിസ്റ്റർ ചെയ്യുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്.കിഡ്നി, ലിവർ എന്നിവ മാറ്റി വയ്ക്കണമെങ്കിൽ അതിന്‍റെ ദാതാവിനെ കണ്ടെത്തേണ്ടതും അവർക്ക് സാമ്പത്തികം നൽകേണ്ടതുമുണ്ട്. ബാക്കിയുള്ള എത്ര വലിയ ചികിത്സയും സൗജന്യമാണ് എന്ന് വിവരിക്കുന്ന പോസ്റ്റിൽ ഒരു മൊബൈൽ നമ്പർ സംശയ നിവാരണത്തിന് നൽകിയിട്ടുണ്ട്.

archived link FB post

ഈ പോസ്റ്റിൽ വിശദീകരിക്കുന്നത് പോലെ 18  വയസ്സിനു താഴെ പ്രായമായ എല്ലാവർക്കും  മുഴുവൻ രോഗ ചികിത്സയും പദ്ധതി വഴി ലഭ്യമാക്കുമോ..? ചികിത്സ പൂർണമായും സൗജന്യമാണോ… വസ്തുത നമുക്ക് തിരഞ്ഞു നോക്കാം

വസ്തുതാ വിശകലനം

പരിശോധനാ വേളയിൽ ഞങ്ങൾ  പോസ്റ്റിനൊപ്പം നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ചു നോക്കുകയാണ് ആദ്യം ചെയ്തത്. എന്നാൽ  സുധീർ എന്ന് പേരുള്ള ആ വ്യക്തിക്ക് പോസ്റ്റുമായി യാതൊരു ബന്ധവുമില്ലെന്നാണ് അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയോട് വെളിപ്പെടുത്തിയത്. താലോലം പദ്ധതിയുടെ ഗുണഭോക്താവായികഴിഞ്ഞ ശേഷം വാട്ട്സ് ആപ്പിലൂടെ  അദ്ദേഹം സുഹൃത്തുക്കൾക്ക് ഇതിന്‍റെ വിവരങ്ങൾ ചേർത്ത്  ഒരു ശബ്ദസന്ദേശം അയച്ചിരുന്നുവെന്നും ആ വിവരങ്ങളും ഫോൺ നമ്പറും ശേഖരിച്ച ആരോ ഇത്തരത്തിൽ പോസ്റ്റ് സൃഷ്ടിക്കുകയും ചെയ്തു എന്നാണ് അദ്ദേഹം നൽകിയ വിശദീകരണം. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഇന്റർനെറ്റിൽ തിരഞ്ഞപ്പോൾ പദ്ധതി സാമൂഹ്യ സുരക്ഷാ വകുപ്പിന്‍റെ കീഴിൽ നടപ്പിലാക്കിയിരിക്കുന്നതാണെന്ന് കണ്ടെത്താനായി. പദ്ധതിയുടെ വിശദാംശങ്ങൾ  നൽകിയിട്ടുണ്ട്. അതിന്‍റെ സ്ക്രീൻഷോട്ട്  താഴെ കൊടുത്തിരിക്കുന്നു

archived link
socialsecuritymission

പദ്ധതിയെപ്പറ്റി യൂട്യൂബിൽ നിന്നും ലഭിച്ച ഒരു ഹൃസ്വ വീഡിയോ

archived link YouTube

കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ സാമൂഹ്യ സുരക്ഷാ വകുപ്പിന്‍റെ തിരുവനന്തപുരത്തുള്ള കാര്യാലയവുമായി ബന്ധപ്പെട്ടു. അവിടെ താലോലം പദ്ധതിയുടെ ചുമതല വഹിക്കുന്ന  ഉദ്യോഗസ്ഥയായ ഷിംന നൽകിയ വിവര പ്രകാരം “18 വയസ്സിനു താഴെ പ്രായമുള്ള എല്ലാ രോഗികൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭ്യമല്ല. മറിച്ച് ഗുരുതരമായ രോഗാവസ്ഥയുള്ള കുട്ടികൾക്കാണ് സഹായ ലഭിക്കുക. ഉദാഹരണത്തിന് തലച്ചോർ, വൃക്കകൾ, കരൾ, ഹാർട്ട് തുടങ്ങിയവയ്ക്ക്  ഗുരുതരമായ രീതിയിൽ രോഗം ബാധിച്ച കുട്ടികൾ പദ്ധതിക്ക് അർഹരാണ്. വരുമാന പരിധി ഇല്ലാതെയാണ് ആനുകൂല്യം ലഭ്യമാവുക. SAT ആശുപത്രിയിൽ മാത്രമല്ല, തെരെഞ്ഞെടുക്കപ്പെട്ട സർക്കാർ ആശുപത്രികളായ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ മെഡിക്കൽ കോളേജുകളിലും സേവനം ലഭ്യമാണ്.”

സാമൂഹ്യ സുരക്ഷാ മിഷന്‍റെ വെബ്‌സൈറ്റിൽ തിരഞ്ഞെടുക്കപ്പെട്ട രോഗങ്ങളുടെ ലിസ്റ്റ് നൽകിയിട്ടുണ്ട്. സെറിബ്രൽ പാൾസി, ബ്രിട്ടിൽ ബോൺ ഡിസീസ്, ഹീമോഫീലിയ, തലസീമിയ, സിക്കള്‍ സെൽ അനീമിയ, ഓർത്തോപീഡിക് ഡിഫോമിറ്റീസ്, മറ്റു ന്യുറോ സംബന്ധ പ്രശ്നങ്ങൾ, എൻഡോസൾഫാൻ ബാധിതർ, അടിയന്തിര ശസ്ത്രക്രീയ ആവശ്യമുള്ള ആക്സിഡന്‍റ കേസുകളിൽ പെട്ടവർ എന്നിവർക്കാണ് ആനുകൂല്യം ലഭിക്കുക എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അർഹരായ രോഗികൾക്ക് ആശുപത്രിച്ചിലവ്, മരുന്ന് ശസ്ത്രക്രീയ ഉൾപ്പെടെ എല്ലാം സൗജന്യമാണ്.

നിഗമനം

പോസ്റ്റിൽ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ സത്യമാണ്. ചിലത് അടിസ്ഥാന രഹിതമാണ്‌. 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും പദ്ധതിയുടെ ആനുകൂല്യം പോസ്റ്റിൽ പറയുന്നതുപോലെ ലഭ്യമല്ല. SAT ആശുപതി വഴി മാത്രമല്ല തെരെഞ്ഞെടുത്ത മറ്റു സർക്കാർ ആശുപതികൾ വഴിയും പദ്ധതി സേവനം ലഭ്യമാണ്. പോസ്റ്റിൽ നൽകിയിരിക്കുന്ന ഫോൺ നമ്പർ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേതല്ല. പദ്ധതിയുടെ ഒരു ഗുണഭോക്താവിന്‍റെത് മാത്രമാണ്. പോസ്റ്റിൽ പറഞ്ഞിരിക്കുന്ന ചിലകാര്യങ്ങൾ സത്യവും മറ്റു ചിലത് വസ്തുതാ പരമായി തെറ്റുമാണ്. അതിനാൽ ഞങ്ങൾ ഈ പോസ്റ്റ് മിശ്രിത (mixture ) വിഭാഗത്തിൽ പെടുത്തുന്നു.

ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Avatar

Title:18 വയസ്സിനു താഴെയുള്ള എല്ലാ കുട്ടികളും താലോലം ചികിത്സാ പദ്ധതിക്ക് അർഹരാണോ…?

Fact Check By: Deepa M 

Result: Mixture