
കെഎസ്ഇബിയിൽ നിലവിൽ വന്ന ടൈംസ് ഓഫ് ദ ഡേ സംവിധാന പ്രകാരമുള്ള വൈദ്യുതി നിരക്ക് പൊതുജനങ്ങളെ എങ്ങനെയാണ് ബാധിക്കുക എന്നതിനെ കുറിച്ച് ഒരു കുറിപ്പ് പ്രചരിക്കുന്നുണ്ട്.
പ്രചരണം
“കെഎസ്‌ഇബി അറിയിപ്പ്
കേരളത്തിൽ കെഎസ്‌ഇബിയിൽ TOD (ടൈംസ് ഓഫ് ദ ഡേ) സംവിധാനം നിലവിൽ വന്നു. അത് പ്രകാരം വൈദ്യുത നിരക്കിൻ്റെ സ്ഥിതി
1 രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ 10% കുറവ് നിരക്ക്
14 വൈകുന്നേരം 6 മുതൽ രാത്രി 10 വരെ 25% വർദ്ധനവ്
1 രാത്രി 10 മുതൽ രാവിലെ 6 വരെ സാധാരണ നിരക്ക്
ഓർക്കുക, ശ്രദ്ധയില്ലാതെ ഉപയോഗിച്ചാൽ വൈദ്യുത ബിൽ താങ്ങാൻ പറ്റാതാകും. ആയതിനാൽ വൈദ്യുതിയുടെ ഉപയോഗം രാത്രിയിൽ പരമാവധി കുറയ്ക്കുക.” എന്ന വാചകങ്ങളുമായി ഒരു പോസ്റ്റര്‍ ആണ് പ്രചരിക്കുന്നത്.
എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും ടൈംസ് ഓഫ് ദ ഡേ താരിഫ് നിര്‍ണ്ണയ രീതി വേറെയാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
എന്താണ് കെഎസ്ഇബി ടൈംസ് ഓഫ് ദ ഡേ താരിഫ് എന്നറിയാന്‍ ഞങ്ങൾ തിരഞ്ഞപ്പോള്‍ കെഎസ്ഇബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ലഭിച്ചു. 2025 ജൂണ്‍ 24-ന് പേജില്‍ കൊടുത്തിരിക്കുന്ന വിശദീകരണം ഇങ്ങനെയാണ്:
എല്ലാ വിഭാഗം ഹൈ ടെൻഷൻ, എക്സ്ട്രാ ഹൈ ടെൻഷൻ ഉപഭോക്താക്കൾക്കും 20 കിലോവാട്ടിനു മുകളിൽ കണക്റ്റഡ് ലോഡുള്ള ലോ ടെൻഷൻ വ്യാവസായിക ഉപഭോക്താക്കൾക്കും പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്‌താക്കൾക്കും ആണ് നിലവിൽ TOD അഥവ ടൈം ഓഫ് ഡേ ബില്ലിംഗ് ഏർപ്പെടുത്തിയിട്ടുള്ളത്. ദിവസത്തെ T1, T2, T3 എന്നിങ്ങനെ മൂന്ന് ടൈം സോണുകളായി തിരിച്ചാണ് ഈ വിഭാഗങ്ങളിൽ വരുന്ന ഉപഭോക്താക്കൾക്ക് ബില്ലിംഗ് ചെയ്യുന്നത്.
പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് താഴെപ്പറയുന്ന പ്രകാരമാണ് ബിൽ ചെയ്യുക. T 1 – രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയുള്ള 12 മണിക്കൂർ സമയത്ത് താരിഫ് നിരക്കിനെക്കാൾ 10% കുറവ് നിരക്കായിരിക്കും ഈടാക്കുക.
T2 – വൈകുന്നേരം 6 മുതൽ രാത്രി 10 വരെ 4 മണിക്കൂർ സമയം താരിഫ് നിരക്കിനെക്കാൾ 25% കൂടുതൽ നിരക്ക് നൽകേണ്ടിവരും.
T3 – രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള 8 മണിക്കൂർ സമയത്ത് അതത് താരിഫ് നിരക്കിൽത്തന്നെ വൈദ്യുതി ഉപയോഗിക്കാം.
ഗാർഹിക ഉപഭോക്താക്കൾ ഉയർന്ന വൈദ്യുതി ആവശ്യകതയുള്ള പമ്പ് സെറ്റ്, ഇസ്തിരിപ്പെട്ടി, വാട്ടർ ഹീറ്റർ, മിക്സി, ഗ്രൈൻഡർ തുടങ്ങിയവയുടെ ഉപയോഗം പകൽ സമയത്തേക്ക് മാറ്റിയാൽ 35% വരെ പണം ലാഭിക്കാൻ കഴിയുമെന്ന് സാരം. മറിച്ചുള്ള പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണ്”
വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി 2025 ജൂണ്‍ 24 ന് ഫേസ്ബുക്കില്‍ ഇക്കാര്യം വ്യക്തമാക്കി ഇതേ കുറിപ്പ് നല്‍കിയിട്ടുണ്ട്.
നിഗമനം
കെഎസ്ഇബി ടൈംസ് ഓഫ് ദ ഡേ ബില്ലിംഗ് വിശദാംശങ്ങള്‍ എന്ന തരത്തില്‍ പ്രചരിക്കുന്ന കുറിപ്പ് തെറ്റിദ്ധരിപ്പിക്കുന്നതാണ്. ടൈംസ് ഓഫ് ദ ഡേ എല്ലാ ഉപഭോക്താക്കളെയും ഒരേപോലെയല്ല ബാധിക്കുക. പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കാണ് ഇത് ബാധകമാവുക. മാത്രമല്ല, ഉപയോഗ രീതി അനുസരിച്ച് താരിഫില്‍ ഇളവ് ഉണ്ടാവുകയും ചെയ്യും.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:കെഎസ്ഇബി ടൈംസ് ഓഫ് ദ ഡേ ബില്ലിംഗ്… യഥാര്‍ത്ഥ വസ്തുത അറിയാം…
Fact Check By: Vasuki SResult: False
