ശബരിമല ശ്രീകോവിലില്‍ നിന്നും കടുവ ഇറങ്ങി വരുന്ന ഈ ചിത്രം വ്യാജം.. വസ്‌തുത അറിയാം..
വിവരണം
ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ഭക്തര്‍ തീര്‍ത്ഥാടനം നടത്തുന്ന ക്ഷേത്രമാണ് ശബരിമല. പത്തനംതിട്ടയുടെ വനമേഖലയില്‍ സ്ഥിതി ചെയ്യുന്നത് കൊണ്ട് തന്നെ കടുവയും ആനയും ഉള്‍പ്പടെ പ്രദേശത്ത് വിഹരിക്കാറുണ്ട്. പ്രത്യേകിച്ച് മണ്ഡലകാലം കഴിഞ്ഞാല്‍ നട അടയ്ക്കുന്ന ശബരിമലയുടെ പ്രദേശങ്ങളില്‍ കടുവയുടെ സാന്നിദ്ധ്യം പലതവണ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതാ ശബരിമല ശ്രീകോവിലിനുള്ളില്‍ നിന്നും കടുവ ഇറങ്ങി വരുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അഖില അയ്യപ്പാ സേവ സംഘം എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച ചിത്രത്തിന് 551ല്‍ അധികം റിയാക്ഷനുകളും 25ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ മലമുകളില്‍ 18 പടിയും കടന്ന് ശബരിമല ക്ഷേത്രത്തിനുള്ളിലെ ശ്രീകോവിലില്‍ നിന്നും കടുവ ഇറങ്ങി വരുന്ന ഈ ചിത്രം യഥാര്‍ത്ഥമാണോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
ശബരിമല കടുവ, പുലി എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും 2017 മെയ് മാസത്തില്‍ പമ്പയില്‍ തീര്‍ത്ഥാടകര്‍ മുങ്ങിക്കുളിക്കുന്ന പ്രദേശത്തിന് സമീപം കടുവയുടെ ദൃശ്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞു എന്ന ദ് ഹിന്ദു റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയാണ് കണ്ടെത്താന്‍ കഴിഞ്ഞത്. അടുത്ത കാലത്ത് കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതായുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വാര്‍ത്ത ഇതാണ്.
എന്നാല്‍ പ്രചരിക്കുന്ന ചിത്രത്തെ കുറിച്ച് അറിയാന്‍ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ശബരിമല ദേവസ്വം പിആര്‍ഒയുമായി ഫോണില്‍ ബന്ധപ്പെട്ടു. പ്രചരിക്കുന്ന ചിത്രം വ്യാജമായി എഡിറ്റ് ചെയ്ത് നിര്‍മ്മിച്ചതാണെന്നും വന മേഖലയിലും മലയുടെ താഴ്വാരത്തിലും വന്യജീവിയുടെ സാന്നദ്ധ്യമുണ്ടാകാറുണ്ടെങ്കിലും ക്ഷേത്ര പരിസരത്തൊ അതും ഭേദിച്ച് ശ്രീകോവിലിന്‍റെ സസീമപമോ കടുവയെ കണ്ടെത്തിയിട്ടില്ലായെന്നും അദ്ദേഹം പറഞ്ഞു. അതും നട അടച്ചിടുന്ന സമയങ്ങളില്‍ മാത്രം വിരളമായി സംഭിക്കുന്നതാണ്. ഭക്തരില്‍ തെറ്റ്ദ്ധാരണയുണ്ടാക്കാന്‍ ചിലര്‍ മനപ്പൂര്‍വ്വം വ്യാജ പ്രചരണം നടത്തുന്നതാണെന്നും പിആര്‍ഒ പറഞ്ഞു.
നിഗമനം
ശബരിമല ശ്രീകോവില്‍ പരിസരത്ത് തന്നെ കടുവയുടെയോ പുലിയുടെയോ സാന്നദ്ധ്യം കണ്ടെത്തിയായി യാതൊരു തെളിവുകളുമില്ലാ. പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്ത് വ്യാജമായി നിര്‍മ്മിച്ചതാണെന്നും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:ശബരിമല ശ്രീകോവിലില്‍ നിന്നും കടുവ ഇറങ്ങി വരുന്ന ഈ ചിത്രം വ്യാജം.. വസ്‌തുത അറിയാം..
Written By: Dewin CarlosResult: False