പ്രവാസികളായ ന്യൂനപക്ഷ വിഭാഗങ്ങളെ പ്രത്യേകം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ചാനൽ പ്രസിദ്ധീകരിച്ചതിന്‍റെ വ്യാജ സ്ക്രീൻഷോട്ട്…

രാഷ്ട്രീയം | Politics

വിവരണം

വിദേശത്തുനിന്ന് പ്രവാസികളും അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളും തിരിച്ചെത്തുമ്പോൾ ക്വാറന്‍റിന്‍ നൽകാൻ അതിവിശാലമായ സൗകര്യങ്ങള്‍ ഇന്നത്തെ നിലയിൽ കേരളത്തിലില്ല. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതും ക്വാറന്‍റിന്‍ സൗകര്യങ്ങളെ ചൊല്ലിയുള്ള വ്യക്തതയില്ലായ്മയും മൂലം സർക്കാർ തീരുമാനങ്ങൾ പുനരാലോചിച്ചു വരുന്നു. തിരിച്ചുവരുന്ന പ്രവാസികളിൽ കഴിവുള്ളവർ അവരവരുടെ ക്വാറന്‍റിന്‍ ചിലവുകള്‍ വഹിക്കണമെന്നും കഴിവില്ലാത്തവർക്ക് സർക്കാർ ക്വാറന്‍റിന്‍ സൗകര്യം തുടരുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതേതുടർന്ന് സർക്കാരിനെ വിമർശിച്ചു കൊണ്ട് ഒരുപാട് വാർത്തകൾ പ്രചരിച്ചു തുടങ്ങി.

ഇക്കഴിഞ്ഞ ദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയ ഒരു വാർത്തയാണ് ഇവിടെ കൊടുത്തിരിക്കുന്നത്.

archived linkFB post

മുഖ്യമന്ത്രി പത്രസമ്മേളനം നടത്തുന്ന ഒരു ചിത്രവും ഒപ്പം മൂന്നു സ്ക്രീന്‍ഷോട്ടുകളുമാണ്  പോസ്റ്റിൽ നൽകിയിരിക്കുന്നത്. പോസ്റ്റിൽ നൽകിയിരിക്കുന്ന ടിവി ചാനലിന്‍റെ സ്ക്രീൻഷോട്ട് ഏത് ടിവിയുടെതാണ് എന്ന് വ്യക്തമല്ല. 

ആദ്യത്തെ സ്ക്രീന്‍ഷോട്ടിലെ വാർത്ത ഇതാണ്:  ന്യൂനപക്ഷ വിഭാഗങ്ങളുടെ സൗജന്യ ക്വാറന്‍റിന്‍ സർക്കാരിന്‍റെ പരിഗണനയിൽ

രണ്ടാം സ്ക്രീൻഷോട്ട് – ക്വാറന്‍റിനില്‍ കഴിയുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പ്രാർത്ഥിക്കാനുള്ള സൗകര്യമൊരുക്കി കൊടുക്കും.

മൂന്നാമത്തെ സ്ക്രീൻഷോട്ട് – പ്രവാസികളായ ന്യൂനപക്ഷ വിഭാഗങ്ങളുടെ കാലാകാലങ്ങളായുള്ള മൂലമാണ് കേരളത്തിലെ സമ്പദ് വ്യവസ്ഥ ലോകത്തിന്‍റെ നെറുകയിൽ എത്തിയത്.

ഇതു മൂന്നും മുഖ്യമന്ത്രിയുടെ പ്രസ്താവനകളും പരാമർശങ്ങളുമായി ആണ് സ്ക്രീൻ ഷോട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി തന്‍റെ പതിവ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞു എന്നാണ് പോസ്റ്റിലൂടെ അറിയിക്കാന്‍ ശ്രമിക്കുന്നത്. സ്ക്രീൻ ഷോട്ടുകളുടെ താഴെ “ഹിന്ദുക്കളെ നിങ്ങളായി നിങ്ങളുടെ പാടായി ലാൽസലാം…” എന്നും നൽകിയിട്ടുണ്ട്

“ഹിന്ദുക്കൾക്ക് ചോറ് അടുക്കളയുടെ പുറകിൽ ബാക്കി ഉണ്ടെങ്കിൽ തരാം” എന്ന അടിക്കുറിപ്പിൽ നൽകിയിരിക്കുന്ന ഈ വാർത്ത പൂര്‍ണ്ണമായും തെറ്റായ വാർത്തയാണ്. വാർത്തയുടെ യാഥാർത്ഥ്യം താഴെ കൊടുക്കുന്നു:

വസ്തുത വിശകലനം

ഞങ്ങൾ ഈ വാർത്തയുടെ യാഥാർത്ഥ്യം അറിയാൻ ആദ്യം വാർത്തയുടെ കീവേര്‍ഡ്സ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞു നോക്കി.  മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറയുന്ന കാര്യങ്ങൾ എല്ലാ മാധ്യമങ്ങളും ദിവസവും വാർത്തയായി നൽകാറുണ്ട്.  എന്നാൽ പോസ്റ്റില്‍ നല്കിയിരിക്കുന്നത് പോലൊരു വാർത്ത മാധ്യമങ്ങളിൽ നൽകിയിട്ടില്ല.  തുടർന്ന് ഞങ്ങൾ വിശദാംശങ്ങളറിയാന്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജുമായി ബന്ധപ്പെട്ടു. 

ഈ വാർത്ത പൂർണമായും വ്യാജമാണെന്നും മുഖ്യമന്ത്രി ഇതുവരെ അങ്ങനെ പറഞ്ഞിട്ടില്ല എന്നും ഒരിക്കലും അങ്ങനെ പറയില്ലെന്നും അദ്ദേഹം മറുപടി നൽകി

മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞിട്ടില്ല എന്ന് വ്യക്തമായ സ്ഥിതിക്ക് ഞങ്ങൾ സ്ക്രീൻഷോട്ടിനെ കുറിച്ച് അന്വേഷിച്ചു. ജനം ടിവിയുടെ സ്ക്രീൻഷോട്ടിനോട് സമാനതയുള്ള സ്ക്രീൻഷോട്ടാണ് പോസ്റ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. ലേ ഔട്ടും ഫോണ്ടുകളും നിറവും ജനം ടിവിയുടെ വാര്‍ത്തയോട് സമാനത പുലര്‍ത്തുന്നു. 

അതിനാൽ ഞങ്ങൾ ജനം ടിവി ന്യൂസ് എഡിറ്റർ സന്തോഷുമായി സംസാരിച്ചു. ഇത്തരത്തിലൊരു വാർത്ത ഞങ്ങള്‍ നൽകിയിട്ടില്ല.  ഇത് ആരോ മനപൂർവം തെറ്റിദ്ധാരണ സൃഷ്ടിക്കാൻ പ്രചരിപ്പിക്കുന്നതാണ്.  ഈ വാർത്തയുമായി ജനം ടിവിക്ക് യാതൊരു ബന്ധവുമില്ല എന്ന് അദ്ദേഹം ഞങ്ങളുടെ പ്രതിനിധിക്ക് മറുപടി നൽകി. 

ജനം ടിവി വാര്‍ത്തയുടെ ഒരു സ്ക്രീൻഷോട്ട് വായനക്കാര്‍ക്ക് താരതമ്യം ചെയ്യുവാനായി താഴെ കൊടുക്കുന്നു. ഇതില്‍ സമയം നല്‍കിയിരികുന്നത് ശ്രദ്ധിയ്ക്കുക. 

സമാനതയുള്ള സ്ക്രീൻഷോട്ട് കൃത്രിമമായി നിർമ്മിച്ച തെറ്റിദ്ധാരണ സൃഷ്ടിക്കാൻ വേണ്ടി മനപ്പൂർവ്വം പ്രചരിപ്പിക്കുകയാണ്. പോസ്റ്റിലെ സ്ക്രീന്‍ഷോട്ടില്‍ സമയത്തിന്‍റെ ഭാഗം മായ്ച്ചു കളഞ്ഞിരിക്കുന്നതായി കാണാം.

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണമായും തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണമായും തെറ്റാണ്. മുഖ്യമന്ത്രി ന്യൂനപക്ഷ വിഭാഗങ്ങളെ പ്രത്യേകം പരിഗണിക്കുമെന്ന് ഒരിക്കലും ഒരിടത്തും പറഞ്ഞിട്ടില്ല. പോസ്റ്റിൽ നൽകിയിരിക്കുന്ന മൂന്ന്‍ സ്ക്രീൻ ഷോട്ടുകളും വ്യാജമായി നിർമ്മിച്ചതാണ്.  ഇക്കാര്യം ജനം ടിവി അധികൃതർ അറിയിച്ചിട്ടുണ്ട്. തെറ്റിദ്ധാരണ സൃഷ്ടിക്കാനായി മനപ്പൂർവം പ്രചരിപ്പിക്കുന്നതാണ്  ഈ പോസ്റ്റ്.

Avatar

Title:പ്രവാസികളായ ന്യൂനപക്ഷ വിഭാഗങ്ങളെ പ്രത്യേകം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ചാനൽ പ്രസിദ്ധീകരിച്ചതിന്‍റെ വ്യാജ സ്ക്രീൻഷോട്ട്…

Fact Check By: Vasuki S 

Result: False