
വിവരണം
ആരുമറിയാതെ പ്രയാഗ്‌രാജില്‍ കുംഭമേളയ്ക്ക് എത്തി ത്രിവേണി പുണ്യസ്നാനം നടത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്ന പേരില്‍ ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രമേശ് ചെന്നിത്തല കാവി വസ്‌ത്രവും തലപ്പാവും അണിഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. മുക്കപ്പുഴ നന്ദകുമാര്‍ എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് –
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ത്രവേണി പുണ്യസ്നാനത്തിന് പ്രയാഗ്‌രാജില്‍ കുംഭമേളയ്ക്ക് എത്തിയ രമേശ് ചെന്നിത്തലയുടെ ചിത്രമാമോ ഇത്? വസ്തുത അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും ഒരു എക്‌സ് പോസ്റ്റ് കണ്ടെത്താന്‍ കഴിഞ്ഞു. 2024 ഓഗസ്റ്റ് 11ന് കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര നന്ദേഡ് സൗത്ത് മണ്ഡലം മുന്‍ എംഎല്‍എയുമായ മോഹന്‍ റാവു ഹമ്പാര്‍ഡെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരക്കുന്നത്. മഹാരാഷ്ട്ര കോണ്‍ഗ്രസ് കമ്മിറ്റി ചുമതലക്കാരനായ രമേശ് ചെന്നിത്തല, സംസ്ഥാന അധ്യക്ഷന്‍ നാന ഭൗ പട്ടോലെ തുടങ്ങിയ നേതാക്കള്‍ക്കൊപ്പം തഖ്ത് സച്ച്ഖണ്ഡ് ശ്രീ ഹസൂര്‍ അബ്‌ചല്‍നഗര്‍ സാഹിബ് നന്ദേഡ്’ സന്ദര്‍ശിച്ചു.. എന്നതാണ് പോസ്റ്റിന്‍റെ തലക്കെട്ട്.
മോഹന്‍ റാവു ഹമ്പാര്‍ഡെ പങ്കുവെച്ച എക്‌സ് പോസ്റ്റ് –
തുടര്‍ന്ന് രമേശ് ചെന്നിത്തലയുടെ ഓഫിസുമായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ബന്ധപ്പെട്ടു. ഈ ചിത്രം ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ അദ്ദേഹത്തിന്‍റെ ചുമതല മഹാരാഷ്ട്രയില്‍ ആയിരുന്നു. അന്ന് പകര്‍ത്തിയ ചിത്രമാണിതെന്നും കുംഭമേളയില്‍ ചെന്നിത്തല പങ്കെടുത്തിട്ടില്ലായെന്നും പ്രചരണം വ്യാജമാണെന്നും ഓഫിസ് പ്രതിനിധി പ്രതികരിച്ചു.
നിഗമനം
മഹാരാഷ്ട്രയിലെ തഖ്ത് സച്ച്ഖണ്ഡ് ശ്രീ ഹസൂര്‍ അബ്‌ചല്‍നഗര്‍ സാഹിബ് നന്ദേഡ് സന്ദര്‍ശിച്ചപ്പോള്‍ പകര്‍ത്തിയ രമേശ് ചെന്നിത്തലയുടെ ചിത്രമാണ് യതാര്‍ത്ഥത്തില്‍ തെറ്റായ തലക്കെട്ടോടെ പ്രചരിക്കുന്നത്. രമേശ് ചെന്നിത്തല കുംഭമേളയില്‍ പങ്കെടുത്തിട്ടില്ലായെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:രഹസ്യമായി കുംഭമേളയ്ക്ക് എത്തിയ രമേശ് ചന്നിത്തലയുടെ ചിത്രമാണോ ഇത്? വസ്തുത അറിയാം..
Fact Check By: Dewin CarlosResult: Misleading
