വിവരണം

മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന എഐ ക്യാമറയെ ചൊല്ലിയുള്ള പരാതികളും വിമര്‍ശനങ്ങളും ഇപ്പോഴും അവസാനിപ്പിട്ടില്ലാ. ഗതാഗത നിയമ ലംഘനങ്ങള്‍ തടയുക എന്ന കര്‍ശന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് എഐ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇപ്പോള്‍ ഇതാ കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയില്‍ നിന്നുമുള്ള ഒരു റീല്‍ വീഡിയോയാണ് സമൂഹമാധ്യമത്തിലൂടെ വൈറലായിരിക്കുന്നത്. ഒരു ബൈക്ക് യാത്രികന്‍ ഓമശ്ശേരി എന്ന പ്രദേശത്ത് കൂടി സഞ്ചരിക്കുമ്പോള്‍ റോഡിലെ വളവ് തിരിയുമ്പോള്‍ ആദ്യം കണ്ടത് എഐ ക്യാമറയും അതന്‍റെ ചുവടെയുള്ള 40 കീലോമീറ്റര്‍ വേഗ പരിധിയുടെ ബോര്‍ഡുമാണ്. 65 കിലോമീറ്റര്‍ വേഗപരിധിയുള്ള റോഡിലെ വളവില്‍ എഐ ക്യാമറ സ്ഥാപിച്ച് അമിത വേഗതയെന്ന പേരില്‍ യാത്രക്കാരില്‍ നിന്നും പണം തട്ടാനുള്ള മോട്ടോര്‍ വാഹന വകുപ്പിന്‍റെ തട്ടിപ്പാണിതെന്നാണ് യാത്രക്കാരന്‍ റീല്‍ വീഡിയോയിലൂടെ സ്ഥാപിക്കുന്നത്. ഓമശേരി നിവാസികള്‍ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ 5,600ല്‍ അധികം റിയാക്ഷനുകളും 4,700ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Reel Video Archived Video

എന്നാല്‍ യഥാര്‍ത്ഥത്തില്‍ വീഡിയോയിലുള്ള എഐ ക്യാമറയും അതിന്‍റെ ചുവടെയുള്ള വേഗ പരിധി മുന്നറിയിപ്പും അമിത വേഗത പിടികൂടാന്‍ സ്ഥാപിച്ചിരിക്കുന്നതാണോ? എഐ ക്യാമറയില്‍ അമിത വേഗത പിടികൂടാന്‍ സാധിക്കുമോ? എന്താണ് പ്രചരിക്കുന്ന വീഡിയോയുടെ പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ഫാക്‌ട് ക്രെസെന്‍ഡോ മലയാളം കേരള മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച വിവരം ഇങ്ങനെയാണ്. വീഡിയോയില്‍ കാണുന്ന ഓമശേരി റോഡില്‍ ക്യാമറ സ്ഥാപിച്ചിരിക്കുന്ന വളവോട് കൂടിയ പ്രദേശം അപകടസാധ്യത മേഖലയാണ്. അതുകൊണ്ടാണ് 40 കിലോമീറ്റര്‍ വേഗ പരിധി പ്രദേശത്ത് അനുവദിച്ചിട്ടുള്ളത്. എഐ ക്യാമറയോട് ചേര്‍ന്ന് വേഗപരിധി ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെന്നല്ലാതെ ഈ ക്യാമറയില്‍ അമിതം വേഗം പിടികൂടാന്‍ തല്‍ക്കാലം സംവിധാനമില്ലാ. സ്പീഡ് ക്യാമറകള്‍ നിയമലംഘനം കണ്ടെത്തുന്നത് ക്യാമറയുടെ താഴെയുള്ള റോഡില്‍ സ്ഥാപിച്ചിരിക്കുന്ന രണ്ട് ലൂപ്പ് വയറുകള്‍ വഴിയാണ്. വാഹനത്തിന്‍റെ മുന്‍ ചക്രവും പിന്‍ചക്രവും ഈ വയറുകളിലൂടെ കടന്നു പോകുന്ന സമയം കണക്കുകൂട്ടിയാണ് വേഗപരിധി ലംഘനം പിടികൂടുന്നത്. സാധരണ എഐ ക്യാമറകളില്‍ നിലവില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ലാ. റഡാര്‍ സംവിധാനമുള്ള സ്പീഡ് ക്യാമറകള്‍ വാഹനം കടന്നു പോകുന്ന സമയം പിന്നിലെ നമ്പര്‍ പ്ലേറ്റിന്‍റെ ചിത്രമാണ് പകര്‍ത്തുന്നത്. പ്രത്യേകിച്ച് പ്രചരിക്കുന്ന വീഡിയോയിലെ ക്യാമറയിലോ ആ റോഡിലോ ലൂപ്പ് സംവിധാനമില്ലായെന്നും എംവിഡി കേരള അധികൃതര്‍ അറിയിച്ചു.

കേരളത്തിലെ ദേശീയ പാതകളിലും സംസ്ഥാന പാതകളിലും സ്ഥാപിച്ചിരിക്കുന്ന സ്പീഡ് ക്യാമറ-

Image Source - Quora

നിഗമനം

അമിത വേഗം ഒഴികെയുള്ള ഗതാഗത നിയമലംഘനം തടയാന്‍ വേണ്ടി സ്ഥാപിച്ചിരിക്കുന്ന എഐ ക്യാമറയാണ് റീല്‍ വീഡിയോയിലുള്ളതെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഓമശ്ശേരി എന്ന കോഴിക്കോട് ജില്ലയിലെ പ്രദേശത്തെ അപകട സ്യാധ്യത മേഖലയായത് കൊണ്ടാണ് വേഗ പരിധി 40 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നതെന്നും എംവിഡി അധികൃതര്‍ പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഈ റോഡിലെ വളവില്‍ പതിയിരിക്കുന്നത് വേഗപരിധി പിടികൂടാനുള്ള എംവിഡിയുടെ ക്യാമറയാണോ? വസ്‌തുത അറിയാം..

Written By: Dewin Carlos

Result: Misleading