
വിവരണം
ചൈനയുടെ റിക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യ.. എന്ന തലക്കെട്ട് നല്കി ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചൈന പത്ത് ദിവസം കൊണ്ട് 1,000 ബെഡിന്റെ ആശുപത്രി പണിതിരുന്നു.. ഗുജറാത്ത് വെറും ആറ് ദിവസം കൊണ്ട് 2,200 ബെഡുള്ള ആശുപത്രി നിര്‍മ്മിച്ചു.. എന്നിട്ടും മാമ മാധ്യമങ്ങള്‍ ഇന്ത്യയെ തരംതാഴ്ത്തി കാണിക്കുന്നു.. എന്നതാണ് പോസ്റ്റിന്റെ ഉള്ളടക്കം. ഫോര്‍ ബിജെപി കേരള എന്ന ഫെയ്സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 4,200ല്‍ അധികം ഷെയറുകളും 531ല്‍ അധികം റിയാക്ഷനുകളും ഇതുവരെ ലഭിച്ചിട്ടുണ്ട്.

എന്നാല്‍ ചൈന 10 ദിവസം കൊണ്ട് 1,000 ബെഡ് ആശുപത്രി നിര്‍മ്മിച്ചപ്പോള്‍ ഗുജറാത്തില്‍ വെറും 6 ദിവസം കൊണ്ട് 2,200 ബെഡ് ആശുപത്രി നിര്‍മ്മിച്ചോ? എന്താണ് വസ്തുത എന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
കോവിഡ് 19ന്റെ ഉത്ഭവം ചൈനയിലെ വുഹാനിലാണെന്ന് എല്ലാവര്ക്കും അറിയാവുന്ന വസ്തുതയാണ്. ചൈനിയില്‍ കോവിഡ് വ്യാപനം അനിയന്ത്രിതമായതോടെ ചൈന വെറും 10 ദിവസം കൊണ്ട് ഐസിയു, വെന്റിലേറ്റര്‍ സംവിധാനങ്ങള്‍ ഉള്‍പ്പടെയുള്ളയുള്ള 1,000 ബെഡ് ആശുപത്രി കെട്ടിടം നിര്‍മ്മിച്ചു എന്ന വാര്‍ത്ത അത്ഭുതത്തോടെ ലോകം ഉറ്റ്നോക്കിയതുമാണ്. ഇത് വുഹാനിലാണ് നിര്‍മ്മിച്ചതെന്നുള്ള വിവരങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. എന്നാല്‍ ഇന്ത്യയിലും കോവിഡ് വ്യാപിച്ചതോടെ ഗുജറാത്ത് സംസ്ഥാനം ഇത്തരത്തില്‍ ഒരു ആശുപത്രി നിര്‍മ്മിച്ചു എന്നതാണ് ഇപ്പോഴത്തെ പ്രചരണം. ചൈന 10 ദിവസം കൊണ്ട് 1,000 ബെഡുള്ള ആശുപത്രിയെങ്കില്‍ ഗുജറാത്ത് 6 ദിവസം കൊണ്ട് 2,200 ബെഡ് ആശുപത്രി നിര്‍മ്മിച്ചു എന്ന താരതമ്യമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതെ കുറിച്ചുള്ള സത്യാവസ്ഥയറിന് ഗൂഗിളില്‍ ‘2200 bed hospital in Gujarat’ എന്ന കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ ദ് ഹിന്ദുവിന്റെ ബിസിനസ് ലൈന്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത റിപ്പോര്‍ട്ട് കണ്ടെത്താന്‍ കഴിഞ്ഞു. റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ ഇത് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ചെയ്യുന്നത് പോലെ മുന്‍കരുതല്‍ എന്ന നിലയിലെ പല ജില്ലകളിലായി നിലവിലുള്ള ആശുപത്രികള്‍ കോവിഡ് വാര്‍ഡുകളായി സജ്ജീകരിക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രവര്‍ത്തനമാണിതെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. അതായത് നിലിവിലുള്ള ആശുപത്രി കെട്ടിടങ്ങളില്‍ മാറ്റ് ചികിത്സകള്‍ ഒഴിവാക്കി കോവിഡിന് വേണ്ടി മാത്രമായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി എന്ന് മാത്രം. അല്ലാതെ ചൈനയില്‍ കെട്ടിടം നിര്‍മ്മിച്ചത് പോലെ ഇവിടെയും കെട്ടിടങ്ങള്‍ ഒന്നും തന്നെ പുതുതായി നിര്‍മ്മിച്ചിട്ടില്ല. ബിസിനസ് ലൈന്‍ റിപ്പോര്‍ട്ടിലെ 2,200 ബെഡ് ആശുപത്രികളുടെ കണക്ക് ഇപ്രകാരമാണ്.
ഗുജറാത്തില്‍ പുതുതായി ആശുപത്രികളില്‍ സജ്ജീകരിച്ച കോവിഡ് വാര്‍ഡുകളിലെ ബെഡുകളുടെ എണ്ണം-
അഹമ്മദാബാദ് – 1200
സൂറത്ത് – 500
രാജ്കോട്ട് – 250
വഡോദര – 250
ആകെ ഗുജാറാത്തിലെ ആശുപത്രികളിലെ കോവിഡ് വാര്‍ഡ് ബെഡുകളുടെ എണ്ണം 2,200. അതായത് പുതുതായി ആശുപത്രി കെട്ടിടം നിര്‍മ്മിക്കുകയോ അവിടെ ഒരുമിച്ച് 2,200 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങളോ അല്ല ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തി. ഗുജറാത്തിലെ നാല് പ്രധാന നഗരങ്ങളിലായി സജ്ജീകരിച്ച സൗകര്യങ്ങളുടെ കണക്കാണിത്. ഞങ്ങളുടെ (ഫാക്ട് ക്രെസെന്‍ഡോ) ഗുജാറാത്ത് പ്രതിനിധി നടത്തിയ അന്വേഷണത്തിലും ഇതെ വിവരങ്ങള്‍ തന്നെയാണ് കണ്ടെത്താന്‍ കഴിഞ്ഞത്.
ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട്-

ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് –

നിഗമനം
ചൈന 10 ദിവസം കൊണ്ട് കെട്ടിടം ഉള്‍പ്പടെ നിര്‍മ്മിച്ച് 1,000 കിടക്കകളുള്ള ആശുപത്രി നിര്‍മ്മിച്ചതുമായി താരതമ്യപ്പെടുത്താന്‍ കഴിയുന്നതല്ല ഗുജറാത്തിലെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായുള്ള കോവിഡ് വാര്‍ഡ് സജ്ജീകരണം. ഇത് എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്ന പ്രവര്‍ത്തനമാണെന്നും വ്യക്തമാണ്. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:ചൈനയുടെ റിക്കോര്‍ഡ് മറികടന്ന് വെറും 6 ദിവസം കൊണ്ട് ഗുജറാത്ത് 2,200 കിടക്കളുള്ള കോവിഡ് ആശുപത്രി നിര്‍മ്മിച്ചോ?
Fact Check By: Dewin CarlosResult: False
