വിവരണം

കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പൊറേഷന്‍റെ (കെഎസ്ആര്‍ടിസി) ബസിന്‍റെ ശോച്യാവസ്ഥ എന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. കെസ്ആര്‍ടിസി ഡ്രൈവര്‍ പെരുമഴയത്ത് ബസ് ഓടിക്കുമ്പോള്‍ കുട നിവര്‍ത്തിപിടിച്ച് ഇരിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ബസിന് ചോര്‍ച്ചയുണ്ടെന്ന് പരോക്ഷമായി പരിഹസിച്ചാണ് വീഡിയോ പ്രചരപ്പിക്കുന്നത്. കർണ്ണാടകത്തിലെ സർക്കാർ ബസ്സ് കാഴ്ച ആണ്... ഭരിക്കുന്നത് കൊണ്‍ഗ്രസ്സ് സർക്കാരും എന്ന തലക്കെട്ട് നല്‍കി ദിഗംബരന്‍ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോക്ക് ഇതുവരെ 1,500ല്‍ അധികം റിയാക്ഷനുകളും 1,000ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ബസ് ചോര്‍ന്നതിനെ തുടര്‍ന്ന് ഡ്രൈവര്‍ കുട നിവര്‍ത്തി ഇരുന്ന് ബസ് ഓടിക്കുന്ന വീഡിയോ തന്നെയാണോ ഇത്? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

Karnataka bus driver with umbrella എന്ന കീ വേര്‍‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ ചെയ്തതില്‍ നിന്നും വിഷയവുമായി ബന്ധപ്പെട്ട വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകള്‍ കണ്ടെത്താന്‍ കഴിഞ്ഞു. ഇതില്‍ നിന്നും ടൈംസ് ഓഫ് ഇന്ത്യാ റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഇപ്രകാരമാണ്-

നോര്‍ത്ത് വെസ്റ്റേണ്‍ കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പൊറേഷന്‍ (NWKRTC) ബസ് ഡ്രൈവറെയും കണ്ടക്ടറെയും സസ്പെന്‍ഡ് ചെയ്തു എന്നതാണ് വാര്‍ത്തയുടെ തലക്കെട്ട്. ഡ്രൈവര്‍ കുട പിടിച്ച് ബസ് ഓടിച്ച വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് ഡ്രൈവര്‍ ഹനുമന്ദപ്പയെയും എച്ച്.അനിതയെയും സസ്പെന്‍ഡ് ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ച് വൈറലാകാന്‍ വേണ്ടിയാണ് ഡ്രൈവറും കണ്ടെക്ടറും ചേര്‍ന്ന് വീഡിയോ ചിത്രീകരിച്ചതെന്നും ബസിന് ചോര്‍ച്ചയില്ലായിരുന്നു എന്നുമാണ് കോര്‍പ്പൊറേഷന്‍റെ കണ്ടെത്തല്‍. റോഡിലെ മറ്റ് യാത്രക്കാര്‍ക്ക് അപകടകരമാകും വിധമാണ് ഡ്രൈവര്‍ ബസ് ഓടിച്ചതെന്ന വിമര്‍ശനവും ഉയര്‍ന്ന് വന്നു. കൂടാതെ സര്‍ക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിലുള്ള തലക്കെട്ടോടെ വീഡിയോ വൈറലായതോടെ നടപടിയും വേഗത്തിലായി.

ടൈംസ് ഓഫ് ഇന്ത്യാ റിപ്പോര്‍ട്ട്-

Times Of India -Article

നിഗമനം

വൈറലാകാന്‍ വേണ്ടി ബസ് ഡ്രൈവറും കണ്ടകട്റും ചേര്‍ന്ന് ഷൂട്ട് ചെയ്ത വീഡിയോയാണിതെന്നതാണ് യാഥാര്‍ത്ഥ്യം. ബസിന് ചോര്‍ച്ചയില്ലായെന്നതാണ് വസ്‌തുത. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പൊറേഷന്‍റെ ബസില്‍ ചോര്‍ച്ച കാരണം ഡ്രൈവര്‍ കുട പിടിച്ച് ബസ് ഓടിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos

Result: Misleading