ആലിപ്പഴം പെയ്ത ദൃശ്യങ്ങള്‍ തമിഴ്നാട്ടിലെതല്ല, ചൈനയിലെതാണ്...
മാസങ്ങള്‍ നീണ്ട കടുത്ത വേനലിന് ശമനം കുറിച്ചു കൊണ്ട് കഴിഞ്ഞ ആഴ്ച തുടങ്ങിയ വേനല്‍മഴ കേരളത്തിലും തെക്കേ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും കനപ്പെട്ട് നാശനഷ്ടം വിതയ്ക്കുകയാണ്. മഴയെ തുടര്‍ന്നുണ്ടായ ദുരിതങ്ങളില്‍ പെട്ട് കേരളത്തിലും തമിഴ്നാട്ടിലും പല മരണങ്ങള്‍ പോലുമുണ്ടായി. കനത്ത മഴക്കിടെ തമിഴ്നാട്ടില്‍ ആലിപ്പഴം പെയ്തുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഒരു കെട്ടിടത്തിന്‍റെ ടെറസിന് മുകളില്‍ വലിപ്പമുള്ള ആലിപ്പഴങ്ങള്‍ വലിയ ശബ്ദത്തോടെ പൊഴിഞ്ഞു വീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒപ്പമുള്ള അടിക്കുറിപ്പ് പ്രകാരം ഇത് തമിഴ്നാട്ടിലെ ഹൊസൂരിലാണ്.-“തമിഴ്നാട് ഹൊസൂരിയിൽ ആലിപ്പഴം പെയ്തു. ആലിപ്പഴത്തിൻ്റെ വലിപ്പം നോക്കൂ...”
എന്നാല്‍ തെറ്റായ പ്രചരണമാണിതെന്നും ചൈനയിലെ ആഴിപ്പഴ വര്‍ഷമാണിതെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇതേ ദൃശ്യങ്ങള്‍ ചൈനയിലുണ്ടായ ആലിപ്പഴ വര്‍ഷത്തിന്‍റെതാണ് എന്നു വ്യക്തമാക്കുന്ന ചില റിപ്പോര്‍ട്ടുകളും സാമൂഹ്യ മാധ്യമ പോസ്റ്റുകളും ലഭിച്ചു. “തെക്കൻ ചൈനയിലെ ഗ്വാങ്‌ഡോങ്ങിലും ഗുവാങ്‌സിയിലും വാരാന്ത്യത്തിൽ കനത്ത ആലിപ്പഴം നാശം വിതച്ചു. ഭീമാകാരമായ ആലിപ്പഴം ഏകദേശം 20 സെന്‍റിമീറ്റർ വലിപ്പമുള്ളത് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഭൂമിയില്‍ പതിച്ചു. ആലിപ്പഴത്തിന്‍റെ വലിപ്പം തദ്ദേശീയരെ അത്ഭുതപ്പെടുത്തി, അവയിൽ ചിലത് ഒരു മുഷ്ടിയോളം വലുതായിരുന്നു.”
“കൊടുങ്കാറ്റിൽ മേൽക്കൂരകൾക്കും ജനലുകൾക്കും കാർഷിക മേഖലകൾക്കും കാര്യമായ നാശനഷ്ടമുണ്ടായി. ചില പ്രദേശങ്ങളിൽ ആലിപ്പഴം ആഘാതത്തിൽ ചില മൃഗങ്ങളും കൊല്ലപ്പെട്ടു.” എന്ന വിവരണത്തോടെ ലോവീന്‍ മാള്‍ട്ട എന്ന പ്രാദേശിക മാധ്യമത്തിന്‍റെ ഫേസ്ബുക്ക് പേജില്‍ ഇതേ വീഡിയോ 2024 ഏപ്രില്‍ 30 ന് നല്‍കിയിട്ടുണ്ട്.
“കനത്ത മഴയെത്തുടർന്ന് ഗ്വാങ്‌ഡോംഗിലും സെങ്‌ചെങ്ങിലും പൻയുവിലും ഗ്വാങ്‌ഷൂ ജില്ലകളുടെ പല ഭാഗങ്ങളിലും മുട്ടയുടെ വലിപ്പമുള്ള ആലിപ്പഴ വര്‍ഷം കാറുകൾക്കും ജനലുകൾക്കും കേടുപാടുകൾ വരുത്തി എന്ന വിവരണത്തോടെ ചാനല്‍ന്യൂസ്ഏഷ്യ(archived link) എന്ന മാധ്യമം നല്‍കിയ വാര്‍ത്ത അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് ലഭിച്ചു.
കൂടാതെ പലരും X പ്ലാറ്റ്ഫോമില്‍ ഗ്വാങ്‌ഡോംഗിലുണ്ടായ ആലിപ്പഴ വര്‍ഷം എന്ന വിവരണത്തോടെ തന്നെ ഇതേ വീഡിയോ ഏപ്രില്‍ 27 മുതല്‍ നല്‍കിയിട്ടുണ്ട്.
കൂടാതെ ചൈനീസ് വാര്‍ത്താ മാധ്യമമായ ഗ്വാങ്‌ഡോങ് ടിവി ടൊര്‍ണാഡോയെ കുറിച്ചും ആലിപ്പഴ വര്‍ഷത്തെ കുറിച്ചും നല്‍കിയ റിപ്പോര്‍ട്ടില്‍ വൈറല്‍ വീഡിയോയിലെ അതേ ദൃശ്യങ്ങള്‍ കാണാം.
ലഭ്യമായ വിവരങ്ങളില്‍ നിന്നും ഈ ദൃശ്യങ്ങള്‍ തെക്കൻ ചൈനയിലെ ഗ്വാങ്‌ഡോങ്ങില്‍ നിന്നുള്ളതാണെന്ന് ഉറപ്പിക്കാം. തമിഴ്നാട്ടിലെ ഹൊസൂരില്‍ നിന്നുള്ളതല്ല എന്നു ഉറപ്പിച്ച് പറയാന്‍ കഴിയും. ആലിപ്പഴ വര്‍ഷമുണ്ടായതായി ഹൊസൂരില്‍ നിന്നും വിശ്വസനീയമായ വാര്‍ത്തകളൊന്നുമില്ല.
നിഗമനം
പോസ്റ്റിലെ ദൃശ്യങ്ങളില്‍ കാണുന്ന ആലിപ്പഴ വര്‍ഷം തമിഴ്നാട്ടിലെ ഹൊസൂരില്‍ നിന്നുള്ളതല്ല. തെക്കന്‍ ചൈനയിലെ ഗ്വാങ്‌ഡോംഗിലുണ്ടായ ആലിപ്പഴ വര്‍ഷത്തിന്‍റെ വീഡിയോ ആണിത്. തമിഴ്നാടുമായോ തമിഴ്നാട്ടിലെ ഹൊസൂരുമായോ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:Facebook | Twitter | Instagram | WhatsApp (9049053770)
Title:ആലിപ്പഴം പെയ്ത ദൃശ്യങ്ങള്‍ തമിഴ്നാട്ടിലെതല്ല, ചൈനയിലെതാണ്...
Written By: Vasuki SResult: False