മുസ്ലീം സമുദായത്തെ അധിക്ഷേപിച്ച് വിഎസ് നടത്തിയ പ്രസ്താവനയാണോ ഇത്? വസ്‌തുത അറിയാം..

Misleading രാഷ്ട്രീയം | Politics

വിവരണം

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്.അച്യുതാനന്ദന്‍ മുസ്ലീം സമുദായത്തിനെതിരെ മുന്‍പ് നടത്തിയ ഒരു പ്രസ്താവന എന്ന പേരില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. മുസ്ലീം സമുദായത്തെ ആക്ഷേപിക്കുന്ന തരത്തിലാണ് വി.എസിന്‍റെ വിവാദമായ പരാമര്‍ശമെന്ന തരത്തിലും വീഡിയോ ചിലര്‍ പ്രചരിപ്പിച്ചിരുന്നു. വീഡിയോയില്‍ വിഎസ് പറയുന്ന വാചകങ്ങള്‍ ഇപ്രകാരമാണ് – 

“20 കൊല്ലം കഴിയുമ്പോള്‍ ഇന്ത്യാ, കേരളം ഒരു മുസ്ലീം രാജ്യമാകും മുസ്ലീം ഭൂരിപക്ഷമാകും. അതിന് ചെറുപ്പക്കാരായിട്ടുള്ളവരെ സ്വാധീനിച്ചിട്ട്, പണം കൊടുത്തിട്ട് അവരെ മുസ്ലീം ആക്കുക. മുസ്ലീം യുവതികളെ കല്യാണം കഴിക്കുക.. അത്തരത്തില്‍ ഇങ്ങനെ മറ്റ് സമുദായങ്ങളില്‍ നിന്നും വ്യത്യസ്ഥമായി മുസ്ലീം സമുദായത്തിന് ഭൂരിപക്ഷമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയുള്ള നീക്കമാണ് ഇവര്‍ നടത്തുന്നത്..” പറയുന്നത് സംഘിയല്ലാ നമ്മുടെ വിഎസ് ആണ്.. എന്ന തലക്കെട്ട് നല്‍കി വിനോദ് പൊന്നാടത്ത് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് –

Facebook Post Archived Screen Record 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ വി.എസ്.അച്യുതാനന്ദന്‍ മുസ്ലീം സമുദായത്തെ കുറിച്ച് നടത്തിയ പ്രസ്താവനയാണോ ഇത്? അതോ ഏതെങ്കിലും സംഘടനയ്‌ക്കെതിരെയാണോ? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

20 കൊല്ലം കഴിയുമ്പോള്‍ കേരളം മുസ്ലീം എന്ന കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും മനോരമ ന്യൂസ് നല്‍കിയ ഒരു വാര്‍ത്ത വീഡിയോ യൂട്യൂബില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു. കേരള സ്റ്റോറി എന്ന വിവാദ സിനിമ റിലീസ് ആയതിന് പിന്നാലെ വി.എസ്.അച്യുതാനന്ദന്‍റെ ഇതെ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നതിനെ കുറിച്ചാണ് മനോരമ ന്യൂസ് വാര്‍ത്ത. 2023 മെയ് ഒന്നിനാണ് വാര്‍ത്ത മനോരമ ന്യൂസ് യൂട്യൂബില്‍ പങ്കുവെച്ചിരിക്കുന്നത്. വിഎസ് 13 വര്‍ഷം മുന്‍പ് പറഞ്ഞ വാചകങ്ങളുടെ യഥാര്‍ത്ഥ വീഡിയോയാണ് വാര്‍ത്തയ്‌ക്കൊപ്പം നല്‍കുന്നതെന്ന പേരിലാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. അതായത് 2025 ആകുമ്പോള്‍ 15 വര്‍ഷം മുന്‍പ് വി.എസ്.നടത്തിയ ഒരു പരാമര്‍ശമാണിത്. യഥാര്‍ത്ഥത്തില്‍ വിഎസ് പറയുന്നത് നിരോധിത സംഘടനയായ നാദാപുരം ഡിഫെന്‍സ് ഫോഴ്‌സിനെ (എന്‍ഡിഎഫ്) കുറിച്ചാണ്. വിഎസിന്‍റെ വാക്കുകളുടെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ് –

“ആദ്യം എന്‍ഡിഎഫ് എന്ന പേരില്‍ തുടങ്ങി യുവാക്കള്‍ക്ക് ആയുധവും പണവും പരിശീലനവും കൊടുത്തിട്ട് വിരോധനമുള്ളവരെ കൊല്ലിക്കും. അല്ലെങ്കില്‍ ഇതുപോലെ കൈ വട്ടുക (മത നിന്ദ ആരോപിച്ച് മൂവാറ്റുപുഴയില്‍ കോളജ് അദ്ധ്യാപകനായ ടി.ജെ.ജോസഫിന്‍റെ കൈ വെട്ടിയ കേസ്) ഒക്കെയാണ് ഇവരുടെ പരിപാടി. ദേശീയ ദിനമായ ഓഗസ്റ്റ് 15ന് ദേശീയവാദികളും രാജ്യസ്നാഹികളും എല്ലാം പ്രകടനത്തില്‍ പങ്കെടുക്കുമല്ലോ. അതിന്‍റെ കൂടെ ഇവരും പങ്കെടുക്കും. 20 കൊല്ലം കഴിയുമ്പോള്‍ ഇന്ത്യാ, കേരളം ഒരു മുസ്ലീം രാജ്യമാകും മുസ്ലീം ഭൂരിപക്ഷമാകും. അതിന് ചെറുപ്പക്കാരായിട്ടുള്ളവരെ സ്വാധീനിച്ചിട്ട്, പണം കൊടുത്തിട്ട് അവരെ മുസ്ലീം ആക്കുക. മുസ്ലീം യുവതികളെ കല്യാണം കഴിക്കുക.. അത്തരത്തില്‍ ഇങ്ങനെ മറ്റ് സമുദായങ്ങളില്‍ നിന്നും വ്യത്യസ്ഥമായി മുസ്ലീം സമുദായത്തിന് ഭൂരിപക്ഷമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയുള്ള നീക്കമാണ് ഇവര്‍ നടത്തുന്നത്.” എന്നതാണ് വി.എസ്.അച്യുതാന്ദന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം. അതായത് മുസ്ലീം സമുദായത്തെ അടച്ച് ആക്ഷേപിച്ച് അദ്ദേഹം നടത്തിയ പ്രസ്താവനയല്ലാ ഇതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. എന്‍ഡിഎഫ് എന്ന നിരോധിത സംഘടനയെ കുറിച്ച് 15 വര്‍ഷം മുന്‍പ് അദ്ദേഹം നടത്തിയ പ്രസ്താവനയാണിതെന്നും അന്വേഷണത്തില്‍ വ്യക്തമായി.

വി.എസ്.അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം –

YouTube Video 

നിഗമനം

മുസ്ലീം സമുദായത്തെ അടച്ച് ആക്ഷേപിച്ച് വിഎസ് നടത്തിയ പ്രസ്താവനയല്ലാ ഇതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. എന്‍ഡിഎഫ് എന്ന നിരോധിത സംഘടനയെ കുറിച്ച് 15 വര്‍ഷം മുന്‍പ് അദ്ദേഹം നടത്തിയ പ്രസ്താവനയാണിതെന്നും അന്വേഷണത്തില്‍ വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:മുസ്ലീം സമുദായത്തെ അധിക്ഷേപിച്ച് വിഎസ് നടത്തിയ പ്രസ്താവനയാണോ ഇത്? വസ്‌തുത അറിയാം..

Written By: Dewin Carlos  

Result: Misleading