വിവരണം

വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ അ‍ജ്ഞാതന്‍ തട്ടൊക്കൊണ്ടുപോകുന്ന ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു സിസിടിവി ദൃശ്യമാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. വീട്ട് മുറ്റത്തിരുന്ന് കളിക്കുന്ന കുഞ്ഞിനെ തുറന്ന് കിടന്ന ഗേറ്റിലൂടെ എത്തുന്ന അജ്ഞാതന്‍ എടുക്കുകുയും കുഞ്ഞിന്‍റെ വായ പൊത്തിപിടിച്ചു കൊണ്ടുപോകുകയും ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഭയമല്ല ജാഗ്രതയാണ് ആവശ്യം. എത്ര തിരക്കിൽ ആണെങ്കിലും ഏത് ആഘോഷവേളയിലാണേലും കുട്ടികളെ ശ്രദ്ധിക്കുക. മുറ്റത്ത് ആണെങ്കിലും വീടിന്‍റെ അകത്ത് ആണെങ്കിലും ഒരു നിമിഷം മതി ആറ്റുനോറ്റ് കിട്ടിയ കുഞ്ഞിനെ നഷ്ടപ്പെടാന്‍. വിവേക് കുളനട എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 4,100ല്‍ അധികം റിയാക്ഷനുകളും 801ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ വീഡിയോ കുട്ടിയെ തട്ടിക്കൊണ്ടുപോയതിന്‍റെ സിസിടിവി ദൃശ്യം തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

പ്രചരിക്കുന്ന വീഡിയോ കീ ഫ്രെയിമുകള്‍ ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തതില്‍ നിന്നും യൂട്യൂബില്‍ പങ്കുവെച്ച ഇതെ വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞു. കുന്നിമുറ്റം വ്‌ളോഗ് (Kunhimuttam Vlog) എന്ന യൂട്യൂബ് ചാനലില്‍ നിന്നും 2023 ഏപ്രില്‍ 9നാണ് ഇതെ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. അതായത് ഏകദേശം ഒരു വര്‍ഷം മുന്‍പ് അപ്‌ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോയുടെ വിവരണം (ഡിസ്ക്രിപ്ഷന്‍) പരിശോധിച്ചതില്‍ നിന്നും അവബോധത്തിനായി ചിത്രീകരിച്ച ഒരു പ്രാങ്ക് വീഡിയോ മാത്രമാണിതെന്നാണ് നല്‍കിയിരിക്കുന്ന വിവരം. കുട്ടിയുടെ അച്ഛനാണ് കമന്‍റ് ചെയ്തിരിക്കുന്നതെന്നും ഇതില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

വീഡിയോ ഡിസ്ക്രീപ്ഷന്‍റെ സ്ക്രീന്‍ഷോട്ട് കാണാം-

യഥാര്‍ത്ഥ വീഡിയോ കാണാം-

YouTube Video

സംസ്ഥാന പോലീസ് മീഡിയ സെന്‍ററുമായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ബന്ധപ്പെടുകയും വീഡിയോയെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു. എന്നാല്‍ ഇത്തരമൊരു കുറ്റകൃത്യം നടന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലായെന്നും വീഡിയോയുടെ ആധികാരികത സംബന്ധിച്ച് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന പോലീസ് മീഡിയ സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ വ്യക്തമാക്കി.

നിഗമനം

അവബോധത്തിനായി ചീത്രീകരിച്ച പ്രാങ്ക് വീഡിയോയാണ് യഥാര്‍ത്ഥ സംഭവമെന്ന തരത്തില്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:വീട്ടുമുറ്റത്ത് നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന സിസിടിവി ദൃശ്യമെന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോ വ്യാജം.. വസ്‌തുത അറിയാം..

Written By: Dewin Carlos

Result: Misleading