വാനരന്‍ ഭക്തിയോടെയെത്തി പ്രാര്‍ത്ഥിക്കുന്നത് അയോധ്യ ശ്രീരാമ ക്ഷേത്രത്തിലല്ല, സത്യമറിയൂ…

കൌതുകം സാമൂഹികം

ക്ഷേത്ര നിർമ്മാണം പുരോഗമിക്കുകയാണ് അയോധ്യയിൽ നേപ്പാളിലെ സാളഗ്രാമത്തിൽ നിന്നും ദശലക്ഷക്കണക്കിന് വർഷം പഴക്കമുള്ള ശിലകൾ ഉപയോഗിച്ചാണ് ശ്രീകോവിലിൽ പ്രതിഷ്ഠിക്കുന്ന രാമവിഗ്രഹം നിർമ്മിക്കുകയെന്ന് ഈയിടെ വാർത്തകൾ വന്നിരുന്നു. ഇതിനിടെ അയോധ്യയിൽ ഒരു വാനരൻ ദിവസവും ദർശനം നടത്തുന്നുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. രാമായണ കഥയിൽ സീതയെ വീണ്ടെടുക്കാൻ ശ്രീരാമനെ സഹായിച്ചത് വാനരന്മാരാണെന്ന വിശ്വാസം ഭക്തര്‍ക്കിടയിലുള്ളതിനാല്‍ ഈ വീഡിയോയ്ക്ക് വളരെ പ്രചാരമാണ് ലഭിക്കുന്നത്.

പ്രചരണം 

വീഡിയോ ദൃശ്യങ്ങളിൽ ഒരു വാനരൻ ക്ഷേത്രത്തിലേക്ക് വരുന്നതും വിഗ്രഹങ്ങൾക്ക് മുന്നിൽ കുമ്പിട്ട് പ്രാർത്ഥിക്കുന്നതും കാണാം. അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലാണ് ഈ വാനരൻ പ്രാർത്ഥിക്കുന്നത് എന്ന് സൂചിപ്പിച്ച് വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ വെളുപ്പിനെ ആളുകൾ കാത്തിരിക്കുന്ന ഒരു കാഴ്ച്ചയുണ്ട്. എവിടെനിന്നോ ഒരു വാനരൻ എല്ലാ ദിവസവും യാതൊരു ഭയവുമില്ലാതെ അവിടേക്കു കടന്നു വരും. നായ്ക്കൾ കുരച്ചു കൊണ്ടുവന്നാൽ ഭയപ്പെടുത്തി ഓടിക്കും.

തുടർന്ന് താൽക്കാലിക ക്ഷേത്രത്തിന്റെ മുന്നിലെത്തി ശ്രീരാമനെ കുമ്പിട്ടു നമസ്കരിക്കും. പിന്നീട് തിരികെ മടങ്ങും. ഇതു കാണുവാനായും ഭക്തന്മാരെത്തുന്നു…!

ജയശ്രീറാം..!🚩🚩🚩 

FB postarchived link

എന്നാൽ തെറ്റായ പ്രചരണമാണ് വീഡിയോ ഉപയോഗിച്ച് നടത്തുന്നതെന്നും അയോധ്യ ക്ഷേത്രവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി 

വസ്തുത ഇതാണ്

ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ലക്നൌവിലെ ബുധനേശ്വർ മഹാദേവ ക്ഷേത്രത്തില്‍ രാത്രി കാലങ്ങളിൽ വാനരന്‍ ദർശനം നടത്തുന്നു എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ഇതേ വീഡിയോ ലഭ്യമായി. 

ഈ സൂചന ഉപയോഗിച്ച് ഞങ്ങൾ ഗൂഗിളിൽ തിരഞ്ഞപ്പോൾ ഇത് സംബന്ധിച്ച് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ ലഭിച്ചു.

ലക്നൌവിലെ ബുധനേശ്വർ ക്ഷേത്രത്തിലാണ് വാനരൻ പ്രാർത്ഥിക്കാൻ എത്തുന്നതെന്നാണ് വാർത്തകൾ പ്രകാരം അനുമാനിക്കാൻ സാധിക്കുന്നത്. 

അല്ലാതെ പോസ്റ്റിലെ വിവരണത്തില്‍ അറിയിക്കുന്നതുപോലെ അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലല്ല.  കൂടുതൽ വ്യക്തതക്കായി ഞങ്ങൾ ലക്നൌവിലെ ബുധനേശ്വര്‍ ക്ഷേത്രത്തെക്കുറിച്ച് ഗൂഗിള്‍ മാപ്പില്‍ തിരഞ്ഞു.  ക്ഷേത്രത്തിന്‍റെ പരിസരം വൈറൽ വീഡിയോയിൽ കാണുന്നത് തന്നെയാണ്, വ്യത്യാസമൊന്നുമില്ല.

ക്ഷേത്രം ഭാരവാഹികളുമായി ഞങ്ങളുടെ പ്രതിനിധി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. വിശദാംശങ്ങള്‍ ലഭ്യമായാലുടന്‍ ലേഖനത്തില്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ് ക്ഷേത്രദർശനം നടത്തുന്നത് ലക്നൗവിലെ ബുധനേശ്വര്‍ ക്ഷേത്രത്തിലാണ്. അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ അല്ല ദർശനം നടത്തുന്നത്. അയോധ്യയിലെ ശ്രീരമ ക്ഷേത്രവുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വാനരന്‍ ഭക്തിയോടെയെത്തി പ്രാര്‍ത്ഥിക്കുന്നത് അയോധ്യ ശ്രീരാമ ക്ഷേത്രത്തിലല്ല, സത്യമറിയൂ…

Fact Check By: Vasuki S 

Result: MISLEADING