ഒറീസയിലെ ബാലസൂർ ജില്ലയിൽ ബഫനാഗ ബസാർ റെയിൽവേ സ്റ്റേഷൻ അടുത്ത് കഴിഞ്ഞയാഴ്ച നടന്ന ട്രെയിൻ അപകടത്തിൽ 288 പേർ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു ആയിരത്തിലധികം പരിക്കേറ്റ ചികിത്സയിലുമാണ്. പ്രധാന അന്വേഷണ ഏജൻസി സിബിഐ അന്വേഷണം തുടരുകയാണ്.

ഇതിനിടെ അപകടം ഉണ്ടാകാൻ കാരണക്കാരൻ മുഹമ്മദ് ഷരീഫ് അഹമ്മദ് എന്ന സ്റ്റേഷൻ മാസ്റ്ററാണ് എന്ന് ആരോപിച്ച്, റെയിൽവേ ഉദ്യോഗസ്ഥന്‍റെ ചിത്രവുമായി ഒരു പോസ്റ്റ് പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. ഷെരീഫ് അഹമ്മദ് സിഗ്നൽ തെറ്റിച്ചതിനാലാണ് അപകടം ഉണ്ടായത് എന്ന് വാദിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ:

“*ഇരുന്നൂറ്റി എൺപത് ( 280 ) പേരെ കൊല്ലുകയും തൊള്ളായിരത്തോളം ( 900 ) പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത ട്രെയിൻ അപകടത്തിൻ്റെ കാരണം മനുഷ്യരൂപത്തിലുള്ള ഈ പിശാച് ഷെരീഫ് അഹമ്മദ് ആയിരുന്നു. ഒറീസയിലെ ബഹനാഗ സ്റ്റേഷനിൽ ഗുഡ്‌സ് ട്രെയിൻ നിൽക്കുന്ന ലൂപ്പ് ലൈനിലേക്ക് മനപൂർവം എക്‌സ്‌പ്രസ് ട്രെയിനിന് സിഗ്നൽ നൽകിയത് ഈ മഹാപാപിയായിരുന്നു. അപകടത്തെക്കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത് മുതൽ മുഹമ്മദ് ഷെരീഫ് അഹമ്മദ് ഒളിവിലാണ്. ഈ ജിഹാദി ഒരു മതഭ്രാന്തനാണ് .. ബാലസോറിലെ ക്രൂരമായ ട്രെയിൻ അപകടത്തിന് പിന്നിലെ പ്രധാന പ്രതിയാണ് മുഹമ്മദ് ഷെരീഫ് അഹമ്മദ്. ഇപ്പോൾ ഇയാൾ ഒളിവിലാണ്. ഇവൻ്റെ പിന്നിൽ ഗൂഢാലോചന നടത്തിയവർക്കായി ഊർജ്ജിത തിരച്ചിൽ തുടരുകയാണ് 😠.”

FB postarchived lin

എന്നാൽ പോസ്റ്റിലെ വിവരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി

വസ്തുത ഇതാണ്

പോസ്റ്റിലെ വിവരണത്തിൽ ഒരിടത്തും മുഹമ്മദ് ശരീഫ് ജോലി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ ഏതാണെന്ന് വ്യക്തമായ പരാമർശമില്ല. അപകടം നടന്ന സ്ഥലത്തിന് ഏറ്റവും അടുത്തുള്ളത് ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനാണെന്ന് ഞങ്ങൾ കണ്ടെത്തി. സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ എസ്ബി മൊഹന്തിയാണെന്ന് പല വാര്‍ത്താ റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നുണ്ട്.

ബഹനാഗ ബസാർ സ്‌റ്റേഷനിൽ മുസ്‌ലിം നാമധാരികളായ ഉദ്യോഗസ്ഥരാരും സ്റ്റേഷന്‍ മാസ്റ്റര്‍ തസ്തികയില്‍ ജോലി ചെയ്യുന്നതായി റെയില്‍വേയുടെ ഡാറ്റയില്‍ ഞങ്ങൾക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. മുഹമ്മദ് ഷെരീഫ് എന്ന സ്റ്റേഷൻ മാസ്റ്റർ അപകടം നടന്നതിന് സമീപമുള്ള സ്‌റ്റേഷനിൽ നിന്ന് ഒളിവില്‍ പോയതിനെ കുറിച്ച് വിശ്വസനീയമായ ഒരു വാർത്തയും ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.

ഒഡീഷ ആസ്ഥാനമായുള്ള കലിംഗ ടിവി പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരവും ബഹനാഗ ബസാർ സ്റ്റേഷനിലെ അസിസ്റ്റന്‍റ് സ്റ്റേഷൻ മാസ്റ്റർ എസ് ബി മൊഹന്തി ആയിരുന്നു. പല വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പ്രകാരവും അപകട സമയത്ത് എസ്.കെ.പട്ട്നായകായിരുന്നു സ്റ്റേഷൻ മാനേജർ. പി കെ പാണ്ഡ, ജെ കെ നായക്, എസ് ബി മൊഹന്തി എന്നിവരായിരുന്നു സൂപ്രണ്ടുമാർ. ബാലസോർ ജിആർപി പോലീസ് സ്റ്റേഷൻ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഞങ്ങൾ ഉദ്യോഗസ്ഥരോട് സംസാരിച്ച് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എസ്.കെ.പട്ട്നായകായിരുന്നു സ്റ്റേഷൻ മാനേജർ എന്ന് ഞങ്ങളോട് സംസാരിച്ച ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്.

അപകടസമയത്ത് എസ്ബി മൊഹന്തി ഡ്യൂട്ടിയിലായിരുന്നെന്നും അപകടത്തെത്തുടർന്ന് അദ്ദേഹത്തെ അന്വേഷണത്തിനായി ഖുർദ റോഡ് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന് ശേഷം കാര്യങ്ങള്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റിലെ ചിത്രത്തിലുള്ള റെയില്‍വേ ഉദ്യോഗസ്ഥന്‍ ആരാണെന്ന് ഇതുവരെ ഞങ്ങള്‍ക്ക് കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞില്ല. അപകടശേഷം ഒളിവില്‍ പോയ സ്റ്റേഷന്‍ മാസ്റ്റര്‍ എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം 2004 ല്‍ കോട്ടവലസ കിരണ്ടുൽ കെകെ ലൈൻ വഴിയുള്ള യാത്രയെ കുറിച്ച് വിവരിക്കുന്ന ഒരു ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്.

ട്രെയിൻ അപകടം വർഗീയ തലങ്ങള്‍ ചേര്‍ത്ത് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ഒഡീഷ പോലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

“ബാലസോറിലെ ദാരുണമായ ട്രെയിൻ അപകടത്തിന് ചില സോഷ്യൽ മീഡിയ ഹാൻഡിലുകൾ വികൃതമായി വർഗീയ നിറം നൽകുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. അപകടത്തിന്റെ കാരണത്തെക്കുറിച്ചും മറ്റ് എല്ലാ വശങ്ങളെക്കുറിച്ചും ഒഡീഷയിലെ ജിആർപിയുടെ അന്വേഷണം പുരോഗമിക്കുകയാണ്,”

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. ബാലസോറിലെ ട്രെയിന്‍ അപകട സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷന്‍ മാസ്റ്ററുടെ പേര് ഷെരീഫ് അഹമ്മദ് എന്നല്ല. ബഹനാഗ ബസാർ സ്റ്റേഷനിലെ അസിസ്റ്റന്‍റ് സ്റ്റേഷൻ മാസ്റ്റർ എസ് ബി മൊഹന്തി ആയിരുന്നു അപകട സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. സ്റ്റേഷന്‍ മാനേജരുടെ പേര് എസ്.കെ.പട്ട്നായക് എന്നാണ്. ഷെരീഫ് മുഹമ്മദ് എന്ന പേരില്‍ ഒരാള്‍ സ്റ്റേഷന്‍ മാസ്റ്ററായോ അല്ലെങ്കില്‍ മറ്റ് ഓഫീസര്‍ തസ്തികയിലോ പ്രസ്തുത സ്റ്റേഷനില്‍ ജോലി ചെയ്യുന്നില്ല. പോസ്റ്റിലെ ഓഫീസറുടെ ചിത്രം 2004 മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഒഡിഷ ട്രെയിന്‍ അപകടത്തിന് ശേഷം സ്റ്റേഷന്‍ മാസ്റ്റര്‍ ഷെരീഫ് അഹമ്മദ് ഒളിവില്‍ പോയി- വ്യാജ പ്രചരണത്തിന്‍റെ സത്യമറിയൂ...

Written By: Vasuki S

Result: False