ഭാരത് ജോഡോ യാത്ര സമാപിച്ചെങ്കിലും രാഹുൽ ഗാന്ധിയെ ചുറ്റിപ്പറ്റിയുള്ള പ്രചരണങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ യാതൊരു പഞ്ഞവുമില്ല. ഈയിടെ അദ്ദേഹം ബ്രിട്ടന്‍ സന്ദര്‍ശിച്ചിരുന്നു. ബിജെപിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ ചില പ്രസ്താവനകളുടെ മുകളില്‍ ബിജെപി-കോണ്‍ഗ്രസ്സ് അനുഭാവികള്‍ വാഗ്പോര് നടത്തുകയാണ്. ഇതിനിടെ പ്രചരിച്ചു തുടങ്ങിയ രാഹുല്‍ ഗാന്ധിയുടെ ഒരു ചിത്രം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.

പ്രചരണം

വിദേശത്ത് രാഹുല്‍ ഗാന്ധി പങ്കെടുത്ത വേദിയില്‍ നിന്നുമുള്ള ചിത്രമാണ് പ്രചരിക്കുന്നത്. Rahul Rajiv Firoz (രാഹുൽ രാജീവ് ഫിറോസ്) എന്നാണ് രാഹുല്‍ ഗാന്ധിയുടെ യഥാര്‍ത്ഥ പേരെന്നും വിദേശ രാജ്യങ്ങളില്‍ ഈ പേരാണ് അദ്ദേഹം ഉപയോഗിക്കുന്നതെന്നും പോസ്റ്റില്‍ ആരോപിക്കുന്നു. ഇതിന് തെളിവായി Rahul Rajiv Firoz എന്ന പേരെഴുതിയ നെയിം പ്ലേറ്റിന്‍റെ സമീപത്ത് അദ്ദേഹം നില്‍ക്കുന്ന ചിത്രമാണുള്ളത്. ഈ ചിത്രം സത്യമാണെന്ന് വിശ്വസിച്ച് നിരവധി പേരാണ് ഷെയർ ചെയ്യുന്നത്.

FB postarchived link

എന്നാല്‍ എഡിറ്റ് ചെയ്ത ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ചിത്രം സൂക്ഷിച്ചുനോക്കിയാൽ, നെയിംപ്ലേറ്റിലെ വൈരുദ്ധ്യം എളുപ്പം മനസ്സിലാക്കാന്‍ കഴിയും. "രാഹുൽ രാജീവ് ഫിറോസ് – ഗോള്‍ഡ് ഫ്രം പൊട്ടറ്റോ എക്സ്പെര്‍ട്ട് വയനാട്, കേരള” എന്ന പേരിൽ ഒരു നെയിംപ്ലേറ്റ് വിദേശ രാജ്യത്ത് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ചടങ്ങില്‍ പ്രദര്‍ശിപ്പിക്കാന്‍ യാതൊരു സാധ്യതയുമില്ല. അതിനാല്‍ ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി. അപ്പോള്‍ വ്യവസായ സംരംഭകനും കോണ്‍ഗ്രസ്സ് അനുഭാവിയുമായ സാം പിത്രോഡ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ സമാന ചിത്രം ട്വീറ്റ് ചെയ്തതായി കണ്ടു.

എന്നാല്‍ പ്രസ്തുത നെയിം പ്ലേറ്റ് ശൂന്യമാണ് എന്ന വ്യത്യാസമുണ്ട്.

'രാഹുൽ രാജീവ് ഫിറോസ്' എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല.

ലണ്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധിയുടെ മഹത്തായ പ്രഭാഷണത്തില്‍ നിന്നുമുള്ളതാണ് ചിത്രങ്ങളെന്ന് ട്വീറ്റിലെ വിവരണത്തില്‍ പറയുന്നുണ്ട്.ഈ സൂചന ഉപയോഗിച്ച് ഞങ്ങള്‍ തിരഞ്ഞപ്പോള്‍ ഇതേ പ്രഭാഷണത്തിന്‍റെ വീഡിയോ ലഭ്യമായി.

വീഡിയോ ദൃശ്യങ്ങള്‍ കണ്ടാല്‍ വൈറല്‍ ചിത്രം എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമാകും. രാഹുല്‍ ഗാന്ധിക്ക് രാഹുല്‍ രാജീവ് ഫിറോസ് എന്നൊരു പേരുള്ളതായി ഇതിനുമുമ്പ് ആരോപണങ്ങളൊന്നും വന്നിട്ടില്ല. ലോക്സഭയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ രാഹുല്‍ ഗാന്ധിയുടെ പേര് രാഹുല്‍ ഗാന്ധി എന്നുതന്നെയാണ് നല്‍കിയിട്ടുള്ളത്.

താരതമ്യ ചിത്രം ശ്രദ്ധിക്കുക:

ഇതേ ഫാക്റ്റ് ചെക്ക് ഞങ്ങളുടെ തമിഴ് ടീം ചെയ്തിട്ടുണ്ട്.

‘ராகுல் ராஜிவ் பெரோஸ்’ என்ற பெயரை வெளிநாடுகளில் ராகுல் காந்தி பயன்படுத்துகிறாரா?

നിഗമനം

ചിത്രത്തിലെ രാഹുല്‍ ഗാന്ധിയുടെ പേര് വിചിത്രമായി എഴുതി കാണിക്കുന്ന നെയിംപ്ലേറ്റ് എഡിറ്റഡാണ്. യഥാര്‍ഥത്തില്‍ രാഹുല്‍ ഗാന്ധിയുടെ സമീപമുള്ള ഫലകത്തില്‍ അദ്ദേഹത്തിന്‍റെ പേര് എഴുതിയിട്ടില്ല. എഡിറ്റ് ചെയ്ത വ്യാജ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘രാഹുൽ രാജീവ് ഫിറോസ്’ എന്ന നെയിംപ്ലേറ്റുമായി രാഹുല്‍ ഗാന്ധി വിദേശത്ത് – പ്രചരിക്കുന്ന ചിത്രം എഡിറ്റഡാണ്...

Fact Check By: Vasuki S

Result: ALTERED