
പ്രദേശവാസികളുടെ നിരന്തരമായ ആക്രമണത്തെത്തുടർന്ന് ബിഹാറി കുടിയേറ്റ തൊഴിലാളികൾ തമിഴ്‌നാട്ടിൽ നിന്ന് പലായനം ചെയ്യുന്നതിനെക്കുറിച്ച് പല വാർത്താ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ജാഗരന്‍റെ റിപ്പോർട്ട് അനുസരിച്ച് കുടിയേറ്റ തൊഴിലാളികൾ തമിഴ്‌നാട്ടിലെ പ്രദേശവാസികളിൽ നിന്ന് ആക്രമണം നേരിടുന്നുവെന്നും ചിലർ ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടുവെന്നും പറയുന്നു.
പ്രചരണം
തമിഴ്‌നാട്ടിൽ ബിഹാറി കുടിയേറ്റ തൊഴിലാളികൾക്ക് നേരെയുണ്ടായ മാരകമായ ആക്രമണത്തിന്‍റെ ചില വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഞങ്ങൾ പരിശോധിക്കുന്നത്. തമിഴ്‌നാട്ടിലെ തെരുവുകളിൽ ബിഹാറി തൊഴിലാളികളെ നാട്ടുകാർ മാരകായുധങ്ങളാൽ ആക്രമിക്കുന്നുവെന്ന് ആവകാശപ്പെട്ടുകൊണ്ടുള്ള ദൃശ്യങ്ങളാണ് ഷെയർ ചെയ്യുന്നത്. മനസ്സിന് ആസ്വാസ്ഥ്യമുണ്ടാക്കുന്ന ദൃശ്യങ്ങളാണിതെന്ന് ഞങ്ങള്‍ മുന്നറിയിപ്പ് തരുന്നു.
എന്നാല്‍, ഈ വീഡിയോ ദൃശ്യങ്ങള്‍ക്ക് തമിഴ്‌നാട്ടിൽ ബിഹാറികൾക്കും ഉത്തരേന്ത്യൻ തൊഴിലാളികൾക്കും എതിരായ ഏതെങ്കിലും അക്രമവുമായി യാതൊരു ബന്ധവുമില്ല എന്നു അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇങ്ങനെ
ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍, ന്യൂസ്ബ്രിക്സ് എന്ന വെബ്സൈറ്റിൽ സംഭവത്തെക്കുറിച്ചുള്ള ഒരു ലേഖനം കണ്ടെത്തി.

ഈ വർഷം ഫെബ്രുവരി 13ന് കോയമ്പത്തൂരിൽ മജിസ്‌ട്രേറ്റ് കോടതിക്ക് സമീപമാണ് സംഭവം നടന്നതെന്ന് ലേഖനം റിപ്പോർട്ട് ചെയ്യുന്നു. തനിക്കെതിരായ കൊലപാതക വിചാരണയിൽ ഹാജരാകാൻ കോടതിയിലേക്ക് പോകുമ്പോൾ 22 കാരനായ പ്രതി ഗോപാലിനെ ചില അക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയാണുണ്ടായത്. ഗോപാലിന്‍റെ സുഹൃത്ത് മനോജിനെയും അക്രമികൾ ആക്രമിച്ചു പരിക്കേൽപ്പിച്ചു. അരിവാള്‍ കൊണ്ടുള്ള വെട്ടില്‍ മനോജിന് തലയ്ക്കും കൈകൾക്കും ഗുരുതരമായി പരിക്കേറ്റു.
സംഭവത്തെ കുറിച്ച് ജയ പ്ലസ് നല്‍കിയ വാർത്ത താഴെ കാണാം:
ഗോപാലിനെ കൊലപ്പെടുത്തിയ അക്രമികളിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ബിബിസി തമിഴ് റിപ്പോർട്ട് ചെയ്യുന്നു. നീലഗിരിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഗൗതം, ജോഷ്വ എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ പേര്.
ഭാഷാ പ്രശ്‌നത്തിന്‍റെ പേരിൽ ബിഹാറി കുടിയേറ്റ തൊഴിലാളികളെ തമിഴ്‌നാട്ടിലെ പ്രാദേശിക ആളുകൾ ആക്രമിക്കുന്നുവെന്ന് ആരോപിച്ച് ബീഹാർ ആസ്ഥാനമായുള്ള മാധ്യമപ്രവർത്തകൻ മറ്റൊരു വീഡിയോയ്‌ക്കൊപ്പം ഇതേ വീഡിയോ പങ്കുവച്ചിരുന്നു. എന്നാൽ, തമിഴ്‌നാട് സംസ്ഥാന പോലീസ് നടപടിയെടുക്കുകയും ഡിജിപി സി. ശൈലേന്ദ്രബാബു ട്വീറ്റ് നിരാകരിച്ച് വീഡിയോ പുറത്തിറക്കുകയും ചെയ്തു. പ്രസ്തുത മാധ്യമ പ്രവര്‍ത്തകന്‍റെ ട്വീറ്റ് ഇപ്പോൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ട്വീറ്റിന്‍റെ ആർക്കൈവ് ചെയ്ത പതിപ്പ് ഇവിടെ കാണാം.
വൈറലായ വീഡിയോയെക്കുറിച്ച് ഡിജിപി ശൈലേന്ദ്ര ബാബു വിശദീകരണം നല്കിയിട്ടുണ്ട്.
Message from The Director General of Police / HoPF
— Tamil Nadu Police (@tnpoliceoffl) March 2, 2023
Tamil Nadu @bihar_police @NitishKumar https://t.co/cuzvY48sFk pic.twitter.com/vqKm4tANcx
“ബിഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ തമിഴ്‌നാട്ടിൽ ആക്രമിക്കപ്പെടുന്നുവെന്ന് പറഞ്ഞ് ബീഹാറിലെ ആരോ തെറ്റായതും വികൃതവുമായ വീഡിയോ പോസ്റ്റ് ചെയ്തുവെന്ന് ഡിജിപി പറഞ്ഞു. അതിൽ രണ്ട് വീഡിയോകൾ പോസ്റ്റ് (ട്വീറ്റ്) ചെയ്തിട്ടുണ്ട്. രണ്ടും തെറ്റായ വീഡിയോകളാണ്. ഈ രണ്ട് സംഭവങ്ങളും നേരത്തെ തിരുപ്പൂരിലും കോയമ്പത്തൂരിലും സംഭവിച്ചതാണ്. അവ തമിഴ്നാട്ടുകാരും കുടിയേറ്റ തൊഴിലാളികളും തമ്മിലുള്ള ഏറ്റുമുട്ടലല്ല. ഒരു വീഡിയോ ബിഹാറി കുടിയേറ്റ തൊഴിലാളികളുടെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലിന്‍റെതും മറ്റൊരു വീഡിയോ കോയമ്പത്തൂരിലെ പ്രദേശവാസികൾ തമ്മിലുള്ള ഏറ്റുമുട്ടലിന്‍റെതുമാണ്.”
ഇതേ ഫാക്റ്റ് ചെക്ക് ഞങ്ങളുടെ ഇംഗ്ലിഷ് ടീം ചെയ്തിട്ടുണ്ട്.
Unrelated Video Of Violence From Coimbatore Shared As Bihari Migrant Workers Attacked In TN…
നിഗമനം
പോസ്റ്റിലെ വീഡിയോയുടെ ഒപ്പമുള്ള പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. തമിഴ്‌നാട്ടിൽ ബിഹാറി കുടിയേറ്റ തൊഴിലാളികൾക്ക് നേരെ നടന്ന അക്രമ സംഭവങ്ങളുമായി വൈറൽ വീഡിയോയ്ക്ക് ബന്ധമില്ലെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ മാസം കോയമ്പത്തൂരിൽ ഗോപാൽ എന്ന തമിഴ്നാട് സ്വദേശിയെ പട്ടാപ്പകൽ ഒരു സംഘം ആളുകൾ കൊലപ്പെടുത്തിയ സംഭവത്തിന്‍റെ വീഡിയോയാണിത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Title:തമിഴ്നാട്ടില്‍ ബീഹാറി തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ആക്രമണം: പ്രചരിപ്പിക്കുന്നത് ബന്ധമില്ലാത്ത പഴയ വീഡിയോ… സത്യമറിയൂ…
Fact Check By: Vasuki SResult: False
