ലോക്സഭാ തെരെഞ്ഞെടുപ്പ് അടുത്തതോടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവും പ്രചരണവും നടത്തുന്ന തിരക്കിലായി കഴിഞ്ഞു. ഒരു പതിറ്റാണ്ട് ഇന്ത്യ ഭരിച്ച ബി‌ജെ‌പിയെ പടിക്കു പുറത്താക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ഇന്ത്യ മുന്നണി എന്ന പേരില്‍ പുതിയ മുന്നണി ഇത്തവണ ലോക്സഭാ തെരെഞ്ഞെടുപ്പ് നേരിടാന്‍ രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യ മുന്നണിയുടെ ബഹുജന റാലി എന്ന പേരില്‍ ഒരു ചിത്രം പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.

പ്രചരണം

ലക്ഷക്കണക്കിന് ആളുകള്‍ ഒരു മൈതാനത്ത് സംഘടിച്ചിരിക്കുന്നതിന്‍റെ വിദൂരത്തില്‍ നിന്നു പകര്‍ത്തിയ ചിത്രമാണ് പ്രചരിക്കുന്നത്. ഇന്ത്യ മുന്നണിയുടെ നേതൃത്വത്തില്‍ ബീഹാറില്‍ റാലിക്കെത്തിയ ജനക്കൂട്ടമാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “പ്രതീക്ഷ 💙🇮🇳

കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി ബീഹാറിൽ നടത്തുന്ന പടുകുറ്റൻ റാലി🔥🔥🔥”

archived linkFB post

എന്നാല്‍ 2017 ലെ ബഹുജനറാലിയുടെ ഈ ചിത്രത്തിന് ഇന്ത്യ മുന്നണിയുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 2017 ഓഗസ്റ്റ് 27 ന് മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് X പ്ലാറ്റ്ഫോമില്‍ പങ്കുവച്ച ഇതേ ചിത്രം ലഭ്യമായി.

ലാലുവിന്‍റെ അടിത്തറയില്‍ മറ്റൊരു മുഖവും നിലനില്‍ക്കില്ല, പറ്റ്നയിലെ ഗാന്ധി മൈതാനത്തേക്ക് നിങ്ങള്‍ വരൂ... കഴിയുന്നത്ര എണ്ണിക്കൊളൂ... എന്ന അടിക്കുറിപ്പോടെയാണ് ചിത്രം കൊടുത്തിട്ടുള്ളത്.

കൂടാതെ എ‌എന്‍‌ഐ ന്യൂസിന്‍റെ X പ്ലാറ്റ്ഫോമില്‍ നാലു സമാന ചിത്രങ്ങള്‍ കൊടുത്തിട്ടുണ്ട്. “ആർജെഡിയുടെ പട്‌ന റാലി: ലാലു പ്രസാദ് യാദവ് ചിത്രമെടുത്ത അതേ പോയിന്‍റിൽ നിന്ന് എടുത്ത ചിത്രം; ആൾക്കൂട്ടത്തിന്‍റെ വലുപ്പം വ്യത്യസ്തമാണ്” എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങള്‍.

അതായത് ലാലു പ്രസാദ് യാദവ് ഫോട്ടോ എഡിറ്റ് ചെയ്താണ് ഇത്രയും ജനക്കൂട്ടത്തെ കാണിക്കുന്നത് എന്ന് എ‌എന്‍‌ഐ ന്യൂസ് അവകാശപ്പെടുന്നു.

ഇത്രയും വലിയ ജനക്കൂട്ടത്തിന്‍റെ ചിത്രം ലാലു പ്രസാദ് യാദവിന്‍റെ കൃത്രിമത്വം ആണെന്ന് വ്യക്തമാക്കി ഇരു ചിത്രങ്ങളും (ലാലു പ്രസാദ് യാദവ് നല്‍കിയതും എ‌എന്‍‌ഐ ന്യൂസ് നല്‍കിയതും ഉള്‍പ്പെടുത്തി) ഡെക്കാന്‍ ക്രോണിക്കിള്‍ ദിനപ്പത്രം 2017 ഓഗസ്റ്റ് 28 ന് ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഏതായാലും 2017 ഓഗസ്റ്റില്‍ ലാലു പ്രസാദ് യാദവ് തന്‍റെ പാര്‍ട്ടിയായ രാഷ്ട്രീയ ജനതാ ദളിന്‍റെ ശക്തി കാട്ടാനായി പോസ്റ്റു ചെയ്ത ചിത്രമാണിത്. ഇന്ത്യ മുന്നണി രൂപംകൊണ്ടഅത് 2023 ജൂലൈ 18 നാണ്. 28 രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോള്‍ ഇതിലെ അംഗങ്ങളാണ്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ലാലു പ്രസാദ് യാദവ് 2017 ഓഗസ്റ്റില്‍ രാഷ്ട്രീയ ജനതാദള്‍ പറ്റ്നയില്‍ നടത്തിയ പടുകൂറ്റന്‍ റാലി എന്നവകാശപ്പെട്ട് പോസ്റ്റു ചെയ്ത ചിത്രമാണിത്. ഇന്ത്യ മുന്നണിയുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഇന്ത്യ മുന്നണിയുടെ ബഹുജന റാലി..? പ്രചരിക്കുന്നത് ലാലുപ്രസാദ് യാദവ് 2017 ല്‍ പങ്കുവച്ച ചിത്രം...

Fact Check By: Vasuki S

Result: False