പ്രചരണം

കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് ദിവസേന വര്‍ദ്ധിക്കുന്ന സ്ഥിതി തുടരുകയാണ്. സര്‍ക്കാര്‍ മാത്രമല്ല, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും മത സമുദായങ്ങളുടെയും പോഷക സംഘടനകള്‍ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി പലയിടത്തും സൌകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. സേവാഭാരതി ഡല്‍ഹിയില്‍ കോവിഡ് രോഗികള്‍ക്കായി തയ്യാറാക്കിയ ക്യാമ്പ് എന്ന വിവരണത്തോടെ ഒരു പോസ്റ്റ് പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. പട്ടാളക്കാര്‍ താല്‍ക്കാലികമായി നിര്‍മ്മിക്കുന്ന മോഡുലാര്‍ ടെന്റുകളുടെ പോലുള്ള ചിത്രവും ഒപ്പം “സ്വയംസേവകരും സേവാഭാരതിയും ഡല്‍ഹിയില്‍ കോവിഡ് രോഗികള്‍ക്കായി നിര്‍മ്മിച്ച ക്യാമ്പ്. ഇതൊന്നും കേരളത്തിലെ ഒരു മാധ്യമവും നിങ്ങളെ കാണിക്കില്ല. മാക്സിമം ഷെയര്‍ ചെയ്യുക” എന്ന വാചകങ്ങളും ആണുള്ളത്.

അതായത് ഈ ടെന്റുകള്‍ ഡല്‍ഹിയില്‍ സേവാഭാരതി നിര്‍മ്മിച്ചതാണ് എന്നാണ് പോസ്റ്റിലൂടെ അവകാശപ്പെടുന്നത്.

archived linkFB post

ഞങ്ങള്‍ ചിത്രത്തെ കുറിച്ചും പോസ്റ്റിലെ അവകാശവാദത്തെ കുറിച്ചും അന്വേഷിച്ചു. വെറും വ്യാജ പ്രചാരണമാണ് ചിത്രം ഉപയോഗിച്ച് നടത്തുന്നത് എന്ന് കണ്ടെത്തുകയും ചെയ്തു.

വസ്തുത ഇതാണ്

ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഒരു വെബ്‌സൈറ്റില്‍ നിന്നും 2020 ഫെബ്രുവരി രണ്ടിന് ചൈനീസ് ഭാഷയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം ലഭിച്ചു. കോവിഡ് വൈറസിന്‍റെ പ്രഭവ കേന്ദ്രമായ വുഹാന്‍ ഇപ്പോള്‍ താല്ക്കാലിക ആശുപത്രി നിര്‍മ്മാണത്തിന്‍റെ മികച്ച മാതൃകയാണ് എന്നതിനെ പരാമര്‍ശിച്ചാണ് ലേഖനത്തിന്‍റെ ഉള്ളടക്കം. മോഡുലാര്‍ നിര്‍മ്മാണ മാതൃകകളുടെ നിരവധി ചിത്രങ്ങള്‍ ലേഖനത്തില്‍ നല്‍കിയിട്ടുണ്ട്. പോസ്റ്റിലെ ചിത്രവും ലേഖനത്തിലുണ്ട്.

യു എസ് സൈന്യം 2014 ല്‍ വികസിപ്പിച്ചെടുത്ത മോഡുലാര്‍ മാതൃക എന്നാണ് ചിത്രത്തെ പറ്റി വിവരണം നല്‍കിയിരിക്കുന്നത് എന്നാണ് ഇംഗ്ലീഷ് പരിഭാഷയിലൂടെ മനസ്സിലാക്കാന്‍ സാധിച്ചത്.

ലോകത്തെ ഏറ്റവും നൂതനമായ മെഡിക്കൽ ഉപകരണങ്ങളെ ഏറ്റവും പുതിയ മെഡിക്കൽ അറിവുകളുമായി സംയോജിപ്പിക്കുന്ന ഒരു മൊബൈൽ ഹോസ്പിറ്റലായ EMEDS അഥവാ എക്സ്പെഡേഷണറി മെഡിക്കൽ സപ്പോർട്ട് സിസ്റ്റം എന്ന യുഎസ് കോംപ്ലക്സ് യുഎസ് സർക്കാർ ഉക്രേനിയൻ സൈന്യത്തിന് കൈമാറി എന്ന വിവരണത്തോടെ ഈ ചിത്രം ഉക്രേനിയന്‍ ഭാഷയില്‍ 2016 മെയ്‌ 12 ന് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ നല്‍കിയിട്ടുണ്ട്.

ഈ ചിത്രമാണ് പോസ്റ്റില്‍ ഡല്‍ഹിയില്‍ സേവാഭാരതി നിര്‍മ്മിച്ച കോവിഡ് ക്യാമ്പ് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത്.

ഡല്‍ഹിയില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ കോവിഡ് ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇതേപ്പറ്റി മാധ്യമ വാര്‍ത്തകളുണ്ട്. കൂടാതെ ഫേസ്ബുക്കില്‍ ഡല്‍ഹിയിലെ സേവാഭാരതിയുടെ ഫേസ്ബുക്ക് പേജില്‍ അവര്‍ ദിവസേനയുള്ള അപ്ഡേറ്റുകള്‍ നല്‍കുന്നുണ്ട്. ഇങ്ങനെ ഒരിടത്തും അവര്‍ ടെന്റുകള്‍ നിര്‍മ്മിച്ചതായി വാര്‍ത്തകളോ അവരുടെ അപ്ഡേഷനുകളോ ഇല്ല.

നിഗമനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് തെറ്റായ പ്രചാരണമാണ്. പോസ്റ്റിലെ ചിത്രം അഞ്ചു വര്‍ഷം മുമ്പ് മുതല്‍ പല രാജ്യങ്ങളില്‍ നിന്നുമുള്ള വെബ്‌ സൈറ്റുകളില്‍ ലഭ്യമാണ്. അമേരിക്ക ഉക്രയിന് സംഭാവന ചെയ്ത അത്യാധുനിക മോഡുലാര്‍ മെഡിക്കല്‍ ടെന്റിന്റെതാണ് ചിത്രം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:സേവാഭാരതി ഡല്‍ഹിയില്‍ കോവിഡ് രോഗികള്‍ക്കായി നിര്‍മ്മിച്ച ക്യാമ്പ് എന്ന്‍ പ്രചരിപ്പിക്കുന്ന ചിത്രം അമേരിക്ക ഉക്രെയിന് അഞ്ചു വര്‍ഷം മുമ്പ് നല്‍കിയ മോഡുലാര്‍ മെഡിക്കല്‍ ടെന്‍റിന്‍റെതാണ്...

Fact Check By: Vasuki S

Result: False