
യുദ്ധത്തിൽ ഉറ്റവരേയും ഉടയവേരേയും നഷ്ടപ്പെട്ട് ഇരിക്കുന്ന ഒരു യസീദി പെൺകുട്ടിയുടെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ നമുക്ക് ഒരു പെൺകുട്ടി സങ്കടത്തിനിടെ ചിരിക്കാൻ ശ്രമിക്കുന്നതായി കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “യമനിൽ നിന്ന് ഏതോ കപ്പലിൽ അഭയാർഥിയായി കയറി സിറിയൻ തുറമുഖത്ത് ഉറ്റവരേയും ഉടയവേരേയും നഷ്ടപ്പെട്ട് ഇരിക്കുന്ന ഈ യസീദി പെൺകുട്ടിയോട് യാദൃശ്ചികമായി അവിടെ എത്തിയ വിശ്വ പ്രസിദ്ധനായ ഓസ്ട്രേലിയൻ പത്രപ്രവർത്തകൻ ലീമാൻ ഡേവിസ് ഒന്ന് പുഞ്ചിരിക്കാൻ പറഞ്ഞപ്പോൾ അവൾ ചിരിച്ച് കൊണ്ട് കരഞ്ഞു ലീമാൻ അവളോടിങ്ങനെ പറഞ്ഞു: “നിന്റെ ചിരിയിൽ നീ ഒളിപ്പിച്ച കണ്ണുനീർ തുള്ളികൾ ഞാൻ കണ്ട പ്രളയത്തേക്കാൾ എത്രയോ വലുതാണ് ” ഒന്ന് ഓർക്കുക ലോകത്തിൽ ഇങ്ങനെ എത്രയോ കുട്ടികൾ ഉത്തരമില്ലാത്ത ചില ചോദ്യങ്ങൾ അവശേഷിപ്പിച്ചു കൊണ്ട്: പാലായനത്തിന്റെ ഭാരവുമായി യുദ്ധ കൊതിയന്മാരായ ഭരണാധികാരികളുടെയും മതഭ്രാന്തൻമാരുടെയും നിഷ്ഠൂരതയുമായി ഉഴലുന്നു അവളുടെ കണ്ണിൽ ആകുലതയുടെ ഒരു മഹാ സമുദ്രമുണ്ട് ! മകളെ നീ എന്റെയും ലോകത്തിന്റേയും മകളാണ്. നിന്റെ കണ്ണീരിന് കാരണമായ എല്ലാറ്റിനേയും ഞാൻ വെറുക്കുന്നു. 🙏🙏❤️ ”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഇതിന് മുൻപും ഈ ചിത്രം ഇത്തരമൊരു അവകാശവാദവുമായി പ്രചരിപ്പിച്ചിരുന്നു. 2020ൽ ഞങ്ങൾ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷണം നടത്തി പ്രസിദ്ധികരിച്ച റിപ്പോർട്ട് നിങ്ങൾക്ക് താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.
Also Read | ഈ പെൺകുട്ടി സിറിയയിൽ നിന്നുള്ള അഭയാർത്ഥിയല്ല….
ഞങ്ങൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ ചിത്രം റോയിറ്റഴ്സിൻ്റെ വാർത്തയിൽ കണ്ടെത്തി. ഇറാഖ് സേനയും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളും തമ്മിലുള്ള യുദ്ധത്തിനിടെ ബദൂഷിന് സമീപം പലായനം ചെയ്ത ഇറാഖിലെ പെൺകുട്ടിയുടെ കരച്ചിൽ- REUTERS / സ്ട്രിംഗർ എന്ന അടിക്കുറിപ്പുമായി ഇതേ ചിത്രം റോയിറ്റേഴ്‌സ് 2017 മാർച്ച് 16 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വാർത്ത വായിക്കാൻ – Reuters | Archived
ഈ ചിത്രം കാമറയിൽ പകർത്തിയത് അലി അൽഫൽദവി എന്ന ഫോട്ടോഗ്രാഫറാണ്. അദ്ദേഹത്തിന്‍റെ ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് അക്കൗണ്ടുകളിൽ ഈ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താൻ ചിത്രീകരിച്ച ചിത്രം യുദ്ധ ചിത്രങ്ങളുടെ വിഭാഗത്തിൽ ലോകം അംഗീകരിച്ചതിൽ സന്തോഷമുണ്ട് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ പെൺകുട്ടിയെ മൂന്നു വർഷങ്ങൾക്കും ശേഷം തിരഞ്ഞു കണ്ടെത്തി അവളുടെ ചിത്രം വീണ്ടും പകർത്തിയതും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിഗമനം
യുദ്ധത്തിൽ ഉറ്റവരേയും ഉടയവേരേയും നഷ്ടപ്പെട്ട് ഇരിക്കുന്ന ഒരു യസീദി പെൺകുട്ടിയുടെ ചിത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 2014 ൽ ആരംഭിച്ച യുദ്ധത്തിൽ വീട് നഷ്ടപ്പെട്ട ഇറാക്കി പെൺകുട്ടിയുടെ ചിത്രമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ഇറാക്കിൽ യുദ്ധത്തിൽ വീട് നഷ്ടപെട്ട പെൺകുട്ടിയുടെ ചിത്രം സിറിയയിൽ യസീദി അഭയാർത്ഥി എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു
Fact Check By: K. MukundanResult: False
