
തിന്മയുടെ മേല്‍ നന്മ വിജയം നേടി എന്ന സങ്കല്‍പ്പത്തില്‍ ദുര്‍ഗാ ദേവിയെ ഒമ്പത് ഭാവങ്ങളില്‍ ആരാധിക്കുന്ന നവരാത്രി ഉത്സവം ഈ വര്‍ഷം 2025 സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ ആയിരുന്നു. ഈ വര്‍ഷത്തെ നവരാത്രിയോട് അനുബന്ധിച്ച് ചെന്നൈയില്‍ എത്തിയ കേന്ദ്ര ധനമന്ത്രി നിര്‍മല സിതാരാമന്‍ എന്ന തരത്തില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.
പ്രചരണം
ചെന്നൈയിലെ മൈലാപ്പൂര്‍ മാര്‍ക്കറ്റില്‍ നിന്നും പച്ചക്കറികള്‍ വാങ്ങുന്ന നിര്‍മ്മല സിതാരാമന്‍റെ ചിത്രമാണ് പോസ്റ്റിലുള്ളത്. ഇക്കഴിഞ്ഞ നവരാത്രി ദിനങ്ങളില്‍ ചെന്നൈ സന്ദര്‍ശിച്ചപ്പോള്‍ പകര്‍ത്തിയ ചിത്രമാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇത്തവണത്തെ നവരാത്രി ഉത്സവ സമയത്ത്, ഡൽഹിയിലെ ഓഫീസ് അവധിയായിരുന്നപ്പോൾ ചെന്നൈയിലെ സ്വന്തം വീട്ടിൽ വന്നതാണ് ഈ സ്ത്രീ. തൊട്ടടുത്തുള്ള മൈലാപ്പൂർ ചന്തയിൽ നിന്ന് വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറി വാങ്ങുന്ന ഈ സ്ത്രീ, നമ്മൾക്കെല്ലാവർക്കും സുപരിചിതയാണ്. ഗവേഷണ പഠനകാലത്ത് സെയിൽസ് ഗേൾ ആയി ജോലിചെയ്ത് സ്വന്തം ചിലവുകൾ കണ്ടെത്തിയ ഒരു പാവപ്പെട്ട കുടുംബത്തിലെ സ്ത്രീയാണ്.
ഇവർ ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായിമാറിയ ഭാരതത്തിൻ്റെ ധനകാര്യ മന്ത്രിയാണ്! പ്രോട്ടോകോൾ പ്രകാരം മുഖ്യമന്ത്രിയെക്കാൾ മേലെയുള്ള കേന്ദ്രമന്ത്രിമാർ പോലും ചന്തയിൽ പോകും, പച്ചക്കറി വാങ്ങും; അവർക്ക് 40 കാറുകളും 400 പോലീസുകാരും അകമ്പടി പോകാറില്ലെന്നതൊക്കെ പ്രബുദ്ധ കേരളരാജ്യത്തെ കുതറ രാഷ്ട്രീയക്കാർ ഇനിയെങ്കിലും മനസ്സിലാക്കണം”

എന്നാല്‍ മൂന്നു കൊല്ലം പഴക്കമുള്ള ചിത്രമാണ് ഇതെന്നും ഇക്കഴിഞ്ഞ നവരാത്രിയുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇതേ ചിത്രം ഉള്‍പ്പെടുത്തി 2022 ഒക്ടോബര്‍ ഒമ്പതിന് പ്രസിദ്ധീകരിച്ച ചില മാധ്യമ വാര്‍ത്തകള്‍ ലഭിച്ചു. “കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ഒരു തെരുവ് കച്ചവടക്കാരനിൽ നിന്ന് പച്ചക്കറികൾ വാങ്ങുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്. ചെന്നൈയിലെ ഏകദിന സന്ദർശന വേളയിൽ മൈലാപ്പൂർ മാർക്കറ്റിൽ നിന്ന് പച്ചക്കറികൾ വാങ്ങുന്ന ദൃശ്യങ്ങൾ മന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
രാജ്യത്ത് വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് പച്ചക്കറികളെന്നും സർക്കാർ ഈ മേഖലയിൽ ഇടപെടുമെന്നും നിർമ്മല സീതാരാമൻ മുമ്പ് പ്രസ്താവിച്ചിരുന്നു. വീഡിയോ ഓൺലൈനിൽ പുറത്തുവന്നതോടെ ജനങ്ങളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്.” എന്നാ വിവരണത്തോടെയാണ് കേരളകൗമുദി റിപ്പോര്‍ട്ട്.

കൂടാതെ നിര്‍മ്മല സിതാരാമന്‍റെ X ഹാന്‍റിലില്‍ 2022 ഒക്ടോബര്‍ എട്ടിന് ഇതേ ചിത്രങ്ങള്‍ നല്‍കിയിട്ടുണ്ട്.
കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ സാധാരണ വീട്ടമ്മയെ പോലെ തെരുവില്‍ നിന്നും പച്ചക്കറി വാങ്ങുന്നു എന്ന വര്‍ണ്ണനയോടെ പല മാധ്യമങ്ങളും ഇതേ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.
ഇത്തവണ അതായത് 2025 നവരാത്രിയുടെ ആദ്യദിനമായ സെപ്റ്റംബര്‍ 22 നാണ് കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി ഇളവുകള്‍ പ്രഖ്യാപിച്ചതും നടപ്പിലാക്കിയതും. “കൊല്‍ക്കത്തയില്‍ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2025 സെപ്റ്റംബർ 18 ന് കൊൽക്കത്തയിൽ നെക്സ്റ്റ് ജെന്‍ ജിഎസ്ടി പരിഷ്കാരങ്ങൾ ഉദ്ഘാടനം ചെയ്തു, പുതിയ നിരക്കുകൾ 2025 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വന്നു” എന്ന് വാര്‍ത്തകള്‍ ഉണ്ട്. നിര്‍മ്മല സിതാരാമന്‍റെ ഓഫീസ് പ്രസംഗം X ല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നിര്‍മ്മല സിതാരാമന്‍ ഇത്തവണ നവരാത്രി ദിനങ്ങളില്‍ ചെന്നൈ സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ടുകളില്ല. നിര്‍മല തമിഴ്നാട്ടിലെ മധുരയിലാണ് ജനിച്ചത്. സ്കൂള്‍, കോളേജ് വിദ്യാഭ്യാസം ചെന്നൈയിലായിരുന്നു. പിന്നീട് ഡല്‍ഹി ജെഎന്‍യുവില്‍ ഉന്നത വിദ്യാഭ്യാസം നേടി. നിലവില്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള രാജ്യസഭാ എംപിയാണ് നിര്‍മല സിതാരാമന്‍. സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ അവരുടെ സ്ഥിര താമസം രേഖപ്പെടുത്തിയിരിക്കുന്നത് ബാംഗ്ലൂരിലെ ജയനഗറിലാണ്.
നിഗമനം
നിര്‍മ്മല സിതാരാമന്‍ 2025 നവരാത്രി ദിനങ്ങളില്‍ ചെന്നൈ സന്ദര്‍ശനം നടത്തിയപ്പോള്‍ തെരുവിലെ കടയില്‍ നിന്നും പച്ചക്കറികള്‍ വാങ്ങുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് 2022 ഒക്ടോബറില്‍ ചെന്നൈ സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രമാണ്. ഇപ്പോഴത്തെതല്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:2025 നവരാത്രി ദിനത്തില്‍ നിര്‍മല സിതാരാമന്‍ ചെന്നൈ സന്ദര്‍ശനം നടത്തി എന്ന് പ്രചരിപ്പിക്കുന്ന ചിത്രം പഴയത്, വസ്തുത ഇതാണ്…
Fact Check By: Vasuki SResult: Misleading
