
വ്യാഴാഴ്ച ഉച്ചയ്ക്ക് 242 യാത്രക്കാരും ജീവനക്കാരുമായി ലണ്ടനിലേക്ക് പോയ എയർ ഇന്ത്യയുടെ Boeing 787-8 എന്ന വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളില്‍ ജനവാസ മേഖലയിൽ തകർന്നുവീഴുകയും യാത്രക്കാരും ജീവനക്കാരുമടക്കം ഏതാണ്ട് മുഴുവന്‍ പേരുടെയും ജീവന്‍ പൊലിയുകയുമുണ്ടായി. ഇക്കാര്യം എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രസ്തുത വിമാനാപകടത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു ചിത്രം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.
പ്രചരണം
അപകടത്തില്‍പ്പെട്ട് തകര്‍ന്ന വിമാനത്തിന് സമീപം കുറേപ്പേര്‍ നിന്ന് തീയണയ്ക്കാന്‍ ശ്രമിക്കുന്നതും മറ്റു രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായ ചിത്രമാണ് പ്രചരിക്കുന്നത്. അഹമ്മദാബാദില്‍ ഇന്നു നടന്ന വിമാനാപകടത്തില്‍ നിന്നുള്ള ചിത്രമാണിത് എന്ന് സൂചിപ്പിച്ചാണ് വിവരണം നല്‍കിയിട്ടുള്ളത്.
എന്നാല്‍ ഈ ചിത്രം രണ്ടു കൊല്ലം പഴക്കമുള്ളതാണെന്നും അഹമ്മദാബാദ് അപകടവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇതേ ചിത്രം ഉള്‍പ്പെടുന്ന ദൃശ്യങ്ങള്‍ ബിബിസി 2022 ജൂലൈ 18 ന് പ്രസിദ്ധീകരിച്ച വാര്‍ത്താ റിപ്പോര്‍ട്ടില്‍ കണ്ടെത്തി.
സൊമാലിയൻ നഗരമായ ബൈഡോവയിൽ നിന്ന് തലസ്ഥാനമായ മൊഗാദിഷുവിലേക്ക് പോകുകയായിരുന്ന വിമാനം റൺവേയിൽ തലകീഴായി മറിഞ്ഞു എന്നാണ് വാര്‍ത്ത. റൺവേയുടെ അരികിൽ ജുബ്ബ എയർവേയ്‌സ് വിമാനം തലകീഴായി കിടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. അപകടസ്ഥലത്ത് നിന്ന് കട്ടിയുള്ള പുക ഉയർന്നു. വിമാനത്തിലുണ്ടായിരുന്ന 36 പേരിൽ ആരും മരിച്ചിട്ടില്ല, അപകടത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
സമാന റിപ്പോര്‍ട്ട് പല മാധ്യമങ്ങളും അന്ന് നല്‍കിയിരുന്നു.
പ്രചരിക്കുന്ന ചിത്രം ഗുജറാത്ത് അഹമ്മദാബാദില്‍ ഇന്നുണ്ടായ വിമാനാപകടത്തിന്‍റെതല്ല.
നിഗമനം
ഗുജറാത്ത് അഹമ്മദാബാദില്‍ ഇന്നുണ്ടായ എയര്‍ ഇന്ത്യ വിമാനാപകടത്തിന്‍റെ ചിത്രം എന്ന തരത്തില്‍ നല്‍കിയിട്ടുള്ളത് 2022 ജൂലൈ 18 ന് സോമാലിയയില്‍ ഉണ്ടായ വിമാനാപകടത്തിന്‍റെതാണ്. അഹമ്മദാബാദുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:അഹമ്മദാബാദ് വിമാനാപകടം എന്നു പ്രചരിപ്പിക്കുന്നത് സൊമാലിയയിൽ നിന്നുള്ള പഴയ ചിത്രം…
Fact Check By: Vasuki SResult: False
