ഭാരത് ജോഡോ യാത്രയിലെ അത്യാഡംബര ക്യാരവന്‍ വാഹനത്തിന്‍റെ ചിത്രങ്ങളാണോ ഇവ..വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്രയെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം. യാത്രയെ അനുകൂലിച്ചും പ്രതികൂലിച്ചും ട്രോള്‍ ചെയ്തുമെല്ലാം സമൂഹമാധ്യമങ്ങളിലും നിരവധി പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. അതിനടിയിലാണ് ഭാരത് ജോഡോ യാത്രയില്‍ നേതാക്കള്‍ക്കായി ഒരുക്കിയ ക്യാരവന്‍ വാഹനമെന്ന പേരില്‍ ആഡ‍ംബര ക്യാരവനുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. കണ്ടെയ്നെറുകളിലാണ് രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കള്‍ യാത്രയ്ക്കിടയില്‍ താമസിക്കുന്നതെന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്ത് വന്നിരുിന്നു. ഇതില്‍ ക്യാരവന് സമാനമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഭാരത് ജോഡോയില്‍ ഉപയോഗിക്കുന്ന കണ്ടെയിനറിന്‍റെ ഉള്‍വശം എന്ന പേരില്‍ അത്യാഡംബര സൗകര്യമുള്ള ക്യാരവന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. സുരേഷ് ഗോപി ഫാന്‍സ് ക്ലബ്ബ് എന്ന ഗ്രൂപ്പില്‍ മുക്കപ്പുഴ നന്ദകുമാര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

പ്രചരിക്കുന്ന ചിത്രങ്ങള്‍-

എന്നാല്‍ ഭാരത് ജോഡോ യാത്രയില്‍ ഉപയോഗിക്കുന്ന കണ്ടെയ്നറുകളുടെ അത്യാഡംബര സൗകര്യങ്ങളുള്ള ഇന്‍റീരിയറിന്‍റെ ചിത്രങ്ങളാണോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്? എന്താണ് വസ്‌തുത എന്ന് അറിയാം..

വസ്‌തുത വിശകലനം

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ ഭാരത് ജോഡോ യാത്രയില്‍ ഉപയോഗിക്കുന്ന ആഡംബര ക്യാരവന്‍ എന്ന പേരിലുള്ള ചിത്രങ്ങളില്‍ 4 ചിത്രങ്ങളാണ് ഞങ്ങള്‍ പരിശോധിച്ചത്. ക്യാരവന്‍റെ അത്യാഡംബര ഇന്‍റീരിയര്‍ എന്ന പേരില്‍ പ്രചരിക്കുന്ന മൂന്ന് ചിത്രങ്ങള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തതില്‍ നിന്നും മൂന്നും ഒരു വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ളതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. 2013 ഫെബ്രുവരി 14ന് ഇന്ത്യ ടൈംസ്  ഒരു വാഹനത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയിലാണ് ഈ ചിത്രങ്ങളുള്ളത്. ജെസിബിഎല്‍ പിഎല്‍എ എച്ച്എസ് 75 എന്ന ആഡംബര ക്യാരവന്‍ വാഹനം ഇന്ത്യന്‍ വിപണയില്‍ എത്തുന്നു എന്ന വാര്‍ത്തയായിരുന്നു ഇത്. ഈ ആംഡബര ക്യാരവന്‍റെ സവിശേഷതങ്ങള്‍ സംബന്ധിച്ച് ചിത്രങ്ങള്‍ അടങ്ങിയ വിശദമായ ഒരു റിപ്പോര്‍ട്ട് തന്നെയാണ് ഇന്ത്യാ ടൈംസ് നല്‍കിയിരുന്നത്.

2013 ഫെബ്രുവരി 14ന് ഇന്ത്യാ ടൈംസ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത-


ഭാരത് ജോഡോ യാത്രയുടെ ക്യാരവന്‍റെ ഇന്‍രീയര്‍ ചിത്രങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്നത് ഇന്ത്യാ ടൈംസ് 2013ല്‍ അവരുടെ വെബ്‌സൈറ്റില്‍ നല്‍കിയ ജെസിബിഎല്‍ പിഎല്‍എ എച്ച്എസ് 75 എന്ന ക്യാരവന്‍ വാഹനത്തിന്‍റേതാണ്. ആ മൂന്ന് ചിത്രങ്ങള്‍ ഇവയാണ്-

ചിത്രം -1

ചിത്രം – 2

ചിത്രം – 3

സമൂഹമാധ്യമങ്ങളിലെ പ്രചരണത്തിനായി ഉപയോഗിച്ചിരിക്കുന്നതില്‍ മറ്റൊരു ക്യാരവന്‍റെ ചിത്രം കൂടിയുണ്ട്. ബ്രൗണും വെള്ളയും നിറത്തിലുള്ള ക്യാരവന്‍റെ ചിത്രമാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. ഈ ചിത്രവും റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇത് എംടിഡിസിയുടെ (മഹാരാഷ്ട്ര ടൂറിസം ഡെവലപ്‌മെന്‍റ് കോര്‍പ്പൊറേഷന്‍) മോട്ടോര്‍ ഹോം എന്ന ക്യാരവന്‍ വാഹനമാണെന്നും കണ്ടെത്താന്‍ കഴിഞ്ഞു. 2019ല്‍  ലക്സെ ക്യാംപര്‍  എന്ന വെബ്‌സൈറ്റില്‍ നിന്നും സമൂഹമാധ്യമങ്ങളില്‍ ഭാരത് ജോഡോയുടെ പേരില്‍ പ്രചരിക്കുന്ന ക്യാരവന്‍റെ അതെ ചിത്രം കണ്ടെത്താനും കഴിഞ്ഞിട്ടുണ്ട്.

Luxecamper.com എന്ന വെബ്‌സൈറ്റില്‍ 2019 പങ്കുവെച്ചിരിക്കുന്ന എംടിഡിസി ക്യാരവന്‍റെ ചിത്രം-

നിഗമനം

ഭാരത് ജോഡോ യാത്രയ്ക്ക് കണ്ടെയിനര്‍ ട്രക്കുകളില്‍ താമസ സൗകര്യങ്ങള്‍ ഒരുക്കിയാണ് രാഹുല്‍ ഗാന്ധിയും മറ്റ് നേതാക്കളും താമസിക്കുന്നതെന്ന് ഇതിനോടകം വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്. ക്യാരവന് സമാനമായ സൗകര്യങ്ങള്‍ തന്നെ ഇവയിലുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഭാരത് ജോഡോ യാത്രയില്‍ ഉപയോഗിക്കുന്ന അത്യാഡംബര ക്യാരവന്‍ വാഹനങ്ങളുടെ ചിത്രങ്ങള്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് മുന്‍കാലങ്ങളില്‍ മറ്റ് പല വെബ്‌സൈറ്റുകളില്‍ നിന്നും ലഭ്യമായ ചിത്രങ്ങളാണെന്ന് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം ഭാഗികമായി തെറ്റാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ഭാരത് ജോഡോ യാത്രയിലെ അത്യാഡംബര ക്യാരവന്‍ വാഹനത്തിന്‍റെ ചിത്രങ്ങളാണോ ഇവ..വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Partly False