വിവരണം

കേന്ദ്ര സർക്കാരിൻറെ ഗ്യാസ് വില വർദ്ധനവിനെതിരെ നാടെങ്ങും ബിജെപി പ്രവർത്തകരുടെ പ്രതിഷേധം, ☺️😌 എന്ന പേരില്‍ ബിജെപി പ്രവര്‍ത്തകര്‍ ഗ്യാസ് സിലണ്ടറുമായി പ്രതിഷേധിക്കുന്നതും ട്രെയിന്‍ തടയുകയും ഉള്‍പ്പടെ ചെയ്യുന്ന ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. റോബര്‍ട്ട് ക്രെസ്റ്റ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും നമ്മള്‍ സഖാക്കള്‍ എന്ന പേരിലുള്ള ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 377ല്‍ അധികം ഷെയറുകളും 454ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ പാചകവാതക വില വര്‍ദ്ധനയില്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി തന്നെ പ്രതിഷേധിക്കുന്ന എന്ന രീതിയിലുള്ള പ്രചരണങ്ങള്‍ സത്യമാണോ? 146 രൂപ വിലവര്‍ധദ്ധനയില്‍ പ്രതിഷേധിക്കുന്ന ബിജെപി പ്രവര്‍ത്തകരുടെ ചിത്രങ്ങളാണോ ഇവ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

പോസ്റ്റില്‍ പ്രചരിക്കുന്ന ആറ് ചിത്രങ്ങള്‍ ഒരോന്നായി ഞങ്ങള്‍ പരിശോധിച്ചു. റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ നിന്നും ലഭിച്ച റിസള്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഒരു ചിത്രം ഒഴികെ എല്ലാ ചിത്രങ്ങളുടെയും ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞു. ആറില്‍ അഞ്ച് ചിത്രങ്ങളും യുപിഎ കേന്ദ്ര സര്‍ക്കാരിന്‍റെ കാലത്ത് ബിജെപിയും മറ്റ് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് പാചകവാതകത്തിന്‍റെയും ഇന്ധനവില വര്‍ധനവിനുമെതിരെ നടത്തിയ പ്രക്ഷോഭങ്ങളുടെ ചിത്രങ്ങളാണെന്നതാണ് വാസ്‌തവം.

ചിത്രം 1-

സ്റ്റോക്ക് അഡോബ് എന്ന സൈറ്റില്‍ നിന്നും ലഭിച്ച യഥാര്‍ഥ ചിത്രം 2012 സെപ്റ്റംബര്‍ 20ന് അപ്‌ലോഡ് ചെയ്തതാണ്. യുപിഎ സര്‍ക്കാര്‍ പാചക വാതകത്തിന് വില വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ അന്ന് ബിജെപി നടത്തിയ പ്രക്ഷോഭത്തിന്‍റെ ചിത്രമാണിത്. (സ്റ്റോക്ക് അഡോബിലെ ചിത്രത്തിന്‍റെ സ്ക്രീന്‍ഷോട്ട് കാണാം-

ചിത്രം 2-

ഇന്ത്യാ ടുഡേ 2012 സെപ്റ്റംബര്‍ 15 അവരുടെ വെബ്‌സൈറ്റില്‍ പങ്കുവെച്ചിരിക്കുന്ന രണ്ട് ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത ചിത്രമാണിത്. യുപിഎ ഗവ. പാചകവാതക-ഇന്ധന വില വര്‍ധനയ്ക്കെതിരെ സമരം ചെയ്യുന്ന ബിജെപി പ്രവര്‍ത്തകരുടെ ചിത്രമാണിത്. ട്രെയിന്‍ തടയുന്നത് ആഗ്രയിലും സ്ത്രീകള്‍ സമരം ചെയ്യുന്നത് ഭോപ്പാലിലുമാണ്. ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടിന്‍റെ സ്ക്രീന്‍ഷോട്ട് കാണാം-

ചിത്രം 3-

ഔട്ട്ലുക്ക് ഇന്ത്യയുടെ ഫോട്ടോ ഗ്യാലറിയില്‍ നിന്നും ലഭിച്ച ചിത്രത്തിന് നല്‍കിയിരിക്കുന്ന തലക്കെട്ട് ഇങ്ങനെയാണ്- യുപിഎ ഗവ. പാചകവാതക വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഹൈദരാബാദില്‍ ബിജെപി മഹിള മോര്‍ച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചപ്പോള്‍. ഡൗണ്‍ ഡൗണ്‍ യുപിഎ എന്ന മുദ്രാവക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഔട്ട്ലുക്ക് ഇന്ത്യയുടെ സ്ക്രീന്‍ഷോട്ട് കാണാം-

ചിത്രം 4-

ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ആനന്ദ് കുമാറിന്‍റെ വെബ്‌സൈറ്റില്‍ നിന്നും ഇതെ ചിത്രം കണ്ടെത്താന്‍ കഴിഞ്ഞു. 2014 ഫെബ്രുവരി 10ന് അപ്‌ലോഡ് ചെയ്തതാണ് ചിത്രം. യുപിഎ ഗവ. പാചകവാതക വിലവര്‍ധനവിനെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ ചിത്രമാണിത്-

ചിത്രം 5-

2012 സെപ്റ്റംബറില്‍ യുപിഎ ഗവ. എതിരെ ബിജെപി ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ ഭാരത് ബന്ധിന്‍റെ ചിത്രമാണിത്. ഡെല്‍ഹിയില്‍ ബിജെപി പ്രവര്‍ത്തകര്‍ റെയില്‍പാളം ഉപരോധിക്കുന്ന ചിത്രമാണെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. ഇന്ത്യാ ടുഡേയുടെ അന്നത്തെ റിപ്പോര്‍ട്ടില്‍ ഇതെ ചിത്രം കാണാം-

ചിത്രം 6-

അവസാന ചിത്രം ബിജെപി പ്രവര്‍ത്തകര്‍ ട്രെയിനിന് മുകളില്‍ കയറി ഉപരോധിക്കുന്ന ചിത്രമാണ്. എന്നാല്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചെങ്കിലും ചിത്രം കണ്ടെത്താന്‍ കഴിഞ്ഞില്ല. ചിത്രം പുതിയത് തന്നെയാണോ എന്ന് അറിയാന്‍ ബിജെപി സംസ്ഥാന സമിതി അംഗം കെ.സോമനുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം ചിത്രം പരിശോധിച്ച ശേഷം ഇത് വളരെ പഴയതാണെന്നും ഒരുപക്ഷെ ഭാരത് ബന്ധിന്‍റെ സമയത്ത് നടന്ന ട്രെയിന്‍ ഉപരോധത്തിന്‍റെ ചിത്രമാകാം അതെന്നും അടുത്തകാലത്ത് ഒന്നും തന്നെ ബിജെപി ഇത്തരമൊരു പ്രതിഷേധ രീതി നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിഗമനം

ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന പോസ്റ്റിലെ എല്ലാ ചിത്രങ്ങളും എന്‍ഡിഎ ഗവ. ഭരിക്കുന്നതിന് മുന്‍പുള്ള യുപിഎ സര്‍ക്കാരിന്‍റെ കാലത്തുള്ള പ്രതിഷേധങ്ങളുടേതാണ്. അന്നത്തെ പാചകവാതകത്തിന്‍റെയും ഇന്ധനവില വര്‍ധനയുടെയും പശ്ചാത്തലത്തില്‍ ബിജെപി നടത്തിയ പ്രതിഷേധങ്ങളുടെ ചിത്രമാണ് ആറ് എണ്ണവും എന്നും കണ്ടെത്താന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:കേന്ദ്രസര്‍ക്കാരിന്‍റെ പാചകവാതക വര്‍ധനവില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ പ്രതിഷേധങ്ങളുടെ ചിത്രങ്ങളാണോ ഇവ?

Fact Check By: Dewin Carlos

Result: False