സൈനികന്‍ വെടിയേറ്റ് വീരചരമം പ്രാപിച്ച പഴയ വാര്‍ത്ത ഇപ്പോഴത്തെത്തത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നു...
വിവരണം
ഇന്ത്യ ചൈന അതിർത്തിയില്‍ ലഡാക്കിലെ ഗാൽവനിക് താഴ്വരയിൽ ചില സംഘർഷങ്ങൾ ഉണ്ടാവുകയും അത് തുടരുകയുമാണെന്ന് നാം വാര്‍ത്തകളിലൂടെ അറിയുന്നുണ്ടല്ലോ. സാമൂഹ്യ മാധ്യമങ്ങളിലും സംഘർഷത്തെ കുറിച്ചുള്ള വാർത്തകൾ ആണ് കൂടുതലും പ്രചരിക്കുന്നത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് സൈനികരുടെ നിരവധി ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നല്‍കിയിരിക്കുന്നത്. സൈനികന്‍റെ വെടിയേറ്റ് തുളഞ്ഞ ഹെല്‍മെറ്റിന്‍റെ മൂന്നു ചിത്രങ്ങളും ഒപ്പം അതിന്‍റെ വിവരണവുമാണ് പോസ്റ്റിലുള്ളത്.
വിവരണം ഇങ്ങനെയാണ്:
സഹപ്രവർത്തകന്റെ പോസ്റ്റ്
കഴിഞ്ഞ ദിവസം തീവ്ര വാദികളുടെ വെടിയേറ്റ് മരിച്ച vijyakumar എന്ന SSB ജവാന്റെ ഹെൽമറ്റ് ആണ് ഇത്..
കോടിക്കണക്കിന് രൂപ സർക്കാർ പ്രതിരോധ മേഖലക്കയി ചിലവഴിക്കുന്നണ്ട് പക്ഷെ.. ചില താപ്പാനകൾ അതൊക്കെ വിഴുങ്ങുകയാണ്... ഗുണ നിലവാരം തീരെ കുറഞ്ഞ സേഫ്റ്റി ഉപകരണങ്ങൾ വാങ്ങി കോടികൾ അഴിമതി നടത്തുകയാണ്. നമ്മുടെ രാജ്യം കാക്കൻ വേണ്ടി അതിർത്തിയിൽ കാവൽ നിൽക്കുന്ന പാവപ്പെട്ട ജവാൻ മാരെ കൊലയ്ക്ക് അറിഞ്ഞു കൊണ്ട് എറിഞ്ഞു കൊടുക്കുകയാണ് അധികാരികൾ.. വെടിയേറ്റൽ തുളഞ്ഞു പോകുന്ന ഗുണ നിലവാരം കുറഞ്ഞ ഹെൽമെറ്റ് ആണ് ആ പാവം ജവാൻ നൽകിയത് , ഒരു ബുള്ളറ്റ് കൊണ്ടപ്പോൾ തകർന്ന് പോയ ഹെൽമറ്റും ആ ധീര ജവാന്റെ തലയും മനസിനെ വല്ലാതെ വേദനിപ്പിക്കുന്നു... നിങൾ അഴിമതി കൊണ്ട് കെട്ടി പോകുന്ന കൊട്ടാരങ്ങൾക്ക് പാവങ്ങളായ ഞങ്ങളുടെ ചോരയുടെ ഗന്ധമായിരിക്കും... നിങ്ങൾ കൈയിൽ വെച്ചു തരുന്ന ആയുധങ്ങളുമായി ഞങ്ങൾ ഇനിയും യുദ്ധഭൂമിയിൽ ഉണ്ടാകും...
പക്ഷെ അത് ഈ ആയുധത്തിന്റെ ബലത്തിൽ അല്ല ഇന്ത്യ എന്ന മഹാരാജ്യം ഞങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന്റെ പുറത്താണ്....അതിനിയും തുടരും പോരാട്ട ഭൂമിയിൽ പിടഞ്ഞു മരിച്ചലും പിറന്ന നാടിനെ ഒറ്റികൊടുക്കില്ല... നിങ്ങളെ പോലെ...
പോരാട്ടഭൂമിയിൽ വീരമൃത്യു വരിച്ച ധീര ജവാന് ഒരു ജവാൻ എന്ന പേരിൽ എന്റെ കണ്ണീരിൽ കുതിർന്ന 🌹🌹🌹🌹🌹
🌹ആദരാഞ്ജലികൾ...
(കടപ്പാട് )
കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ വിജയകുമാര്‍ എന്ന സശസ്ത്ര സീമാബലിലെ സൈനികന്‍ വീരചരമം പ്രാപിച്ചു എന്നാണ് പോസ്റ്റില്‍ നല്‍കിയിരിക്കുന്നത്.
എന്നാൽ ഈ പോസ്റ്റിലെ വാര്‍ത്ത പഴയതാണ് എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി.
വാര്‍ത്തയുടെ വിശദാംശങ്ങള്‍ നമുക്ക് തിരഞ്ഞു നോക്കാം.
വസ്തുത വിശകലനം
ഞങ്ങൾ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രങ്ങളിൽ ഒരെണ്ണത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഇതേ പോസ്റ്റ് 2018 മുതല്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി കാണാൻ കഴിഞ്ഞു. അത്തരത്തിൽ പ്രചരിച്ച ഒരു പോസ്റ്റ് താഴെ കൊടുക്കുന്നു
പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത് 2018 ഒക്ടോബർ 23നാണ്. ഹെൽമെറ്റ് തുളച്ച് വെടിയുണ്ട അകത്തുകയറിയാണ് വിജയകുമാർ എന്ന സൈനികൻ കൊല്ലപ്പെട്ടത് എന്നാണ് പോസ്റ്റ് നൽകിയിരിക്കുന്ന ആരോപണം.
1974 മോഡൽ ഹെൽമറ്റ് ആണ് സൈന്യം ഉപയോഗിക്കുന്നത് എന്നും അതിനാലാണ് സൈനികന്‍റെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയായത് എന്നുമാണ് പോസ്റ്റിലൂടെ പറയാൻ ഉദ്ദേശിച്ചിരിക്കുന്നത്.
ഞങ്ങൾ ഇതേ വാർത്തയെ കുറിച്ച് ഓണ്‍ലൈനില്‍ അന്വേഷിച്ചപ്പോൾ എസ്‌എസ്‌ബി ജവാൻ സ്നൈപ്പർ തോക്ക് ഉപയോഗിച്ചുള്ള ആക്രമണത്തിൽ വീരമൃത്യു പ്രാപിച്ചതായി ഏതാണ്ട് എല്ലാ മാധ്യമങ്ങളും 2018 ഒക്ടോബർ 21 മുതല്‍ വാർത്ത നൽകിയിട്ടുണ്ട്.
ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിൽ സിആർപിഎഫ് ക്യാമ്പിനുള്ളിൽ തന്‍റെ വീട്ടുകാരോട് സംസാരിച്ചിരിക്കുകയായിരുന്ന വിജയകുമാർ എന്ന സൈനികൻ തീവ്രവാദികളുടെ സ്നൈപ്പര്‍ ഗൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്നാണ് വാർത്ത നൽകിയിരിക്കുന്നത് അടുത്തുള്ള മലനിരകളിൽ നിന്നുമാകാം തീവ്രവാദികൾ വെടിയുതിർത്തത് എന്ന് കരുതപ്പെടുന്നു. തീവ്രവാദികൾ സുരക്ഷാഭടന്മാർക്ക് നേരെ സ്നൈപ്പർ ഗൺ ഉപയോഗിച്ച് എതിർക്കുന്നത് അത് ആദ്യ തവണയാണ് എന്നാണ് വാർത്തകളില്‍ നൽകിയിരിക്കുന്നത്.
ഞങ്ങൾ ഒരുപാട് അന്വേഷിച്ചെങ്കിലും മാധ്യമങ്ങൾ ആരും പ്രസ്തുത ഹെല്‍മെറ്റിനെ പറ്റി വാര്‍ത്ത നല്‍കിയിട്ടില്ല. ഹെൽമെറ്റ് മരിച്ചുപോയ വിജയകുമാർ എന്ന സൈനികന്‍റെതാണ് എന്ന് എവിടെയും സ്ഥിരീകരിക്കാവുന്ന വാര്‍ത്തകളില്ല. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില പോസ്റ്റുകളില്‍ മാത്രമാണ് ഈ പ്രചരണം നടക്കുന്നത്. വാർത്താ മാധ്യമങ്ങൾ ആരും ഈ ഹെൽമെറ്റിനെപ്പറ്റി യാതൊന്നും നൽകിയിട്ടില്ല. എങ്കിലും ഹെല്‍മെറ്റ് തകര്‍ന്നാണ് എസ്‌എസ്‌ബി യിലെ വിജയകുമാര്‍ എന്ന സൈനികന് ജീവഹാനിയുണ്ടായത് എന്ന് എസ്‌എസ്‌ബിയിലെ തന്നെ ഒരു ഉദ്യോഗസ്ഥന്‍ അനൌദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
വാര്‍ത്താ മാധ്യമങ്ങളില്‍ ഇങ്ങനെ വാര്‍ത്ത വന്നിട്ടില്ല. എങ്കിലും ഈ സംഭവം രണ്ടു കൊല്ലം മുമ്പ് നടന്നതാണ്. 2018 ലെ വാർത്തയാണ് ഇപ്പോഴത്തേത് എന്ന മട്ടിൽ നൽകിയിരിക്കുന്നത്.
നിഗമനം
പോസ്റ്റില്‍ നൽകിയിരിക്കുന്ന വാർത്ത രണ്ടു വര്‍ഷം പഴയതാണ്. 2018 ഒക്ടോബറിലാണ് സംഭവം നടന്നത്. ഇപ്പോഴത്തേത് എന്ന മട്ടിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണ് പോസ്റ്റില്‍ ചെയ്തിരിക്കുന്നത്.
Title:സൈനികന്‍ വെടിയേറ്റ് വീരചരമം പ്രാപിച്ച പഴയ വാര്‍ത്ത ഇപ്പോഴത്തെത്തത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നു...
Fact Check By: Vasuki SResult: Partly False