FACT CHECK – ലക്‌നൗവില്‍ ദുര്‍ഗാപൂജ ഘോഷയാത്രയ്ക്ക് നേരെ ഇസ്ലാമിസ്റ്റുകള്‍ കല്ലെറിഞ്ഞു എന്ന പ്രചരണം സത്യമോ? വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

എല്ലാ മതേതറക്കാര്‍ക്കും സന്തോഷമായില്ലേ…എന്ന തലക്കെട്ടില്‍ പള്ളിക്ക് മുന്നിലൂടെ പോകരുത്, ദുര്‍ഗാപൂജ ഘോഷയാത്രയ്ക്ക് നേരെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ ആക്രമണം.. നിരവധി പേര്‍ക്ക് പരുക്ക് എന്ന പേരിലൊരു വാര്‍ത്തയും സഹിതം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വി ലവ് ഭാരതാംബ എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 155ല്‍ അധികം റിയാക്ഷനുകളും 83ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook Post Archived Link 

എന്നാല്‍ നവരാത്രിയോട് അനുബന്ധിച്ച് നടന്ന ദുര്‍ഗാപൂജ ഘോഷയാത്രയ്ക്ക് നേരെ ഇത്തരത്തിലൊരു ആക്രമണം നടന്നിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ദുര്‍ഗാപൂജ ഘോഷയാത്രയ്ക്ക് നേരെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ ആക്രമണം എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും ജനം ടിവിയാണ്  മലയാളത്തില്‍ ഈ പ്രസിദ്ധീകരിച്ചതെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. ജനം ടിവിയുടെ ഇതെ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ചാണ് ഫെയ്‌സ്ബുക്ക് പോസ്റ്റും പങ്കുവെച്ചിരിക്കുന്നത്.

2020 ഒക്ടോബര്‍ 26നാണ് ജനം ടിവി വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ബല്‍റാംപൂര്‍ ജില്ലയിലെ ഹര്‍ക്കടി എന്ന സ്ഥലത്താണ് സംഭവം നടന്നതെന്നാണ് ജനം ടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദുര്‍ഗാപൂജ ഘോഷയാത്ര കടന്നുപോകവെ പ്രദേശവാസികളായ മുസ്ലിങ്ങള്‍ കല്ലെറിയുകയും ഹിന്ദുക്കളെ മര്‍ദ്ദിക്കുകയും ചെയ്തു എന്നും നിരവധി പേര്‍ക്ക് പരുക്കേറ്റെന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജനം ടിവി വാര്‍ത്ത-

Janam TV Archived Link 

എന്നാല്‍ ഉത്തര്‍പ്രദേശിലെ ബല്‍റാംപൂര്‍ ജില്ലയില്‍ ഇത്തരമൊരു സംഭവം ഈ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് അറിയാന്‍ സ്ഥലത്തിന്‍റെ പേരും സംഭവവും കീ വേര്‍ഡുകളും ഉപയോഗിച്ച് സെര്‍ച്ച് ചെയ്തെങ്കിലും ഇത്തരമൊരു ഒരു അക്രമണത്തെ കുറിച്ച് വാര്‍ത്തകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ പഴയ വാര്‍ത്തകള്‍ പരിശോധിച്ചതില്‍ നിന്നും 2019ല്‍ സമാനമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്താന്‍ കഴിഞ്ഞു. 2019 ഒക്ടോബര്‍ 10ന് ദ് ഇന്ത്യന്‍ എക്‌സ്പ്രസ്  റിപ്പോര്‍ട്ടില്‍ ബല്‍റാംപൂറില്‍ നടന്ന സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദുര്‍ഗാപൂജ ഘോഷയാത്രയ്ക്കിടയില്‍ അമിത ശബ്ദത്തില്‍ പാട്ടു വെച്ചതിനെ തുടര്‍ന്നുണ്ടായതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് പോലീസ് വിശദീകരിക്കുന്നുണ്ട്.

ദ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്-

Indian Express Article Archived Link 

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ-

2020ല്‍ ബല്‍റാംപൂറില്‍ ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് ഉറപ്പ് വരുത്താന്‍ ഞങ്ങളുടെ പ്രതിനിധി ബല്‍റാംപൂര്‍ എഎസ്‌പി അരവിന്ദ് മിശ്രയുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇപ്രകാരമാണ്-

2020ല്‍ ബല്‍റാംപൂറില്‍ ഇത്തരമൊരു സംഭവം നടന്നിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതെന്നും എഎസ്‌പി വ്യക്തമാക്കി.

നിഗമനം

ദുര്‍ഗാപൂജയ്ക്ക് നേരെ തീവ്ര ഇസ്‌ലാമിസ്റ്റുകള്‍ അക്രമം നടത്തിയെന്ന പേരില്‍ പ്രചരിക്കുന്നത് ഒരു വര്‍ഷം പഴക്കമുള്ള വാര്‍ത്തയാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും സ്ഥിരീകരിക്കാന്‍ കഴിഞ്ഞു. അതുകൊണ്ട് പോസ്റ്റ് വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ലക്‌നൗവില്‍ ദുര്‍ഗാപൂജ ഘോഷയാത്രയ്ക്ക് നേരെ ഇസ്ലാമിസ്റ്റുകള്‍ കല്ലെറിഞ്ഞു എന്ന പ്രചരണം സത്യമോ? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False