പ്രചരണം

രണ്ടു വര്‍ഷം മുമ്പ് കൊച്ചിയില്‍ നടത്തപ്പെട്ട ആര്‍പ്പോ ആര്‍ത്തവം എന്ന പരിപാടി ചരിത്രമായിരുന്നു. 2019 ജനുവരി 12, 13 തിയതികളില്‍ കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച പരിപാടിയുടെ പ്രധാന ആകര്‍ഷണം അതിന്‍റെ കവാടത്തില്‍ സ്ത്രീകളുടെ ലൈംഗിക അവയവത്തിന്‍റെ ആകൃതിയില്‍ ഒരുക്കിയ വാതിലായിരുന്നു. ഇത് ഒരുപാട് ചര്‍ച്ചാ വിഷയമാവുകയും ചെയ്തു.

പ്രസ്തുത കവാടത്തിന്റെ ചിത്രം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ മറ്റൊരു വിവരണത്തോടെ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. “ഉറപ്പല്ല അറപ്പാണ് LDF ശബരിമല വിശ്വാസം സംരക്ഷിക്കാന്‍ തെരുവിലിറങ്ങിയ അമ്മ പെങ്ങന്മാരെ അധിക്ഷേപിക്കാന്‍ കേരള ചരിത്രത്തില്‍ ഇതുപോലൊരു തോന്ന്യാസ കവാടം പൊതു ഇടത്തില്‍ ഉണ്ടാക്കിയ LDF നോട്‌ അറപ്പാണ്.”- ഈ വാചകങ്ങളും കവാടത്തിന്റെ ചിത്രവും പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്.

അതായത് ഇത് എല്‍.ഡി.എഫ് സംഘടിപ്പിച്ച പരിപാടി ആണെന്നാണ്‌ പോസ്റ്റില്‍ അവകാശപ്പെടുന്നത്.

archived linkFB post

ഫാക്റ്റ് ക്രെസണ്ടോ പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചു. ഈ പരിപാടിക്ക് എല്‍.ഡി.എഫുമായി യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തുകയും ചെയ്തു.

വസ്തുത ഇങ്ങനെ

ഫേസ്ബുക്കില്‍ പ്രചരണം വ്യാപകമായി തുടങ്ങിയിട്ടുണ്ട്.

ഞങ്ങള്‍ പോസ്റ്റിലെ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ചില വാര്‍ത്തകള്‍ ലഭിച്ചു. വാര്‍ത്തകളില്‍ ഒരിടത്തും ഇത് എല്‍ ഡി എഫിന്‍റെ പരിപാടിയാണെന്ന് പറയുന്നില്ല. ചില വനിതാ സംഘടനകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത് എന്നാണ് വാര്‍ത്തകള്‍ അറിയിക്കുന്നത്.

Mediaone | archived link

ആര്‍പ്പോ ആര്‍ത്തവത്തിന് ഒരു ഫേസ്ബുക്ക് പേജ് ഉണ്ട്. അതിലും ഇതിനു എല്‍ ഡി എഫുമായി എന്തെങ്കിലും ബന്ധം ഉള്ളതായി സൂചനകളൊന്നുമില്ല.

കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനോട് വിശദീകരണം തേടി. അദ്ദേഹം അറിയിച്ചത് ഇങ്ങനെയാണ്: “ഇത് എല്‍.ഡി.എഫ് സംഘടിപ്പിച്ച പരിപാടിയല്ല. എല്‍ ഡി എഫിന് ആ പരിപാടിയുമായി ബന്ധമൊന്നുമില്ല. ചടങ്ങില്‍ മുഖ്യമന്ത്രിക്ക് ക്ഷണമുണ്ടായിരുന്നു എങ്കിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. അല്ലെങ്കില്‍ തന്നെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍ എല്ലാം എല്‍.ഡി.എഫിന്‍റെ മാത്രമായിരിക്കണം എന്നില്ലല്ലോ. ഏതായാലും ഈ പരിപാടി എല്‍ ഡി എഫ് സംഘടിപ്പിച്ചതല്ല എന്ന് ഉറപ്പിച്ചു പറയുന്നു.”

കൂടാതെ ഞങ്ങള്‍ ആര്‍പ്പോ ആര്‍ത്തവം പരിപാടിയുടെ ജനറല്‍ കണ്‍വീനറായിരുന്ന അഭിഭാഷക മായ കൃഷ്ണനോട് ഞങ്ങളുടെ പ്രതിനിധി സംസാരിച്ചു. മായ അറിയിച്ചത് ഇതാണ്: “ഈ പരിപാടിയുടെ സംഘാടകര്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമായി ചിന്തിക്കുന്ന ഒരു കൂട്ടം ആളുകളായിരുന്നു. ശബരിമല വിധി സ്ത്രീകള്‍ക്ക് അനുകൂലമായി വന്നിട്ടും പ്രകൃത്യാല്‍ അവരുടെ ശരീരത്തിലുള്ള ഒരു പ്രതിഭാസത്തിന്‍റെ പേരില്‍ അകറ്റി നിര്‍ത്തുകയും ഭ്രഷ്ട് കല്‍പ്പിക്കുകയും ചെയ്യുന്നതിനെതിരെ പ്രതികരിക്കണമെന്ന് തോന്നി. ഇവിടുത്തെ ഫാസിസ്റ്റ് ചിന്താധാര മാറണം. അതിനുവേണ്ടി പ്രതികരിച്ചേ പറ്റൂ. ശരീരത്തിലെ ഒരു അവയവം എന്ന പരിഗണന പോലും നല്‍കാതെ അവഹേളനയും പരിഹാസവും നല്‍കി മാത്രമാണ് ഭൂരിപക്ഷം പേരും സ്ത്രീയുടെ ലൈംഗിക അവയവത്തെ കാണുന്നത്. ഈ നിലയ്ക്ക് മാറ്റം വരണമെന്ന ചിന്തയിലാണ് ഈ പരിപാടിയില്‍ അങ്ങനെയൊരു കവാടം നിര്‍മ്മിക്കാം എന്ന ആശയം നടപ്പാക്കിയത്. പരിപാടി സംഘടിപ്പിച്ചത് ഇങ്ങനെ വ്യത്യസ്തമായി ചിന്തിക്കുന്ന കുറച്ചുപേര്‍ ചേര്‍ന്നാണ്. അല്ലാതെ എല്‍ ഡി എഫ് ഒന്നുമല്ല. ഞങ്ങള്‍ കഷ്ടപ്പെട്ട് നടത്തിയ പരിപാടിയുടെ ക്രെഡിറ്റ് എന്തിനാണ് മറ്റുള്ളവര്‍ക്ക് നല്‍കുന്നത്...?

സ്ത്രീ ലൈംഗിക അവയവ രൂപത്തില്‍ പ്രവേശന കവാടമൊരുക്കി കൊച്ചിയില്‍ രണ്ടു കൊല്ലം മുമ്പ് സംഘടിപ്പിച്ച ആര്‍പ്പോ ആര്‍ത്തവം എന്ന പരിപാടിക്ക് എല്‍ ഡി എഫുമായി യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. സ്ത്രീ ലൈംഗിക അവയവ രൂപത്തില്‍ പ്രവേശന കവാടമൊരുക്കി കൊച്ചിയില്‍ രണ്ടു കൊല്ലം മുമ്പ് സംഘടിപ്പിച്ച പരിപാടിക്ക് എല്‍ ഡി ഫുമായി യാതൊരു ബന്ധവുമില്ല. പുരോഗമന ചിന്താഗതിക്കാരായ ഒരു കൂട്ടായ്മയിലെ അംഗങ്ങളായിരുന്നു പരിപാടിയുടെ സംഘാടകര്‍.

Avatar

Title:വിചിത്ര രൂപത്തില്‍ നിര്‍മ്മിച്ച ഈ കവാടം എല്‍.ഡി.എഫ് നടത്തിയ പരിപാടിയിലേതല്ല...

Fact Check By: Vasuki S

Result: False