
വിവരണം
ആരു തുണയില്ലാത്ത ഒരു പാവം വയസ്സായ അമ്മക്ക് ഗവർമെന്റ് ആശുപത്രിയില്‍ തറയിൽ ഭക്ഷണം വിളമ്പിയിരിക്കുന്നു.. അധികാരപെട്ടവരുടെ ശ്രദ്ധയിൽ പെടാതെ പോകുന്ന ഇത്തരം കാഴ്ചകൾ ഷെയർ ചെയ്യൂ
ആരോഗ്യവകുപ്പ് മന്ത്രി എവിടെ?
നിങ്ങളെ കൊണ്ട് ആകുന്നത് ഇത് ഷെയർ ചെയ്ത ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുക.. എന്ന തലക്കെട്ട് നല്‍കി ഒരു വൃദ്ധ ആശുപത്രി വരാന്തയിലെ തറയില്‍ വിളമ്പിയ ഭക്ഷണം കഴിക്കുന്ന ചിത്രം കുറച്ച് അധികം നാളുകളായി സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നുണ്ട്. മലയാളത്തിലുള്ള പോസ്റ്റായത് കൊണ്ടും ആരോഗ്യമന്ത്രിയെയും ആരോഗ്യവകുപ്പിനെയും എല്ലാം പോസ്റ്റില്‍ വിമര്‍ശിക്കുന്നതുകൊണ്ടും ഒറ്റനോട്ടത്തില്‍ ഇത് കേരളത്തില്‍ നടന്നതാണെന്ന കരുതി പോസ്റ്റ് പതിനായിരങ്ങളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. കാഴ്ച്ചപ്പാടുകള്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ 2017 ജനുവരി 13നാണ് ഈ ചിത്രം പങ്കുവെച്ചത്. എന്നാല്‍ ഇപ്പോള്‍ 2020ലും വൈറലായി തന്നെ ഈ ചിത്രം ദിവസവും നൂറുകണക്കിനാളുകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്. നിലവില്‍ 7,300ല്‍ അധികം റിയാക്ഷനുകളും 85,000ല്‍ അധികം ഷെയറുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം അഖില്‍ സുരേന്ദ്രന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റ്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ ചിത്രം കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന സംഭവമാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ആശുപത്രിയില്‍ തറയില്‍ രോഗിക്ക് ഭക്ഷണം വിളമ്പി എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ സംഭവത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ ഈ സംഭവം നടന്നിരിക്കുന്നത് കേരളത്തിലല്ല എന്നതാണ് വസ്‌തു. ഝാര്‍ഖണ്ഡിലെ റാഞ്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 2016ല്‍ നടന്ന സംഭവമാണിത്. സെര്‍ച്ച് റിസള്‍ട്ടുകളില്‍ നിന്നും ലഭിച്ച വാര്‍ത്തകളില്‍ നിന്നും 24 ന്യൂസിന്‍റെ വാര്‍ത്ത റിപ്പോര്‍ട്ടാണ് ഞങ്ങള്‍ പരിശോധിച്ചത്. രോഗിക്ക് തറയില്‍ ഭക്ഷണം വിളമ്പയതിന് ഝാര്‍ഖണ്ഡ് ആശുപത്രി അധികൃതരുടെ വിശദീകരണം എന്ന തലക്കെട്ട് നല്‍കിയാണ് വാര്‍ത്ത 24 ന്യൂസ് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്നത്. 60 വയസുകാരിയായ സ്ത്രീ ആശുപത്രിയില്‍ രേഖമൂലം രജിസ്‌ടര്‍ ചെയ്യാത്തതിനാലാണ് ഇവര്‍ക്ക് പാത്രം നല്‍കാഞ്ഞതെന്നാണ് അന്ന് ആശുപത്രി അധികൃതര്‍ നല്‍കിയ വിശദീകരണം. ഒരു മാസത്തോളം ഇവര്‍ക്ക് തറയിലാണ് ഭക്ഷണം നല്‍കിയതെന്നും വാര്‍ത്തയില്‍ പറയുന്നു.
അതെസമയം ഈ സംഭവം 2016ല്‍ നടന്ന് ഒരു വര്‍ഷത്തിന് ശേഷം അതായത് 2017ലാണ് ഇതെ ചിത്രം ഉപയോഗിച്ച് ഫെയ്‌സ്ബുക്കില്‍ പ്രചരണം നടത്തിയിരിക്കുന്നതെന്നതാണ് മറ്റൊരു വസ്‌തുത. 2016ല്‍ ഝാര്‍ഖണ്ഡിലെ റാഞ്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന മനുഷ്യത്വരഹിതമായ ഒരു പ്രവര്‍ത്തിയുടെ ചിത്രം 2017ല്‍ കേരളത്തില്‍ എന്ന് തോന്നിക്കും വിധമാണ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നതെന്ന് വ്യക്തം.
ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട്-

24 ന്യൂസ് റിപ്പോര്‍ട്ട്-

നിഗമനം
ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ 2016ല്‍ നടന്ന ഒരു സംഭവത്തിന്‍റെ ചിത്രമാണ് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്നതെന്ന് തോന്നിക്കും വിധം പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:തറയില്‍ വിളമ്പിയ ഭക്ഷണം കഴിക്കുന്ന രോഗിയുടെ ഈ വൈറല്‍ ചിത്രം കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലെയോ?
Fact Check By: Dewin CarlosResult: False
