Prophet comment row: റാഞ്ചിയില്‍ കലാപത്തെ തുടര്‍ന്ന് മരിച്ചവരുടെ ചിത്രങ്ങളല്ല ഇത്... സത്യമറിയൂ...
നൂപുർ ശർമയുടെ വിവാദ പരാമർശത്തെ തുടർന്ന് പല സംസ്ഥാനങ്ങളിലും കലാപങ്ങൾ നടക്കുകയുണ്ടായി. കലാപത്തെ തുടർന്നുണ്ടായ സംഭവങ്ങളില്‍, റാഞ്ചിയിൽ പോലീസ് വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു എന്നൊരു പ്രചരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്.
പ്രചരണം
പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് നൂപുർ ശർമ നടത്തിയ പരാമർശത്തിന് ശേഷം റാഞ്ചിയിൽ നടന്ന പ്രതിഷേധത്തിൽ പോലീസ് വെടിവെപ്പിൽ മരിച്ചവരുടെ ചിത്രങ്ങളാണ് എന്ന് അവകാശപ്പെടുന്ന ഫോട്ടോയാണ് പ്രചരിക്കുന്നത്.
ബിജെപി വക്താവ് നൂപുര്‍ ശര്‍മയുടെ വിവാദ പരാമര്‍ശത്തിന് പിന്നാലെ റാഞ്ചിയില്‍ നടന്ന അക്രമവും പോലീസ് വെടിവയ്പ്പുമായി പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും പഴയ ചിത്രങ്ങള്‍ ഉപയോഗിച്ച് തെറ്റായ പ്രചരണമാണ് നടത്തുന്നതെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇങ്ങനെ
വാര്‍ത്തയുമായി ബന്ധപ്പെട്ട കീവേഡുകൾ ഉപയോഗിച്ച് ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ, ഏതാണ്ട് 2020 ഓഗസ്റ്റ് മുതല്‍ ഇതേ ചിത്രങ്ങൾ ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തിട്ടുള്ളതായി കണ്ടെത്തി. 2020 ഓഗസ്റ്റിൽ ബെംഗളൂരുവിൽ നടന്ന പ്രതിഷേധത്തിന്‍റെ ഭാഗമായാണ് മൂന്ന് പേർ കൊല്ലപ്പെട്ടതെന്ന് ആ പോസ്റ്റുകൾ അവകാശപ്പെടുന്നു. അതിനാൽ, ചിത്രങ്ങൾ പഴയതാണ് എന്ന് ഉറപ്പിക്കാം. മുഹമ്മദ് നബിയെക്കുറിച്ച് നൂപുർ ശർമ്മയുടെ സമീപകാല വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളുമായി ഈ ചിത്രങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. സമാന ചിത്രങ്ങൾ ഉൾപ്പെടുന്ന 2020-ലെ പോസ്റ്റുകൾ കാണാം.
പ്രസക്തമായ കീവേഡുകൾ സഹിതം ഞങ്ങൾ ഗൂഗിളിൽ തിരഞ്ഞപ്പോൾ, 2020-ലെ സംഭവവുമായി ബന്ധപ്പെട്ട് നിരവധി ലേഖനങ്ങൾ ഞങ്ങൾ കണ്ടെത്തി. ബിബിസി പ്രസിദ്ധീകരിച്ച വാര്‍ത്ത പ്രകാരം മുഹമ്മദ് നബിയെ നിന്ദിച്ച് ബംഗളൂരുവിലെ ഒരു പ്രാദേശിക രാഷ്ട്രീയ നേതാവ് നടത്തിയ ഫേസ്ബുക്ക് പോസ്റ്റിനെതിരെ മുസ്ലീം മത വിഭാഗത്തില്‍ പെട്ട ഒരു സംഘം പ്രതിഷേധിച്ചു.
ജനക്കൂട്ടം വാഹനങ്ങൾക്ക് തീയിടുകയും പോലീസുകാരെ ആക്രമിക്കുകയും ചെയ്തതോടെ പോലീസ് ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തു; വെടിവയ്പ്പില്‍ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാഷ്ട്രീയ നേതാവിന്‍റെ വീടിനും ബെംഗളൂരുവിലെ പോലീസ് സ്‌റ്റേഷനും പുറത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടിയതിനെ തുടർന്നാണ് അക്രമം ആരംഭിച്ചത്. എന്നാൽ, വെടിവെപ്പിൽ കൊല്ലപ്പെട്ട മൂന്നുപേരും വെറും കാഴ്ചക്കാരാണെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ പറഞ്ഞു.
മുഹമ്മദ് നബിയെ കുറിച്ചുള്ള നൂപുർ ശർമ്മയുടെ പരാമർശത്തിനെതിരായ പ്രതിഷേധത്തിനിടെ ഝാര്‍ഘണ്ഡിലെ റാഞ്ചിയില്‍ പ്രതിഷേധകരും പോലീസുമായി സംഘര്‍ഷം ഉണ്ടായിരുന്നു.
രണ്ടുപേര്‍ കൊല്ലപ്പെട്ടു എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ പോസ്റ്റില്‍ നല്കിയിരിക്കുന്ന ചിത്രങ്ങള്‍ക്ക് റാഞ്ചി സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. മുഹമ്മദ് നബിയെ കുറിച്ചുള്ള വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് നടന്ന കലാപത്തില്‍ ഝാര്‍ഘണ്ഡിലെ റാഞ്ചിയില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളല്ല ഇത്. കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ ബാംഗ്ലൂരില്‍ 2020 ല്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)
Title:Prophet comment row: റാഞ്ചിയില്‍ കലാപത്തെ തുടര്‍ന്ന് മരിച്ചവരുടെ ചിത്രങ്ങളല്ല ഇത്... സത്യമറിയൂ...
Fact Check By: Vasuki SResult: Partly False