
ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്‍റെ തീയതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഡിസംബർ ഒന്നിന് ആരംഭിക്കുന്ന തിരഞ്ഞെടുപ്പ് അഞ്ചാം തീയതി വരെ തുടരും രണ്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് പൂർത്തിയാവുക. രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. ആം ആദ്മി പാർട്ടിയും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ്.
തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം പ്രധാനമന്ത്രി മോദി ഗുജറാത്തില്‍ നടത്തുന്ന പ്രൗഢമായ റാലി എന്നു സൂചിപ്പിച്ച് ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്
പ്രചരണം
അനവധി കാറുകൾ റോഡിലൂടെ ഒഴുകി നീങ്ങുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ദൃശ്യങ്ങളില്‍ കാറുകള്‍ റാലിയായി പോകുന്നത് കാണാം. ബിജെപി പതാകയുമേന്തിയാണ് പല വാഹനങ്ങളും നീങ്ങുന്നത്. പുറത്തേയ്ക്ക് നോക്കി ആവേശപൂർവം മുദ്രാവാക്യം വിളിക്കുന്ന പ്രവര്‍ത്തകരെയും കാണാം. മോദിയുടെ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തേക്കുള്ള പ്രൗഢ ഗംഭീരമായ കടന്നുവരവാണ് എന്നു സൂചിപ്പിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: “തിരഞ്ഞെടുപ്പ് ഗുജറാത്തിൽ ആകുമ്പോൾ പ്രചാരണത്തിനും അതിന്റെതായ പവർ ഉണ്ടാകും 👍 🥰”
കാർ റാലി ബിജെപിയുടേത് തന്നെയാണ് എങ്കിലും ഗുജറാത്തുമായോ ഗുജറാത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പുമായോ ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവും ഇല്ലെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.
വസ്തുത ഇങ്ങനെ
ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളിൽ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ 2021 അപ്‌ലോഡ് ചെയ്ത ചില യൂട്യൂബ് വീഡിയോകള്‍ ലഭിച്ചു. ഇതേ വീഡിയോ തന്നെയാണ് ലഭ്യമായത്. ബിജെപി നേതാവ് നരേന്ദ്ര ഭാട്ടിയുടെ ഡൽഹി റാലി എന്നാണ് ഒന്നിന്‍റെ അടിക്കുറിപ്പ്. 2021 നവംബർ 25 നാണ് വീഡിയോ പോസ്റ്റു ചെയ്തിട്ടുള്ളത്. ലഖ്നൌവിലെ ശക്തനായ സാമാജ് വാദി പാര്‍ട്ടി നേതാവായിരുന്ന നരേന്ദ്ര സിംഗ് ഭാട്ടി 2021 നവംബര്‍ 17 നാണ് പാര്‍ട്ടി വിട്ട് ബിജെപിയിൽ ചേർന്നത്.
ബിജെപി റാലി എന്ന അടിക്കുറിപ്പോടെയാണ് പലരും ഈ വീഡിയോ യൂട്യൂബിൽ പങ്കു വച്ചിട്ടുള്ളത്. എന്നാല്‍ ഈ വീഡിയോയെ പറ്റി കൂടുതൽ എന്തെങ്കിലും വിവരങ്ങൾ ലഭ്യമായിട്ടില്ല. ഏതായാലും 2021 നവംബർ മുതൽ പ്രചരിക്കുന്ന ഈ വീഡിയോയ്ക്ക് ഗുജറാത്തിൽ ഇപ്പോൾ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2022 തെരെഞ്ഞെടുപ്പില്‍ ഇത്തരത്തില്‍ കാര്‍ റാലി നടത്തിയതായി വാര്‍ത്തകളില്ല. ഇക്കാര്യം ഞങ്ങളുടെ ഗുജറാത്ത് ടീം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ 2022 ഗുജറാത്ത് നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ വാര്‍ത്താ വീഡിയോകള്‍ യുട്യൂബ് പോലെയുള്ള മാധ്യമങ്ങളില്‍ ലഭ്യമാണ്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. ഡിസംബറിൽ നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്ര മോദി ഗുജറാത്തിൽ എത്തുന്ന ദൃശ്യങ്ങളാണിത് എന്ന പ്രചരണം പൂർണമായി തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ വീഡിയോ 2021 നവംബർ മുതൽ ഇന്‍റർനെറ്റില്‍ ലഭ്യമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:കാര്‍ റാലിയുടെ ഈ പഴയ വീഡിയോയ്ക്ക് ഗുജറാത്ത് 2022 നിയമസഭാ തെരെഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല…
Fact Check By: Vasuki SResult: False
