ഖത്തറിൽ നടക്കുന്ന ഫിഫ ഫുട്ബോൾ ലോകകപ്പ് 2022 ആരംഭിച്ചത് മുതൽ, ടൂർണമെന്‍റിന്‍റെ ചിത്രങ്ങളും വീഡിയോകളും മാത്രമല്ല, ചില രാഷ്ട്രീയ ചര്‍ച്ചകളും സാമൂഹ്യ മാധ്യമങ്ങളില്‍ ചൂടുപിടിക്കുന്നുണ്ട്. ഇതിനിടയിൽ പാലസ്തീനെ പിന്തുണച്ച് ഗാനമാലപിക്കുന്നതും പലസ്തീൻ പതാകകൾ വീശുന്നതും കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പ്രചരണം

ഖത്തർ സ്റ്റേഡിയം മുഴുവൻ പാലസ്തീനെ പിന്തുണച്ച് ഒറ്റക്കെട്ടായി ഗാനമാലപിച്ചുവെന്നാണ് വീഡിയോ ദൃശ്യങ്ങള്‍ അവകാശപ്പെടുന്നത്. വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ: ഇപ്രാവശ്യത്തെ ലോക കപ്പിൽ...

വളരെ മനോഹരമായി കാണികൾ പാടിത്തുടങ്ങി..

ഖത്തറിൽ ഏറ്റവും കൂടുതൽ മുഴങ്ങി കേട്ടത്,

പലസ്തീൻ സ്വാതന്ത്രം..

സഹോദര സ്നേഹവും കരുതലും ലോകം എന്നും എപ്പോഴും കടപ്പെട്ടിരിക്കും..💚🖤

FB postarchived link

എന്നാല്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് ഫിഫ ലോകകപ്പ് 2022 മായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി

വസ്തുത ഇങ്ങനെ

വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിക്കൊണ്ടാണ് ഞങ്ങൾ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് ഒരു യുട്യൂബ് വീഡിയോ ലഭിച്ചു. പ്രചരിക്കുന്ന അതേ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

2019 ഒക്ടോബർ 5-ന് പോസ്റ്റ് ചെയ്ത വീഡിയോയുടെ തലക്കെട്ട്, "മൊറോക്കൻ ഫുട്ബോൾ ആരാധകർ പലസ്തീന് ഐക്യദാർഢ്യം അറിയിക്കുന്നു" എന്നാണ്.

വിവരണമനുസരിച്ച്, മൊറോക്കോയിലെ കാസബ്ലാങ്ക ആസ്ഥാനമായുള്ള രാജാ കാസബ്ലാങ്ക എന്ന ഫുട്ബോൾ ക്ലബ്ബിന്‍റെ ആരാധകർ പലസ്തീൻ ക്ലബ്ബായ ഹിലാൽ അൽ-ഖുദ്‌സിനെതിരായ മത്സരത്തിൽ പലസ്തീനെ പിന്തുണച്ച് ഗാനമാലപിക്കുന്ന ദൃശ്യങ്ങളാണിത്. വീഡിയോ 25 സെപ്റ്റംബർ 2019 മുതല്‍ പ്രചരിക്കുന്നുണ്ട്.

ഈ സൂചന ഉപയോഗിച്ച് ഞങ്ങൾ കീവേഡ് അന്വേഷണം നടത്തിയപ്പോള്‍ മൊറോക്കോ വേൾഡ് ന്യൂസിന്‍റെ ഒരു വാർത്താ റിപ്പോര്‍ട്ട് ലഭിച്ചു. പലസ്തീൻ ടീമായ ഹിലാൽ അൽ-ഖുദ്‌സിനെതിരെ അവരുടെ ടീമിന്‍റെ മത്സരത്തിൽ രാജാ കാസബ്ലാങ്കയുടെ പിന്തുണക്കാർ പലസ്തീന് പിന്തുണ അറിയിച്ചു.

ആരാധകർ 90 മിനിറ്റിലധികം “പാലസ്‌തീൻ, പാലസ്‌തീൻ”, “ഗാസ, ഞങ്ങൾ നിങ്ങളെ ഒരിക്കലും നിരാശരാക്കില്ല” എന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. ഫലസ്തീൻ ടീം ഗോൾകീപ്പർ റാമി ഹമാദ കളിയുടെ മധ്യത്തിൽ കുറച്ച് നിമിഷങ്ങൾ കാണികൾക്കൊപ്പം ആഹ്ളാദം പങ്കുവച്ചു.

ഞങ്ങൾ മൊറോക്കോയിലെ കാസബ്ലാങ്കയുടെ മുഹമ്മദ് വി സ്റ്റേഡിയത്തിനായി തിരഞ്ഞപ്പോള്‍, ഗൂഗിൾ മാപ്പിൽ സ്റ്റേഡിയത്തിന്‍റെ സ്ഥാനം കണ്ടെത്തി. വൈറലായ വീഡിയോയുടെ സ്‌ക്രീൻ ഗ്രാബും ഗൂഗിൾ മാപ്പിൽ കാണുന്ന ചിത്രവും തമ്മിലുള്ള താരതമ്യം താഴെ കാണാം.

മൊറോക്കോയിലെ കാസാബ്ലാങ്കായിലെ മുഹമ്മദ് വി സ്റ്റേഡിയത്തിൽ രാജാ കാസബ്ലാങ്കയും ഹിലാൽ അൽ ഖുദ്‌സും തമ്മിൽ നടന്ന 2019 ലെ മുഹമ്മദ് ആറാമൻ ഫുട്‌ബോൾ കപ്പ് മത്സരത്തിൽ പലസ്തീൻ അനുകൂല ഗാനം പാടുന്ന ദൃശ്യങ്ങളാണ് ഫിഫ ലോകകപ്പിന്‍റെ പേരില്‍ പ്രചരിക്കുന്നത്.

ഇതേ ഫാക്റ്റ് ചെക്ക് ഇംഗ്ലിഷില്‍ വായിക്കാം:

Video From Morocco Shared As Fans Singing In Support Of Palestine During FIFA World Cup

നിഗമനം

വൈറൽ വീഡിയോയ്‌ക്കൊപ്പം കൊടുത്തിളുള്ള അവകാശവാദം തെറ്റാണ്. വൈറലായ വീഡിയോ ഖത്തറിലെ ഫിഫ ലോകകപ്പ് മല്‍സരത്തില്‍ നിന്നുള്ളതല്ല. മൊറോക്കോയിലെ മുഹമ്മദ് വി സ്റ്റേഡിയത്തിൽ 2019 ല്‍ നടന്ന സംഭവമാണിത്. പലസ്തീൻ ടീമായ ഹിലാൽ അൽ-ഖുദ്‌സിനെതിരെ മത്സരത്തിൽ രാജാ കാസബ്ലാങ്കയുടെ ആരാധകർ പലസ്തീനെ അനുകൂലിച്ച് ഗാനാലാപനം നടത്തുന്ന ദൃശ്യങ്ങളാണിത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഫിഫ ലോകകപ്പിനിടെ പാലസ്തീനെ പിന്തുണച്ച് ആരാധകർ ഗാനമാലപിക്കുന്നു: വീഡിയോയുടെ സത്യമിതാണ്...

Fact Check By: Vasuki S

Result: Misleading