ഉത്തർപ്രദേശിൽ സവര്‍ണര്‍ ദളിത സമുദായത്തില്‍ നിന്നുള്ള ഒരാളെ അതിക്രൂരമായി മര്‍ദ്ദിക്കുന്നുവെന്ന് അവകാശപ്പെട്ട് അസ്വസ്ഥജനകമായ വീഡിയോ വൈറലാകുന്നുണ്ട്.

പ്രചരണം

മൂന്ന് പേർ ഇരുമ്പ് ദണ്ഡ് കൊണ്ട് ഒരാളെ നിഷ്കരുണം മർദിക്കുന്നത് വീഡിയോയിൽ കാണാം. മര്‍ദ്ദിക്കുന്നവര്‍ ആക്രോശിക്കുമ്പോള്‍ ഇരയായയാള്‍ വേദന കൊണ്ട് ഉച്ചത്തില്‍ നിലവിളിച്ച് നിസ്സഹായത പ്രകടിപ്പിക്കുന്നു. ഉത്തര്‍പ്രദേശില്‍ ബി‌ജെ‌പിക്കാരായ സവര്‍ണര്‍ ഇങ്ങനെയാണ് താണ ജാതിയില്‍പ്പെട്ടവരോട് പെരുമാറുന്നത് എന്നാരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*😡ഇത്‌ U_P_യിൽ👆

കേരളത്തിൽ B_J_P_ഭരണം വരാൻ ആഗ്രഹിക്കുന്നവരും,

ഞാനും സവർണ്ണനാകണമെന്ന് നാഴികക്ക് നാൽപ്പതു വട്ടം പറഞ്ഞു നടക്കുന്ന, ജാതിയിൽ താഴ്ന്ന കോപ്പി അടിക്കുന്ന അണ്ണൻമാരും ..........

കണ്ണ് നിറയെ ഒന്ന് കണ്ടേക്കൂ.. 👌🤝*”

FB postarchived link

എന്നാല്‍ ഈ വീഡിയോ ഉത്തര്‍പ്രദേശില്‍ നിന്നുള്ളതല്ലെന്നും സംഭവത്തിന് സവര്‍ണ്ണ-ദളിത് തലങ്ങളില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങൾ ഗൂഗിളിൽ കീവേഡുകള്‍ ഉപയോഗിച്ചും റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയും നോക്കിയപ്പോള്‍ 2023 ഫെബ്രുവരി 21 ന് ഹിന്ദുസ്ഥാൻ ടൈംസ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് ലഭിച്ചു.

“പഞ്ചാബിലെ സുനമിൽ കള്ളവാറ്റുകാര്‍ 35 വയസ്സുകാരനെ ആക്രമിക്കുന്നു” എന്ന തലക്കെട്ടിലാണ് റിപ്പോര്‍ട്ട്. വൈറലായ വീഡിയോയുടെ സ്‌ക്രീൻഷോട്ടും റിപ്പോർട്ടിലുണ്ട്. സുനമിലെ ജഗത്പുര ബസ്തി നിവാസിയായ സോനു കുമാറിന്‍റെ കാലുകൾ, കൈകൾ, വിരലുകൾ തുടങ്ങി ശരീരഭാഗങ്ങളില്‍ ഡസൻ കണക്കിന് മുറിവുകളും പന്ത്രണ്ടിലധികം ഒടിവുകളും ഉണ്ടായിട്ടുണ്ടെന്ന് അതിൽ പരാമർശിക്കുന്നു. പ്രതികളുടെ കള്ളവാറ്റിനെതിരെ പോലീസിന് രഹസ്യ വിവരം കൈമാറുന്നയാളാണ് ഇര എന്ന സംശയമാണ് ആക്രമണത്തിന് പിന്നില്‍. പ്രതികൾക്കെതിരെ അബ്കാരി നിയമപ്രകാരം നിരവധി കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു. മുഖ്യപ്രതി മണി സിംഗിനെതിരെ ആകെ 10 എഫ്ഐആറുകളുണ്ട്. അതിൽ മൂന്നെണ്ണം എക്സൈസ് നിയമപ്രകാരമാണ്. ആറ് പ്രതികൾക്കെതിരെയും പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. മൂർച്ചയുള്ള വാള്‍ ഘടിപ്പിച്ച ഇരുമ്പ് ദണ്ഡുകള്‍ ഉപയോഗിച്ചാണ് പ്രതികള്‍ ഇരയെ ആക്രമിച്ചത്. സംഭവത്തിന്‍റെ മുഴുവൻ ദൃശ്യങ്ങളും അവർ പകർത്തുകയും ചെയ്തു. കള്ളവാറ്റിനെതിരെ പോലീസ് വിവരം നൽകുന്നയാളാണെന്ന് സംശയിച്ചാണ് ഇവർ ആക്രമണം നടത്തിയത്. പ്രതിയായ സുനം സ്വദേശി കുൽദീപ് സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു, മറ്റ് അഞ്ച് പ്രതികളായ ജഗത്പുര ബസ്തിയിൽ താമസിക്കുന്ന മണി സിംഗ്, സുനം നിവാസികളായ അമരിക് സിംഗ്, ലവി സിംഗ്, മൽകീത് കൗർ, ഗോപാൽ സിംഗ് എന്നിവർ ഒളിവിലാണ്.

ഫെബ്രുവരി 21 ലെ ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് പ്രകാരം പഞ്ചാബിലെ സംഗ്രൂർ ജില്ലയിൽ ഞായറാഴ്ച (ഫെബ്രുവരി 19) 37 കാരനെ വ്യക്തിവൈരാഗ്യത്തിന്‍റെ പേരിൽ മർദിച്ചതിന് ആറ് പേരിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

ഇരയായ 37 കാരന്‍ സോനു കുമാർ പിതാവിന്‍റെ വീട്ടിൽ നിന്ന് ഒരു ഗീസർ കൊണ്ടുവരാൻ മകനോടൊപ്പം മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു. അവർ ബാജിഗർ ബസ്തിയിൽ എത്തിയപ്പോൾ, പ്രതികളിലൊരാളായ മണി സിംഗിന്‍റെ അമ്മ, "സോനുവിനെ ഒരു പാഠം പഠിപ്പിക്കാൻ" ആളെ കൂട്ടി, തുടര്‍ന്ന് ഇരുമ്പുവടി കൊണ്ട് ആക്രമിക്കുകയായിരുന്നു.

സുനം സിറ്റി പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) അജയ് കുമാറിന്‍റെ പ്രസ്താവന ഉൾപ്പെടുത്തി ഫെബ്രുവരി 20-ന് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടും ഞങ്ങൾ കാണാനിടയായി. ഫെബ്രുവരി 15 നാണ് സംഭവം നടന്നതെന്നും മണി സിംഗും അമ്മയും ഉൾപ്പെടെ ആറ് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു, പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലഭ്യമായ വിവരങ്ങളില്‍ നിന്നും പഞ്ചാബിലെ സംഗ്രൂർ ജില്ലയിൽ നിന്നുള്ള വ്യക്തിവൈരാഗ്യത്തിന്‍റെ പേരിലുള്ള പഴയ സംഭവമാണിത്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. ഉത്തർപ്രദേശിൽ സവര്‍ണര്‍ താണ ജാതിക്കാരനെ മര്‍ദ്ദിക്കുന്നു എന്നവകാശപ്പെട്ട് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ പഞ്ചാബിലെ സംഗ്രൂര്‍ ജില്ലയില്‍ നിന്നുള്ളതാണ്. കള്ളവാറ്റിനെതിരെ പോലീസിന് രഹസ്യ വിവരം കൈമാറിയെന്ന് സംശയിച്ചാണ് പ്രതികള്‍ ഇരയെ ആക്രമിച്ചത്. ഉത്തര്‍പ്രദേശുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. സംഭവ്ത്തിന് സാമുദായിക തലങ്ങളുമില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പഞ്ചാബില്‍ കള്ളവാറ്റുകാര്‍ ഒരാളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഉത്തര്‍പ്രദേശിന്‍റെ പേരില്‍ സാമുദായികതലങ്ങള്‍ ചേര്‍ത്ത് പ്രചരിപ്പിക്കുന്നു...

Fact Check By: Vasuki S

Result: False