
ഒഡീഷയില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടെ ആക്രമണത്തിന് തുടക്കമിട്ട മുസ്ലിങ്ങളെ ഹിന്ദുക്കള്‍ നേരിടുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഹെല്‍മറ്റ് ധരിച്ച് മൊബൈല്‍ ഗയിം മോഡലില്‍ തോക്കില്‍ നിന്നും തീതുപ്പുന്ന വെടിയുതിര്‍ത്തു കൊണ്ട് ഒരാള്‍ മുന്നോട്ട് നീങ്ങുന്ന ദൃശ്യങ്ങള്‍, ദീപാവലി ആഘോഷിച്ച ഹിന്ദുക്കളെ ഒരുകൂട്ടം മുസ്ലിങ്ങള്‍ ആക്രമിച്ചുവെന്നും ഇതിന് തിരിച്ചടിയായി ഹിന്ദുക്കള്‍ ‘ടെര്‍മിനേറ്റര്‍’ മാതൃകയില്‍ പ്രത്യാക്രമണം നടത്തിയെന്നും ആരോപിച്ച് പ്രചരിപ്പിക്കുന്നുണ്ട്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഒഡീഷയിൽ സംഭവിച്ചത്, ദീപാവലി ആഘോഷിക്കുന്ന ഹിന്ദുക്കളെ മുസ്ലീങ്ങൾ ആക്രമിച്ചു,
എന്നാൽ ഒടിയ ഹിന്ദുക്കൾ ഇങ്ങനെയാണ് തിരിച്ചടിച്ചത്
ടെർമിനേറ്റർ മോഡൽ !“
പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വീഡിയോ ആറുവര്‍ഷം പഴയതാണെന്നും ദൃശ്യങ്ങളിലേത് ഹിന്ദു-മുസ്ലിം സംഘര്‍ഷമല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
വീഡിയോ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ ഈ വീഡിയോ പലരും പങ്കുവെച്ചതായി കാണാന്‍ കഴിഞ്ഞു. ഒഡീഷയില്‍നിന്നുള്ള പഴയ ദൃശ്യങ്ങളാണിതെന്ന് പല കമന്‍റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ വീഡിയോ 2018 നവംബര്‍ 10ന് ഒരു യൂട്യൂബ് ചാനലില്‍ പങ്കുവെച്ചതായി കണ്ടെത്തി.
യൂട്യൂബിലെ വീഡിയോയ്ക്ക് നല്‍കിയ തലക്കെട്ടില്‍ വിംസര്‍ ഹോസ്റ്റല്‍ എന്ന പരാമര്‍ശമുണ്ട്. ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഒഡീഷയിലെ വീര്‍ സുരേന്ദ്രസായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ചിലെ വിദ്യാര്‍ത്ഥികളുടെ ദീപാവലി ആഘോഷങ്ങളുടെ ദൃശ്യങ്ങളാണിത്. എല്ലാ വര്‍ഷവും സമാനമായ രീതിയില്‍ ത്തന്നെയാണ് വീദ്യാര്‍ഥികള്‍ ദീപാവലി ആഘോഷിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് അറിയിക്കുന്നത്.
റോക്കറ്റ് പടക്കവുമായി വിംസര്‍ മെഡിക്കല്‍ കോളജിലെ ഹോസ്റ്റലിലെ ആണ്‍കുട്ടികളാണ് ഓണ്‍ലൈന്‍ ഗെയിമിന്‍റെ മാതൃകയില്‍ അനുകരണം നടത്തുന്നത്. അപകടം ഉണ്ടായേക്കാവുന്ന തരത്തിലാണ് ആഘോഷം എങ്കിലും ഇതില്‍ വര്‍ഗീയമായ തലങ്ങളുള്ളതായി റിപ്പോര്‍ട്ടുകളില്ല.
യൂട്യൂബില്‍ നടത്തിയ പരിശോധനയില്‍ കനക് ന്യൂസ് എന്ന ഓണ്‍ലൈന്‍ ചാനലിന്‍റെ പേജില്‍ സമാന ദൃശ്യങ്ങളും കണ്ടെത്തി.
പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് സമാനമായ ദൃശ്യങ്ങള്‍ ഇതേ രീതിയില്‍ ഈ വര്‍ഷവും ദീപാവലി ആഘോഷിച്ചതിന്‍റെയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രചരിക്കുന്ന ദീപാവലി ആഘോഷത്തിന്‍റെ ദൃശ്യങ്ങള്‍ക്ക് പിന്നില്‍ ഹിന്ദു-മുസ്ലിം വര്‍ഗീയ തലങ്ങളില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
വീഡിയോയുടെ ഒപ്പം നല്കിയിരിക്കുന്ന അടിക്കുറിപ്പ് തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഓഡിഷയിലെ വീര്‍ സുരേന്ദ്രസായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ചിലെ വിദ്യാര്‍ത്ഥികളുടെ ദീപാവലി ആഘോഷങ്ങളുടെ 2018 ലെ ദൃശ്യങ്ങളാണിത്. മൊബൈല്‍ ഗെയിം മോഡലില്‍ ഇവര്‍ റോക്കറ്റ് പടക്കം ഉപയോഗിച്ച് ആഘോഷം നടത്തുന്ന ദൃശ്യങ്ങള്‍ക്ക് യാതൊരു വര്‍ഗീയ തലങ്ങളുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ഒഡീഷയീല്‍ വിദ്യാര്‍ത്ഥികള്‍ ദീപാവലി ആഘോഷിക്കുന്ന പഴയ വീഡിയോ വര്‍ഗീയ തലങ്ങളോടെ പ്രചരിപ്പിക്കുന്നു…
Fact Check By: Vasuki SResult: False
